എഷ്യന്‍ വളര്‍ച്ചാ നിരക്ക് മാറ്റമില്ലാതെ തുടരും: എഡിബി

എഷ്യന്‍ വളര്‍ച്ചാ നിരക്ക് മാറ്റമില്ലാതെ തുടരും: എഡിബി

സിംഗപ്പൂര്‍: ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും ഈ വര്‍ഷത്തെ അതേ വളര്‍ച്ചാ നിരക്ക് അടുത്ത വര്‍ഷവും നിലനിര്‍ത്തുന്നതിന് ഏഷ്യയെ സഹായിക്കുമെന്ന് വിലയിരുത്തല്‍. ഏഷ്യന്‍ മേഖലകളില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന 5.7 ശതമാനം വളര്‍ച്ചാ നിരക്ക് 2017ലും തുടരുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2016ലും, 2017ലും 5.7 ശതമാനം വളര്‍ച്ചാ നിരക്കാണ് എഷ്യ പ്രതീക്ഷിക്കുന്നതെന്നും, മാന്ദ്യത്തില്‍ നിന്നും പെട്ടെന്ന് കരകയറാനുള്ള ഈ മേഖലയിലെ വന്‍ സാമ്പത്തിക ശക്തികളായ ഇന്ത്യയുടെയും ചൈനയുടെയും കരുത്താണ് ഇതിനു സഹായിക്കുകയെന്നും എഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ 2016ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതും അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കി തുടങ്ങുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി)യുമാണ് ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷകള്‍ക്ക് ശക്തി നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

രാജ്യത്തെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലെ സ്ഥിരത വര്‍ധിച്ചത് വളര്‍ച്ചാ സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതായാണ് നിരീക്ഷണം. ഈ വര്‍ഷം ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയതിന്റെ ഫലമായി പെന്‍ഷനും ശമ്പളവും വര്‍ധിപ്പിച്ചത് സ്വകാര്യ ഉല്‍പ്പാദനം ഉയരാനിടയാക്കി. ഏകീകൃത ചരക്ക് സേവന നികുതി നയം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുമെന്നും ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും എഡിബി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories