ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവി ആരാകും

ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവി ആരാകും

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗിന്റെ സേവന കാലാവധി ഈ മാസം 31ന് അവസാനിക്കവേ, ആരായിരിക്കും പുതിയ മേധാവിയെന്ന ചര്‍ച്ചകള്‍ സജീവമായി.
പ്രതിരോധ മന്ത്രാലയം രൂപീകരിച്ച പാനലാണ് കരസേനാ മേധാവികളെ തെരഞ്ഞെടുക്കുന്നത്. ഇവര്‍ തയാറാക്കിയിരിക്കുന്ന പട്ടികയില്‍ നിലവില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി, വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത്, സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ പി എം ഹാരിസ് തുടങ്ങിയവരാണ്. ഇവരില്‍ ജനറല്‍ ബക്ഷിയാണ് സീനിയര്‍.
മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കരസൈനിക മേധാവി സ്ഥാനത്തേയ്ക്കു നടത്തുന്ന ആദ്യ നിയമനമായിരിക്കും ഇത്. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് തന്നെ സൈനിക മേധാവിയെ അനൗദ്യോഗികമായി പ്രഖ്യാപിക്കുന്ന രീതി ഇപ്രാവിശ്യം മോദി സര്‍ക്കാര്‍ ഒഴിവാക്കിയെന്നതും പ്രത്യേകതയാണ്. മുന്‍കൂട്ടി മേധാവിയെ പ്രഖ്യാപിക്കുന്നതിലൂടെ സമാന്തര അധികാരകേന്ദ്രം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കം ഒഴിവാക്കിയതെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു.
സമീപകാലത്ത് കരസേനയുടെ കമാന്‍ഡര്‍ തലത്തില്‍ നടന്ന നിയമനങ്ങളുടെ രീതി മനസിലാക്കിയാല്‍ ഒരു കാര്യം മനസിലാകും; അതായത് പ്രസ്തുത തസ്തികയിലേക്കു മുന്‍കൂട്ടി പേരുകള്‍ പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, തസ്തികയില്‍ നിന്നും കമാന്‍ഡര്‍മാര്‍ വിരമിച്ചതിനു പത്ത് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു പുതിയ നിയമനം നടത്തിയത്.

Comments

comments

Categories: Trending