നോട്ട് അസാധുവാക്കല്‍: മീഡിയം, ഹെവി വാണിജ്യ വാഹന വില്‍പ്പന കുറഞ്ഞു

നോട്ട് അസാധുവാക്കല്‍: മീഡിയം,  ഹെവി വാണിജ്യ വാഹന വില്‍പ്പന കുറഞ്ഞു

 

ന്യൂഡെല്‍ഹി: മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന നവംബറില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ ഇടിഞ്ഞതായി റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ സമ്പത്തിക വര്‍ഷം മുഴുവനും വളര്‍ച്ച മന്ദതയിലായിരിക്കുമെന്നും അവര്‍ പറഞ്ഞു. ക്രിസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എല്ലാ വിഭാഗത്തിലും പെട്ട വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന നവംബറില്‍ 40000 യൂണിറ്റിനു താഴെയായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

വാഹന ഉടമകളുടെ ചെലവില്‍ പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ ടോള്‍ ചാര്‍ജില്‍ ഉള്‍പ്പെടും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ചരക്ക് ഗതാഗതം കുറഞ്ഞത് വരുമാനം ഇടിയുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, ടോള്‍ പിരിവില്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം ഇളവ് ഏര്‍പ്പെടുത്തിയത് പിടിച്ചു നില്‍ക്കാന്‍ സഹായിച്ചു. ഈ മാസവും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ അതിന്റെ പ്രതിഫലനം ജനുവരിയില്‍ കാണാന്‍ സാധിക്കും. മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയെ ഈ സാമ്പത്തിക വര്‍ഷം മുഴുവനും അതു മോശമായി ബാധിക്കും-ക്രിസില്‍ സീനിയര്‍ ഡയറക്റ്റര്‍ പ്രസാദ് കോപാര്‍ക്കാര്‍ പറഞ്ഞു.
ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ എംഎച്ച്‌സിവി വില്‍പ്പന 1.30 ഉയര്‍ന്ന് 1,63,598 യൂണിറ്റില്‍ എത്തിയിരുന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ച്ചേഴ്‌സ് (സിയാം) വ്യക്തമാക്കി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എംഎച്ച്‌സിവി വില്‍പ്പന രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് സിയാം നേരത്തെ കണക്കുകൂട്ടിയിരിന്നു.
ഡിസംബര്‍ നാല് മുതല്‍ ടോള്‍ പിരിവിലെ ഇളവുകള്‍ പിന്‍വലിച്ചത് ചരക്ക് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ക്രിസില്‍ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നില തുടര്‍ന്നാല്‍ സ്‌പോട്ട് മാര്‍ക്കറ്റുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാവും ഉണ്ടാവുകയെന്നും ക്രിസില്‍ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto