ദേശീയ വ്യാവസായിക ഇടനാഴികള്‍ക്ക് 1,584 കോടി കൂടി അനുവദിച്ചു

ദേശീയ വ്യാവസായിക ഇടനാഴികള്‍ക്ക് 1,584 കോടി കൂടി അനുവദിച്ചു

ന്യൂഡെല്‍ഹി: ദേശീയ വ്യാവസായിക ഇടനാഴികള്‍ വികസിപ്പിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന് (നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്‌മെന്റ് & ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ്) 1,584 കോടി രൂപയുടെ അധിക തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് തുക അനുവദിച്ചത്. 2022 മാര്‍ച്ച് 31ഓടെ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഡെല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി (ഡിഎംഐസി)പ്രൊജക്ട് നടത്തിപ്പിനായുള്ള ട്രസ്റ്റിനെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്‌മെന്റ് & ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റാക്കി പുനഃസംഘടിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഡിഎംഐസി പദ്ധതിക്കായി 18,500 കോടി രൂപ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ട്രസ്റ്റ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധിക തുക അനുവദിച്ചിട്ടുത്.
ഡെല്‍ഹി മുംബൈ വ്യാവസായിക ഇടനാഴി, ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴി, അമൃത്‌സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴി, ബെംഗളൂരു-മുംബൈ സാമ്പത്തിക ഇടനാഴി, വിശാഖ്-ചെന്നൈ വ്യാവസായിക ഇടനാഴി തുടങ്ങിയ അഞ്ച് വ്യാവസായിക ഇടനാഴി വികസന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. നിര്‍മാണ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ആസൂത്രിത നഗരവല്‍ക്കരണം വേഗത്തിലാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ട് രൂപീകരിച്ച പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് നടപ്പിലാക്കുക.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് വ്യാവസായിക ഇടനാഴി പദ്ധതികളിലൂടെ ബന്ധിപ്പിച്ചിട്ടുള്ളത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷ(ഡിഐപിപി)ന്റെ നിയന്ത്രണത്തിലാണ് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് & ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. അഞ്ച് വ്യാവസായിക ഇടനാഴി പദ്ധതികള്‍ക്ക് മോല്‍നോട്ടം വഹിക്കുന്നതും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ ക്രമീകരിക്കുന്നതും ഉന്നതതല സമിതിയായ ട്രസ്റ്റ് ആയിരിക്കും.
ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ പുരോഗതിയും അവലോകനം ചെയ്യുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രി ചെയര്‍മാന്‍ ആയിട്ടുള്ള ഉന്നതതല മോണിറ്ററിംഗ് അതോറിറ്റി ഉടന്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, നിതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത്, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയായിരിക്കും മോണിറ്ററിംഗ് അതോറിറ്റി രൂപീകരിക്കുക.

Comments

comments

Categories: Business & Economy