കോള്‍ ഡ്രോപ്: വോഡഫോണ്‍, എയര്‍ടെല്‍, ജിയോ പ്രതിനിധികളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് ട്രായ്

കോള്‍ ഡ്രോപ്:  വോഡഫോണ്‍, എയര്‍ടെല്‍, ജിയോ പ്രതിനിധികളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് ട്രായ്

 

ന്യൂ ഡെല്‍ഹി : റിലയന്‍സ് ജിയോയില്‍നിന്ന് എയര്‍ടെല്‍, വോഡഫോണ്‍ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ഫോണ്‍വിളി മുറിയുന്നത് സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് വോഡഫോണ്‍, എയര്‍ടെല്‍, ജിയോ പ്രതിനിധികളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍എസ് ശര്‍മ. ഇതേക്കുറിച്ച് ട്രായ്ക്ക് ഇപ്പോഴും ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടുത്തയാഴ്ചയാണ് യോഗം ചേരുകയെന്ന് ചെയര്‍മാന്‍ അറിയിച്ചു.
പിഴയോ നഷ്ടപരിഹാരമോ നിര്‍ദേശിക്കുക മാത്രമല്ല ട്രായ് യുടെ ജോലിയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ഫ്രീ ഡാറ്റ’ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കും. നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച കണ്‍സല്‍ട്ടേഷന്‍ പേപ്പറും ഉടന്‍ അവതരിപ്പിക്കും. കണ്‍സല്‍ട്ടേഷന്‍ പേപ്പര്‍ തയാറാക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹായം ട്രായ് തേടിയിരുന്നു.

ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഉടന്‍ പുറത്തിറക്കും. റിലയന്‍സ് ജിയോ പുതിയ താരിഫ് പ്ലാന്‍ സമര്‍പ്പിക്കുന്നപക്ഷം അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍കണക്റ്റ് പാകപ്പിഴകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഐഡിയ ആണ്. ഐഡിയയില്‍നിന്നുള്ള ഒരു കോളുപോലും ഇപ്പോള്‍ മുറിയുന്നില്ല. എയര്‍ടെല്ലിന്റെ കാര്യത്തില്‍ ആകെയുള്ള 22 സര്‍ക്കിളുകളില്‍ ഏഴെണ്ണത്തില്‍ കോള്‍ മുറിയല്‍ നിരക്ക് 0.5 ശതമാനമാണെന്നും ഇക്കാര്യത്തില്‍ വോഡഫോണാണ് പിന്നില്‍ നില്‍ക്കുന്നതെന്നും ആര്‍എസ് ശര്‍മ പറഞ്ഞു.
ജിയോ നെറ്റ്‌വര്‍ക്കില്‍നിന്ന് വോഡഫോണിലേക്കുള്ള കോള്‍മുറിയല്‍ 14 സര്‍ക്കിളുകളില്‍ പ്രകടമാണ്.

Comments

comments

Categories: Branding