ചാമ്പ്യന്‍സ് ലീഗ്: റയലിനെ സമനിലയില്‍ തളച്ച് ഡോര്‍ട്മുണ്ട്

ചാമ്പ്യന്‍സ് ലീഗ്:  റയലിനെ സമനിലയില്‍ തളച്ച് ഡോര്‍ട്മുണ്ട്

 

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് എഫിലെ കളിയില്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ രണ്ട് ഗോളുകളുടെ സമനിലയാണ് റയല്‍ വഴങ്ങിയത്. റയല്‍ മാഡ്രിഡിനെതിരെ സമനില നേടിയതിലൂടെ ബൊറൂസിയ ഡോര്‍ട്മുണ്ടിന് ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്താനും സാധിച്ചു.

ഫ്രാന്‍സ് താരം കരിം ബെന്‍സേമ നേടിയ ഇരട്ട ഗോളുകളില്‍ ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന റയല്‍ മാഡ്രിഡിനെ രണ്ടാം പകുതിയിലെ തിരിച്ചടിയിലൂടെയാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് സമനിലയില്‍ തളച്ചത്. ഗബോണീസ് താരമായ പിയെറി എമെറിക് ഓബമെയാംഗും ജര്‍മനിയുടെ മാര്‍കോ റിയെസുമാണ് ബൊറൂസിയ ഡോര്‍ട്മുണ്ടിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്.

ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് പതിനാല് പോയിന്റാണുള്ളത്. അതേസമയം, രണ്ടാമതെത്തിയ റയല്‍ മാഡ്രിഡിന് 12 പോയിന്റും. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ ലെഗിയ വാര്‍സോ സ്‌പോര്‍ട്ടിംഗ് ലിസ്ബനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. എന്നാല്‍, രണ്ട് ടീമുകളും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയും ചെയ്തു.

ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ റഷ്യന്‍ ക്ലബായ സിഎസ്‌കെഎ മോസ്‌കോയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ജയം. എന്നാല്‍ ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനക്കാരായ ഇംഗ്ലീഷ് ക്ലബിന് ചാമ്പ്യന്‍സ് ലീഗിന്റെ അവസാന പതിനാറില്‍ ഇടം നേടാനായില്ല.

അതേസമയം, ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്ക് നല്‍കപ്പെടുന്ന യൂറോപ്പിലെ രണ്ടാമത്തെ പ്രധാന ടൂര്‍ണമെന്റായ യൂറോപ ലീഗയിലേക്കുള്ള ഡയറക്ട് എന്‍ട്രി ടോട്ടന്‍ഹാം ഹോട്‌സ്പറിന് ലഭിച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ യൂറോപ ലീഗ് കളിക്കാനൊരുങ്ങുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗിലെത്തിയത്.

ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ ബയെര്‍ ലെവര്‍ക്യൂസന്‍ മൊണാക്കോയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മൊണാക്കോയും ബയെര്‍ ലെവര്‍ക്യൂസനുമാണ് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഒന്നാം സ്ഥാനക്കാരായ മൊണാക്കോയ്ക്ക് 11 പോയിന്റും രണ്ടാമതെത്തിയ ബയെര്‍ ലെവര്‍ക്യൂസന് പത്ത് പോയിന്റുമാണുള്ളത്.

ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി പോര്‍ചുഗീസ് ക്ലബായ എഫ്‌സി പോര്‍ട്ടോയോട് കനത്ത തോല്‍വി വഴങ്ങി. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു എഫ്‌സി പോര്‍ട്ടോയുടെ ലൈസസ്റ്റര്‍ സിറ്റിക്കെതിരായ ജയം. ലൈസസ്റ്റര്‍ സിറ്റി ആദ്യ അഞ്ച് കളികളിലെ വിജയത്തോടെ നോക്കൗട്ട് റൗണ്ട് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

എന്നാല്‍, ഗ്രൂപ്പിലെ മറ്റൊരു ടീമായ എഫ്‌സി കോപ്പന്‍ഹേഗന്‍ തൊട്ടുപിന്നാലെ ഉണ്ടായിരുന്നതിനാല്‍ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെത്താന്‍ എഫ്‌സി പോര്‍ട്ടോയ്ക്ക് ജയം അനിവാര്യമായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ് ക്ലബ് വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയെന്ന നാണക്കേടുകൂടിയാണ് ഇതോടെ ലൈസസ്റ്റര്‍ സിറ്റിയുടെ പേരിലായത്.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ലൈസസ്റ്റര്‍ സിറ്റിക്ക് 13 പോയിന്റും രണ്ടാമതെത്തിയ എഫ്‌സി പോര്‍ട്ടോയ്ക്ക് പതിനൊന്ന് പോയിന്റുമാണുള്ളത്. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ എഫ്‌സി കോപ്പന്‍ഹേഗന്‍ ക്ലബ് ബ്രുഗയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയും ചെയ്തു.

ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ഡിനാമോ സാഗ്രെബിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗ്രൂപ്പിലെ സെവിയ്യ-ലിയോണ്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. പതിനാല് പോയിന്റുള്ള യുവന്റസ് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ജിയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗിന്റെ അവസാന പതിനാറില്‍ ഇടം നേടിയപ്പോള്‍ 11 പോയിന്റുമായിട്ടായിരുന്നു സെവിയ്യയുടെ മുന്നേറ്റം.

ഇതോടെ, 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങള്‍ ഫെബ്രുവരി 14, 15, 21, 22 തിയതികളിലായും രണ്ടാംപാദം മാര്‍ച്ച് 7, 8, 14, 15 തിയതികളിലായുമാണ് നിശ്ചയിച്ചിരിക്കുന്നത്. ആഴ്‌സണല്‍, പിഎസ്ജി, നാപ്പോളി, ബെന്‍ഫിക്ക, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയണ്‍ മ്യൂണിക്ക് ടീമുകളും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു.

Comments

comments

Categories: Sports