ഇംഗ്ലണ്ട് ശക്തമായ നിലയില്‍

ഇംഗ്ലണ്ട് ശക്തമായ നിലയില്‍

മുംബൈ: ടീം ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 288 റണ്‍സ് എന്ന നിലയിലാണ്. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയ കീറ്റണ്‍ ജെന്നിംഗ്‌സാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക സാന്നിധ്യമായത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ അലൈസ്റ്റര്‍ കുക്കും ജെന്നിംഗ്‌സും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. അരങ്ങേറ്റക്കാരന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റേന്തിയ ജെന്നിംഗ്‌സും ടീം ക്യാപ്റ്റനായ അലൈസ്റ്റര്‍ കുക്കും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 99 റണ്‍സ് നേടി. 60 പന്തുകളില്‍ നിന്നും 46 റണ്‍സ് നേടിയ കുക്ക് രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പറായ പാര്‍ത്ഥിവ് പട്ടേലിന് പിടികൊടുക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ ജോ റൂട്ട് 41 പന്തുകളില്‍ നിന്നും ഒരു ബൗണ്ടറി ഉള്‍പ്പെടെ 21 റണ്‍സെടുത്ത് പുറത്തായി. രവിചന്ദ്ര അശ്വിന്റെ പന്തില്‍ ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് മോയിന്‍ അലിയെ കൂട്ടുപിടിച്ചാണ് ജെന്നിംഗ്‌സ് സെഞ്ച്വറി തികച്ചത്. 219 പന്തില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 112 റണ്‍സാണ് ജെന്നിംഗ്‌സ് നേടിയത്.

മോയിന്‍ അലി, ബെയര്‍സ്‌റ്റോ എന്നിവര്‍ യഥാക്രമം 50, 14 റണ്‍സ് വീതമെടുത്ത് പുറത്താവുകയും ചെയ്തു. അശ്വിന്റെ പന്തുകളില്‍ മോയിന്‍ അലി കരുണ്‍ നായര്‍ക്കും ബെയര്‍സ്‌റ്റോ ഉമേഷ് യാദവിനും പിടി കൊടുക്കുകയായിരുന്നു. ഇരുപത്തഞ്ച് റണ്‍സെടുത്ത് ബെന്‍ സ്‌റ്റോക്‌സും 18 റണ്‍സ് സ്‌കോര്‍ ചെയ്ത് ബട്‌ലറുമാണ് ക്രീസിലുള്ളത്.

എട്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. അഞ്ച് മത്രങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ രണ്ടെണ്ണത്തില്‍ ടീം ഇന്ത്യ ജയിക്കുകയും ഒന്നില്‍ സമനില നേടുകയും ചെയ്തിരുന്നു. അതിനാല്‍ ഈ മത്സരം സമനിലയില്‍ കലാശിച്ചാലും ടീം ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Comments

comments

Categories: Sports