കൊച്ചി ബിനാലെയ്ക്ക് ചുമട്ടുതൊഴിലാളികള്‍ 30 ശതമാനം കൂലിയിളവു നല്‍കും

കൊച്ചി ബിനാലെയ്ക്ക് ചുമട്ടുതൊഴിലാളികള്‍  30 ശതമാനം കൂലിയിളവു നല്‍കും

കൊച്ചി: കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഫോര്‍ട്ട് കൊച്ചിമട്ടാഞ്ചേരി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയനുകളുമായി ഫൗണ്ടേഷന്‍ കരാറിലെത്തി. കയറ്റിറക്കു കൂലിയില്‍ 30 ശതമാനത്തിന്റെ കുറവാണ് തൊഴിലാളി യൂണിയനുകള്‍ വരുത്തിയത്.

ബിനാലെയുടെ 12 വേദികള്‍ സ്ഥിതി ചെയ്യുന്നത് പശ്ചിമ കൊച്ചിയിലാണ്. വാഹനത്തില്‍ നിന്ന് സാമഗ്രികള്‍ ഇറക്കുന്നതിനും അവ അതത് വേദികളില്‍ സ്ഥാപിക്കുന്നതും ചുമട്ടു തൊഴിലാളികളായിരിക്കും. ബിനാലെ രണ്ടാം ലക്കത്തില്‍നിന്ന് 30 ശതമാനം കുറവാണ് ഇക്കുറി യൂണിയനുകള്‍ വരുത്തിയിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ബിനാലെയുമായി ബന്ധപ്പെട്ട കയറ്റിറക്കിനിടെ തൊഴിലാളി യൂണിയനുകളും ഫൗണ്ടേഷനും തമ്മില്‍ കൂലിതര്‍ക്കങ്ങളുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഫൗണ്ടേഷന്‍ ഭാരവാഹികളും സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ യൂണിയനുകളുടെ നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്.

നൂറോളം ചുമട്ടുതൊഴിലാളികളാണ് ബിനാലെയുമായി ബന്ധപ്പെട്ട സാധന സാമഗ്രികള്‍ ഇറക്കുന്നതിനുവേണ്ടി സജ്ജരായിരിക്കുന്നത്. കേരളത്തിന്റെ അഭിമാനമായ കലാവിരുന്നാണ് കൊച്ചി ബിനാലെ എന്നതുകൊണ്ടുതന്നെ അതിനെ തങ്ങളാലാവും വിധം പിന്തുണയ്‌ക്കേണ്ടത് കടമയായി കരുതുന്നുവെന്ന് സിഐടിയു നേതാവ് ബി.ഹംസ പറഞ്ഞു. സാധാരണ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് തൊഴിലാളികളുടെ ജോലിസമയം. എന്നാല്‍ ബിനാലെയ്ക്കുവേണ്ടി പുലര്‍ച്ചെയും രാത്രി വൈകിയും ജോലിയെടുക്കാറുണ്ടെന്നും ഹംസ കൂട്ടിച്ചേര്‍ത്തു.

അധിക സമയത്തിന് 20 ശതമാനം കൂടുതല്‍ കൂലിയാണ് യൂണിയനുകള്‍ വാങ്ങുന്നത്. ഇതു കൂടാതെ വാഹനങ്ങളുടെ വലിപ്പം അനുസരിച്ച് കൂലി നിശ്ചയിക്കുന്ന പതിവില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഏതുതരം വാഹനത്തിലായാലും കലാസാമഗ്രികള്‍ക്ക് ഏകീകൃത നിരക്കായിരിക്കും ഈടാക്കുക.

വാഹനത്തില്‍നിന്ന് സാധനങ്ങള്‍ ഇറക്കിവയ്ക്കുക മാത്രമാണ് സാധാരണ ചുമട്ടു തൊഴിലാളികള്‍ ചെയ്യുന്നത്. എന്നാല്‍ ബിനാലെയ്ക്കുവേണ്ടി ഇവ പ്രദര്‍ശനസ്ഥലത്ത് എത്തിച്ചുകൊടുക്കാനും ധാരണയായിട്ടുണ്ടെന്ന് ഐഎന്‍ടിയുസി നേതാവ് എ.എം അയൂബ് പറഞ്ഞു.

മട്ടാഞ്ചേരിയിലും ഫോര്‍ട്ട് കൊച്ചിയിലും കയറ്റിറക്കുകൂലി വ്യത്യസ്തമാണ്. മട്ടാഞ്ചേരിയിലെ തൊഴിലാളികള്‍ ചുമട്ടുതൊഴിലാളി വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴിലാണെന്നതാണ് ഇതിനു കാരണം. എന്നാല്‍ ബിനാലെയ്ക്ക് വേണ്ടി ഈ കൂലി ഏകീകരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ബിനാലെയ്ക്കായി ഏറെ സഹകരിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് അധികൃതരും അറിയിച്ചു.

ചുമട്ടുതൊഴിലാളികള്‍ നല്‍കുന്ന സഹകരണത്തെ അഭിനന്ദിക്കാന്‍ വാക്കുകളില്ലെന്ന് ബിനാലെ പ്രോഗ്രാം ഡയറക്ടര്‍ റിയാസ് കോമു പറഞ്ഞു. കൊച്ചിക്കാര്‍ക്ക് ബിനാലെ എത്രമാത്രം പ്രിയപ്പെട്ടതാണെന്നതിന്റെ ഉദാഹരണമാണ് ഫൗണ്ടേഷനും തൊഴിലാളി സംഘടനകളും പരസ്പര സഹകരണത്തിലൂന്നി തയ്യാറാക്കിയ കരാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories