മന്‍ കി ബാത്തിലൂടെ ഓള്‍ ഇന്ത്യ റേഡിയോ 4.78 കോടി രൂപ പരസ്യ വരുമാനം നേടി

മന്‍ കി ബാത്തിലൂടെ ഓള്‍ ഇന്ത്യ റേഡിയോ  4.78 കോടി രൂപ പരസ്യ വരുമാനം നേടി

 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്ത്’ മികച്ച പരസ്യ വരുമാനം നേടിയതായി കേന്ദ്ര സര്‍ക്കാര്‍. 2015-2016 കാലയളവില്‍ ‘മന്‍ കി ബാത്തി’ലൂടെ ഓള്‍ ഇന്ത്യ റേഡിയോ 4.78 കോടി രൂപയുടെ പരസ്യവരുമാനം നേടിയതായാണ് റിപ്പോര്‍ട്ട്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള മന്‍ കി ബാത്തിന്റെ സംപ്രേഷണത്തിന് പരസ്യവരുമാനം ഇല്ലെന്നും മന്ത്രി അറിയിച്ചു. ലോക്‌സഭയില്‍ എഴുതി തയാറാക്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദൂരദര്‍ശന്‍ ചാനലുകളിലും മന്‍ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മന്‍ കീ ബാത്തിന്റെ റേഡിയോ പ്രക്ഷേപണത്തിന് മാത്രമാണ് നിലവില്‍ പരസ്യം അനുവദിച്ചിട്ടുള്ളത്. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ എഐആറിന്റെ മൊത്തം വരുമാനം 447.76 കോടി രൂപയാണ്. 2014-15 വര്‍ഷത്തില്‍ 435.1 കോടി രൂപയായിരുന്നു ഓള്‍ ഇന്ത്യ റേഡിയോയുടെ വരുമാനം.

ഇതിനോടകം മന്‍ കി ബാത്തിന്റെ 26 എപ്പിസോഡുകളാണ് ഓള്‍ ഇന്ത്യ റേഡിയോ പ്രക്ഷേപണം ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്നുമാണ് മന്‍ കി ബാത്ത് കൂടുതല്‍ വരുമാനം നേടിയതെന്നും മുന്‍ വര്‍ഷം ഒരു കോടി രൂപയ്ക്കടുത്ത് വരുമാനം നേടാന്‍ സാധിച്ചതായും എഐആര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടിയാണ് മന്‍ കി ബാത്ത്. 10 മിനിറ്റ് തികയുന്നതിനുള്ള ബാക്കി സമയം പരസ്യത്തിനായി നീക്കിവെക്കുന്നു. മന്‍ കി ബാത്തിനിടെ പത്തു സെക്കന്‍ഡ് പരസ്യം നല്‍കുന്നതിന് രണ്ട് ലക്ഷം രൂപയാണ് എഐആര്‍ പരസ്യ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

Comments

comments

Categories: Branding, Trending