പിന്തിരിഞ്ഞോടരുത്, നിങ്ങള്‍ക്കും നേതാവാകാം

പിന്തിരിഞ്ഞോടരുത്, നിങ്ങള്‍ക്കും നേതാവാകാം

എ പി തോമസ്

മുകളില്‍ വലിച്ചു കെട്ടിയ ഒരു ഒറ്റക്കമ്പിയില്‍കൂടി സാഹസിക യജ്ഞം നടത്തുന്ന വ്യക്തിയെ എല്ലാവരും അത്ഭുതത്തോടും ആകാംഷയോടും കൂടി വീക്ഷിക്കുന്നു. ചിലര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം തന്റെ മകനേയും തോളിലേന്തി കമ്പിയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നടക്കുന്നു. ഇതിനു ശേഷം താഴെ ഇറങ്ങി ആളുകളുടെ ഇടയിലേക്ക് വരുന്നു. പലരും അദ്ദേഹത്തിന് പാരിതോഷികങ്ങള്‍ നല്‍കുന്നു. കൂട്ടത്തിലൊരാള്‍ അദ്ദേഹത്തിന്റെ വിലയേറിയ മോതിരം യജ്ഞം നടത്തിയ വ്യക്തിക്ക് നല്‍കി. ഉടനെ അദ്ദേഹം പറഞ്ഞു ഈ സമ്മാനം എനിക്കു വേണ്ട ഞാന്‍ ഒരിക്കല്‍കൂടി ഈ കമ്പിയുടെ മുകളില്‍ കൂടി നടക്കാന്‍ പോവുകയാണ് താങ്കള്‍ എന്നോടൊപ്പം ഈ യജ്ഞത്തില്‍ പങ്കു ചേരുമോ. പറഞ്ഞു തീരും മുമ്പ് സമ്മാനം നല്‍കാന്‍ ശ്രമിച്ച വ്യക്തി അവിടെ നിന്നും അപ്രത്യക്ഷനായി.

മറ്റുള്ളവര്‍ നടപ്പിലാക്കുന്ന സാഹസികമായ, പുതുമയാര്‍ന്ന, വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങളെ നാം പ്രോത്സാഹിപ്പിക്കാറുണ്ട് അംഗീകരിക്കാറുണ്ട്. നല്ലതു തന്നെ. എന്നാല്‍, അതിലേക്ക് നമ്മെ പങ്കാളികളാക്കാന്‍ ശ്രമിച്ചാലോ… ഒരു പുതുമയാര്‍ന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചാലോ… പലപ്പോഴും നമ്മള്‍ പിന്തിരിഞ്ഞു പോകും. പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ ഒരുവനാകാനാണ് ഏവരും ആഗ്രഹിക്കുക. ആവശ്യഘട്ടത്തില്‍ മുന്നിലേക്ക് വന്നു കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന നേതൃത്വ ശൈലിയാണ് ഉണ്ടാവേണ്ടത്.

മറ്റൊരുദാഹരണം നോക്കാം. നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബസ്സ് ഒരു കുഴിയിലേയ്ക്ക് ചെരിഞ്ഞു എന്ന് സങ്കല്‍പ്പിക്കുക. ഉടന്‍തന്നെ കുറച്ചാളുകള്‍ അതില്‍ നിന്നിറങ്ങി മറ്റേതെങ്കിലും വണ്ടിയില്‍ കയറി യാത്ര തുടരും. ചിലര്‍ അടുത്ത കടയില്‍ കയറി എന്തെങ്കിലും കുടിച്ച് ഫ്രഷ് ആകാന്‍ നോക്കും. ചിലര്‍ ഈ വണ്ടി എങ്ങനെ ഇനി പോകും എന്നാലോചിച്ച് ദൂരെ മാറി നില്‍ക്കും. മറ്റു ചിലര്‍ ഡ്രൈവറോട് പ്രശ്‌നമെന്താണെന്ന് തിരക്കി പരിഹരിക്കാന്‍ നോക്കും. യാത്രക്കാര്‍ കൂട്ടമായി ഒന്നു ശ്രമിച്ചാല്‍ ബസ്സ് കുഴിയില്‍ നിന്നു കയറ്റാം. എന്നാല്‍ അതിനു പകരം പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്നു കേട്ടുകഴിഞ്ഞാല്‍ ഓടിവന്ന് ബസ്സില്‍ കയറുന്നവരാണ് ഏറെയും. ഇത് നമുക്ക് ചുറ്റും കാണുന്ന പ്രവണതയാണ്. ഇതിലേതു വിഭാഗക്കാരോടൊപ്പം നില്‍ക്കുന്നവരാണ് നമ്മള്‍.

ചുറ്റും എന്തു സംഭവിച്ചാലും എനിക്കെന്റെ കാര്യം എന്നുപറഞ്ഞ് നില്‍ക്കുന്നവര്‍ സമൂഹത്തിന്റെ ഭാഗമോ ? മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുന്നത് വെറുതെ വീക്ഷിച്ച് നില്‍ക്കുന്നവരാണോ നാം. അതോ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നവരോ? പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുക്കുന്നവരെയാണ് ഇന്നാവശ്യം. സിറ്റുവേഷണല്‍ ലീഡര്‍ഷിപ്പിനാണ് ഇന്നേറെ പ്രസക്തി. ഏത് രംഗത്തും മാറി നില്‍ക്കാതെ ധൈര്യപൂര്‍വം മുന്നോട്ടുവന്ന് പദ്ധതികള്‍ ഏറ്റെടുക്കാന്‍ തയാറാകൂ. മുന്നിട്ടിറങ്ങുന്നവര്‍ക്കുള്ളതാണ് ഇന്നത്തെ ലോകം. ഏത് ജീവിതാവസ്ഥയില്‍ വ്യാപരിക്കുന്നവരും ഓരോ രീതിയില്‍ നേതൃത്വം നല്‍കാന്‍ വിധിക്കപ്പെട്ടവരും കടപ്പെട്ടവരുമാണ്.

നേതൃത്വം അംഗീകാരവും അവകാശവും തരുന്നതുപോലെ ഉത്തരവാദിത്വവും കടമകളും ഏല്‍പ്പിക്കുന്നുണ്ട്. സമൂഹത്തെ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കാനും സഹപ്രവര്‍ത്തകര്‍ക്ക് തൃപ്തി നല്‍കാനും കഴിയുന്നവര്‍ക്കേ നേതൃത്വത്തില്‍ നില്‍ക്കാന്‍ കഴിയൂ. കൃത്യനിര്‍വഹണത്തിനുള്ള കാര്യശേഷി, അണികളെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്താനുള്ള സംഘടനാ പാടവം എന്നതിനൊപ്പം തെറ്റ് സംഭവിച്ചാല്‍ അത് സമ്മതിക്കാനും തിരുത്താനുമുള്ള മനോഭാവവും നേതാവിന് ആവശ്യമാണ്. നാം നല്‍കുന്ന നേതൃത്വം കുറ്റമറ്റതും സ്വാര്‍ത്ഥരഹിതവും ആത്മസമര്‍പ്പിതവുമാണെന്ന് നമുക്ക് ഉറപ്പുവരുത്താം. ഇതുവഴി മറ്റുള്ളവരുടേയും നമ്മുടേയും ജീവിതം നമുക്ക് മെച്ചപ്പെടുത്താം.

(ജേസിസിന്റെ നാഷണല്‍ ട്രെയിനറാണ് ലേഖകന്‍)

 

Comments

comments

Categories: FK Special