കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ടൂറിസം വികസനത്തില്‍ നിര്‍ണായകസ്ഥാനം

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ടൂറിസം വികസനത്തില്‍ നിര്‍ണായകസ്ഥാനം

കൊച്ചി: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തില്‍ അനിഷേധ്യവും നിര്‍ണായകവുമായ സ്ഥാനം കൊച്ചി മുസിരിസ് ബിനാലെ കൈവരിച്ചതായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ടൂറിസത്തിന്റെ ആകര്‍ഷക ഘടകങ്ങളിലൊന്നായി വിദേശ രാജ്യങ്ങളിലടക്കം ബിനാലെയെ വിപണനം ചെയ്യും. ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്‍മാരും സന്ദര്‍ശകരും കേരളത്തിന്റെ അംബാസഡര്‍മാരായി മാറുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

ബിനാലെയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ടൂറിസം വ്യവസായ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകാരന്‍മാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും മാത്രമല്ല ജനങ്ങളുടെ തന്നെ ആഘോഷം എന്ന തലത്തിലേക്ക് ബിനാലെ വളര്‍ന്നിട്ടുണ്ട്. കലയുടെ എല്ലാ മേഖലകളുടെയും സമ്മേളനമാണിത്. ബിനാലെയുടെ പ്രാധാന്യം മനസിലാക്കിയാണ് ബജറ്റ് വിഹിതമായി ഏഴരക്കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ഡിസംബര്‍ 12 മുതല്‍ ബിനാലെ അരങ്ങേറുന്ന 108 ദിവസങ്ങളില്‍ കൊച്ചിയിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം ഉണ്ടാകുന്ന രീതിയില്‍ പ്രചാരണരീതികളില്‍ മാറ്റം വരുത്തണം. സാധാരണക്കാരന് കൂടി ബിനാലെ പ്രാപ്യമാണെന്ന പൊതുബോധത്തിലേക്ക് പ്രചാരണം ഉയരണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് കൂടി പങ്കാളിത്തമുള്ള പരിപാടി എന്ന നിലയിലും കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയും ബിനാലെയെ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ടൂറിസം വകുപ്പ് മന്ത്രി അധ്യക്ഷനും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല കണ്‍വീനറുമായ സമിതി നിരീക്ഷണ സംവിധാനമെന്ന നിലയിലാണ് പ്രവര്‍ത്തിക്കുക. എം.എല്‍.എമാരായ കെ.ജെ. മാക്‌സി, എസ്.ശര്‍മ, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജയിന്‍, കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ജിസിഡിഎ ചെയര്‍മാന്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ യു.വി. ജോസ്, കൊച്ചി മുസിരിസ് ബിനാലെ സിഇഒ മഞ്ജു സാറ രാജന്‍, റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഭാരവാഹികളായ എബ്രഹാം ജോര്‍ജ്, ജോസ് ഡൊമിനിക് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ബിനാലെയുടെ സ്വതന്ത്രമായ നടത്തിപ്പിന് യാതൊരു തടസവും വരുത്താത്ത രീതിയിലും അതേസമയം ബിനാലെയ്ക്ക് അങ്ങേയറ്റം സഹായകവുമായ രീതിയിലാണ് സമിതി പ്രവര്‍ത്തിക്കുക.
ബിനാലെ വേദികളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കണമെന്ന് മേയര്‍ സൗമിനി ജയിന്‍ മുന്നോട്ടുവച്ച നിര്‍ദേശം മന്ത്രി അംഗീകരിച്ചു. ശബരിമല പോലെ തീര്‍ത്ഥാടകബാഹുല്യമുള്ള കേന്ദ്രങ്ങളില്‍ പോലും പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കിയ സാഹചര്യത്തില്‍ ബിനാലെയും ഇക്കാര്യത്തില്‍ മാതൃക കാട്ടണം. കുടിവെള്ള കുപ്പികളടക്കം പ്ലാസ്റ്റിക് സാമഗ്രികളൊന്നും ബിനാലെ വേദികളില്‍ അനുവദിക്കരുത്. കുടിവെള്ളത്തിന് വേദികളില്‍ തന്നെ ബദല്‍ സംവിധാനമൊരുക്കും. ജല അതോറിറ്റിയും കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ സഹകരിക്കും.

ബിനാലെ വേദികളില്‍ വൈദ്യുതി തടസം ഒഴിവാക്കുന്നതിന് ഫീഡര്‍ ക്രമീകരണമൊരുക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡുകളുടെ അറ്റകുറ്റപ്പണി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും പൂര്‍ത്തീകരിക്കും. തെരുവുവിളക്കുകളുടെ കേടുപാടുകളും പരിഹരിക്കും. മാലിന്യ നീക്കത്തിന് ഫലപ്രദമായ സംവിധാനമുണ്ടാകും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ബിനാലെ വേദികളിലേക്ക് ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും ആര്‍.ടി.ഒയുമായി ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
ക്രമസമാധാനപാലനത്തിന് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പട്രോളിങ് സംഘങ്ങളെയും വിന്യസിക്കും. ബിനാലെയുമായി ബന്ധപ്പെട്ട് ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, ഹോം സ്റ്റേ, ഹോട്ടല്‍ ഉടമകള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന ഊര്‍ജിതമാക്കും. വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും നിരക്കുകള്‍ ന്യായമാണെന്ന് ഉറപ്പാക്കും. എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ബോട്ട് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എം.എല്‍.എമാരായ കെ.ജെ. മാക്‌സി, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ്, മേയര്‍ സൗമിനി ജയിന്‍, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ള, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. അരുള്‍.ആര്‍.ബി.കൃഷ്ണ, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ ബാലമുരളി, ഹോംസ്റ്റേ അസോസിയേഷന്‍ പ്രസിഡന്റ് എം.പി. ശിവദത്തന്‍, റിയാസ് കോമു, ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments

Categories: Branding