ട്രിമ 2016ന് ഇന്ന് തുടക്കം; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ട്രിമ 2016ന് ഇന്ന് തുടക്കം; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) വാര്‍ഷികസമ്മേളനം ട്രിമ 2016 ഇന്നും നാളെയുമായി താജ് വിവാന്തയില്‍ നടക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റല്‍ ഇന്ത്യ, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, സ്വച്ഛ് ഭാരത് എന്നീ പരിപാടികളുടെ സാധ്യതകള്‍ കേരളത്തിന് എങ്ങനെ ഉപയുക്തമാക്കാനാകുമെന്നതാണ് ഇത്തവണത്തെ സമ്മേളനം മുഖ്യമായും ചര്‍ച്ചചെയ്യുക. ‘ടുവാര്‍ഡ്‌സ് എ ഫാസ്റ്റര്‍, സ്മാര്‍ട്ടര്‍ ആന്‍ഡ് ക്ലീനര്‍ കേരള’ എന്നതാണ് സമ്മേളനത്തിന്റെ കേന്ദ്രവിഷയമെന്ന് ടിഎംഎ പ്രസിഡന്റ് എസ് രാംനാഥ്, ട്രിമ കണണ്‍വീനര്‍ എച്ച് വിനോദ്, കമ്മിറ്റി അംഗങ്ങളായ ഇ ശിവരാമകൃഷ്ണന്‍, എം ആര്‍ സുബ്രഹ്മണ്യം എന്നിവര്‍ അറിയിച്ചു.

വൈകിട്ട് ആറു മണിക്ക് ഗവര്‍ണര്‍ പി സദാശിവം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ട്രിമ ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള പരിപാടിയെപ്പറ്റി വിശദീകരിക്കും. കെപിഎംജി അഡൈ്വസറി സര്‍വീസസ് ഡയറക്റ്റര്‍ പ്രസാദ് ഉണ്ണിക്കൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. 2016ലെ ടിഎംഎഎച്ച്എല്‍എല്‍ സിഎസ്ആര്‍ പുരസ്‌കാരം ശോഭ ലിമിറ്റഡിന് ഗവര്‍ണര്‍ സമ്മാനിക്കും. രണ്ടാംദിവസമായ ഒന്‍പതിന് രാവിലെ ഫാസ്റ്റര്‍ കേരള എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്‍കെല്‍ മാനേജിംഗ് ഡയറക്റ്റര്‍ ടി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ കോളമിസ്റ്റും സാമ്പത്തിക വിദഗ്ധനും സ്വദേശി ജാഗരണ്‍ മഞ്ച് സഹകണ്‍വീനറുമായ എസ് ഗുരുമൂര്‍ത്തി, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ഡയറക്റ്ററും സിഇഒയുമായ സന്തോഷ് കുമാര്‍ മൊഹാപത്ര, സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് ജോണ്‍സ് ലാംഗ് ലാസല്ലേ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് ലോക്കല്‍ ഡയറക്റ്റര്‍ കെഎസ് ഗിരീഷ് എന്നിവര്‍ സംസാരിക്കും.
11.30ന് സ്മാര്‍ട്ടര്‍ കേരള എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ അധ്യക്ഷത വഹിക്കും. കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, എസ്ബിടി ജനറല്‍ മാനേജര്‍ ജി വെങ്കടനാരായണന്‍, യുഐഡിഎഐ ബാംഗ്ലൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ പ്രണബ് മൊഹന്തി എന്നിവര്‍ സംസാരിക്കും. രണ്ടു മണിക്ക് ക്ലീനര്‍ കേരള എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് സിഇഒ ജോസ് ഡൊമിനിക് അധ്യക്ഷത വഹിക്കും. ടിആര്‍ഡിസിഎല്‍ എംഡി അനില്‍കുമാര്‍ പണ്ടാല, ക്ലീന്‍ കേരള കമ്പനി എംഡി കബീര്‍ പി.ഹാരൂണ്‍, വനിതാ വികസന കോര്‍പ്പറേഷന്‍ എംഡി വി സി ബിന്ദു എന്നിവര്‍ സംസാരിക്കും.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടിഎംഎ പ്രസിഡന്റ് എസ് രാമനാഥ് അധ്യക്ഷത വഹിക്കും. ട്രിമ കോചെയര്‍മാന്‍ എം ആര്‍ സുബ്രമണിയന്‍ ചര്‍ച്ചകള്‍ ക്രോഡീകരിക്കും. ട്രിമ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം സണ്‍ടെക് സിഇഒ നന്ദകുമാറിന് ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. വളര്‍ന്നുവരുന്ന മാനേജര്‍മാരെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടികളുടെ ഭാഗമായി മികച്ച പേപ്പര്‍ പ്രെസന്റേഷന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന ടിഎംഎ-കിംസ് അവാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയിലെ മൂന്നാം സെമസ്റ്റര്‍ എംബിഎ വിദ്യാര്‍ഥി എം ഷാരോണിനു മുഖ്യമന്ത്രി സമ്മാനിക്കും.

Comments

comments

Categories: Slider, Top Stories