ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: സെമിയിലെത്തിയത് പുതിയ പരിശീലകരുടെ ടീമുകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:  സെമിയിലെത്തിയത് പുതിയ പരിശീലകരുടെ ടീമുകള്‍

 

ഐഎസ്എല്ലില്‍ മുന്‍ പരിചയമുള്ളവര്‍ പരിശീലിപ്പിച്ച ടീമുകള്‍ അവസാനക്കാരായപ്പോള്‍ പുതിയ പരിശീലകര്‍ക്ക് കീഴില്‍ അണിനിരന്നവര്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ പേരുകേട്ട പരിശീലകരുടെ കീഴിലിറങ്ങിയ ടീമുകള്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ സെമി ഫൈനലില്‍ പ്രവേശിച്ചത് ഐഎസ്എല്ലിലെ കന്നിക്കാരായ കോച്ചുമാരുടെ നേതൃത്വത്തിലെത്തിയ ക്ലബുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ സെമി ഫൈനലില്‍ കടന്നിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഡല്‍ഹി ഡൈനാമോസ് എഫ്‌സി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്നീ നാല് ടീമുകളെയും പരിശീലിപ്പിക്കുന്നത് ഐഎസ്എല്ലിലേക്ക് ആദ്യമായി എത്തിയ കോച്ചുമാരാണ്.

ഐഎസ്എല്ലിന്റെ പുതുമുഖവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍താരവുമായ സ്റ്റീവ് കൊപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പരിശീലിപ്പിക്കുമ്പോള്‍ കോസ്റ്റാറിക്കയുടെ മുന്‍ താരം അലക്‌സാന്ദ്രെ ഗ്വിമാരെസ്, ഇറ്റാലിയുടെ കളിക്കാരനായിരുന്ന ജിയാന്‍ ലൂക്ക സാംബ്രോട്ട, സ്പാനിഷ് മുന്‍ താരം ഹോസെ മൊളിന എന്നിവരാണ് യഥാക്രമം മുംബൈ സിറ്റി എഫ്‌സി, ഡല്‍ഹി ഡൈനാമോസ് എഫ്‌സി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്നീ ക്ലബുകളുടെ കോച്ചിംഗ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പരിചയം ആദ്യമാണെങ്കിലും മത്സര ഗതിക്കനുസരിച്ച് ആശയങ്ങളും തന്ത്രങ്ങളും കൃത്യമായി നടപ്പിലാക്കിയതിനാലാണ് പുതുമുഖങ്ങളായ പരിശീലകര്‍ക്ക് സ്വന്തം ടീമുകളെ അവസാന നാലിലെത്തിക്കാന്‍ സാധിച്ചത്. സീസണിന്റെ തുടക്കത്തില്‍ ഈ പരിശീലകര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീടുള്ള ഓരോ മത്സരങ്ങള്‍ക്കായും ഇവര്‍ മെനഞ്ഞെടുത്ത തന്ത്രങ്ങളും നല്‍കിയ നിര്‍ദ്ദേശങ്ങളും ടീമിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവയായിരുന്നു എന്നുവേണം കരുതാന്‍.

ഹോസെ മൊളിയും ജിയാന്‍ ലൂക്ക സാംബ്രോട്ടയും പരിശീലിപ്പിക്കുന്നത് കഴിഞ്ഞ സീസണിലെ സെമി ഫൈനല്‍ വരെയെത്തിയ ടീമുകളെയാണെങ്കില്‍ അലക്‌സാന്ദ്രെ ഗ്വിമാരെസും സ്റ്റീവ് കൊപ്പലും മൂന്നാം സീസണില്‍ സെമിയിലെത്തിച്ചത് കഴിഞ്ഞ സീസണില്‍ യഥാക്രമം ആറാമതും ഏറ്റവും അവസാനവും എത്തിയ ടീമുകളെയായിരുന്നു.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കഴിഞ്ഞ സീസണുകളില്‍ മികച്ച പരിശീലകരെന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രസീലിയന്‍ മുന്‍ താരം സീക്കോ, ഇറ്റലിയുടെ പഴയ കളിക്കാരന്‍ മാര്‍ക്കോ മാറ്റെരാസി, സ്പാനിഷ് മുന്‍ താരം അന്റോണിയോ ഹബാസ് എന്നിവരുടെ പരിശീനത്തിന്‍ കീഴിലിറങ്ങിയ എഫ്‌സി ഗോവ, ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി പൂനെ സിറ്റി ടീമുകള്‍ മൂന്നാം സീസണില്‍ അവസാന സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ടു. പോര്‍ചുഗീസ് മുന്‍ ഫുട്‌ബോളര്‍ നെലോ വിന്‍ഗാഡ പരിശീലിപ്പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗില്‍ അഞ്ചാമതായിരുന്നു.

സീക്കോയുടെ അമിത ആത്മവിശ്വാസമാണ് എഫ്‌സി ഗോവയ്ക്ക് തിരിച്ചടിയായതെങ്കില്‍ മാര്‍ക്കോ മാറ്റെരാസിക്ക് പിഴച്ചത് ടീം സെലക്ഷനിലായിരുന്നു. മാര്‍ക്വീ താരങ്ങളുടെ ഫോമില്ലായ്മയും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ എഫ്‌സി ഗോവയെയും ചെന്നൈയിന്‍ എഫ്‌സിയെയും തളര്‍ത്തുന്നതിന് കാരണമായി. അതേസമയം, ഐഎസ്എല്‍ മൂന്നാം സീസണ്‍ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരം വരെ ടീമുകള്‍ തമ്മിലുള്ള പോയിന്റ് നിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല എന്നത് ഓരോ ക്ലബുകളും ശക്തമായിരുന്നു എന്നതിന് തെളിവാണ്.

സ്റ്റീവ് കൊപ്പലിന് കീഴില്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രാഥമിക റൗണ്ടിലെ അവസാന നാല് ഹോം മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി ഫൈനലിലേക്കുള്ള മുന്നേറ്റം. അതേസമയം, ഇരുപാദങ്ങളിലുമായി നടത്തപ്പെടുന്ന സെമി ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ഡൈനാമോസ് എഫ്‌സിയെയാണ് നേരിടേണ്ടത് എന്നതിനാല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രാഥമിക റൗണ്ടിലെ പതിനാല് മത്സരങ്ങളില്‍ നിന്നും 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചതെങ്കിലും അവസാന നാലിലെത്തിയ മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കളി മികവില്‍ ഏറ്റവും പിന്നിലായിരിക്കും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള മഞ്ഞപ്പട.

ഐഎസ്എല്‍ സെമി ഫൈനലില്‍ പ്രവേശിച്ച നാല് ടീമുകളില്‍, പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കുറവ് ഗോളുകള്‍ നേടിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. പതിനാല് കളികളില്‍ നിന്നും വെറും പതിമൂന്ന് ഗോളുകള്‍ മാത്രമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ഐഎസ്എല്‍ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലെ ഗോളെണ്ണത്തില്‍ ഏറ്റവും പിന്നിലുള്ള ടീമുകള്‍ക്കൊപ്പമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം.

അതേസമയം, ഐഎസ്എല്‍ സെമി ഫൈനലില്‍ പ്രവേശിച്ച മറ്റ് ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഡല്‍ഹി ഡൈനാമോസ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്നിവര്‍ ഗോള്‍വേട്ടയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മുന്നിലാണ്. മുംബൈ സിറ്റിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും 16 തവണ എതിര്‍ വല കുലുക്കിയപ്പോള്‍ 27 ഗോളുകളുമായി ഡല്‍ഹി ഡൈനാമോസാണ് മുന്നില്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനോട് ഏറ്റുമുട്ടുമ്പോള്‍ സീസണില്‍ ഏറ്റവും കൂടുതലും കുറഞ്ഞ ഗോളുകളും നേടിയ ടീമുകള്‍ തമ്മിലുള്ള മത്സരം കൂടിയാകും അത്. പന്ത് എതിര്‍ ഗോള്‍ മുഖത്തേക്ക് എത്തിക്കാന്‍ ഒരുപരിധിവരെ സാധിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗിലെ കൃത്യതയില്ലായ്മയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് കാരണം.

സീസണില്‍, ചെന്നൈയിന്‍ എഫ്‌സിക്കെതിരായ രണ്ടാംപാദ മത്സരത്തില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മൂന്ന് ഗോളുകള്‍ കണ്ടെത്തി മികച്ച വിജയം സ്വന്തമാക്കുവാന്‍ സാധിച്ചത്. അതേസമയം, മുംബൈ സിറ്റി എഫ്‌സിക്കെതിരായ രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാതെ അഞ്ച് ഗോളുകള്‍ വഴങ്ങിയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യ, പ്രതിരോധ നിരയുടെ ദൗര്‍ബല്യം എടുത്തുകാട്ടുന്നുണ്ട്.

ഐഎസ്എല്‍ പ്രാഥമിക റൗണ്ടിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വിലയിരുത്തിയാല്‍ തുടര്‍ച്ചയായ വിജയങ്ങളോ സ്ഥിരതയാര്‍ന്ന മികവോ പുറത്തെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല എന്നത് വ്യക്തമാകും. ടീം പരിശീലകനായ സ്റ്റീവ് കൊപ്പലിന്റെ കോച്ചിംഗ് മികവും തന്ത്രങ്ങളും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ പലപ്പോഴും നിര്‍ണായകമായിരുന്നു.

ഇരുപാദങ്ങളിലുമായി നടത്തപ്പെടുന്ന സെമി ഫൈനലിലെ ഡല്‍ഹിക്കെതിരായ ആദ്യ കളി നടക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ചാണ്. ഡിസംബര്‍ പതിനൊന്നാം തിയതിയാണ് ആദ്യ മത്സരം. 14ന് ഡല്‍ഹി ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ച് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാംപാദ മത്സരവും നടക്കും.

ആദ്യ റൗണ്ടില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി എത്തിയ മുംബൈ സിറ്റി എഫ്‌സിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലാണ് സെമി ഫൈനലിലെ റ്റൊരു മത്സരം. ഇവരുടെ ആദ്യപാദ മത്സരം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ രബീന്ദ്ര സരോബാര്‍ സ്‌റ്റേഡിയത്തിലും രണ്ടാം മത്സരം മുംബൈ സിറ്റി എഫ്‌സിയുടെ മുംബൈയിലെ ഫുട്‌ബോള്‍ അരീനയിലും നടക്കും.

ഡിസംബര്‍ പത്ത്, 13 തിയതികളിലായാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള മത്സരങ്ങള്‍ നടക്കുന്നത്. സെമി ഫൈനലില്‍ പ്രവേശിച്ച ടീമുകള്‍ക്ക് ഓരോന്ന് വീതം ഹോം, എവേ മത്സരങ്ങള്‍ ഉണ്ടെന്നതിനാല്‍ മത്സര വിജയവും, ആവശ്യമെങ്കില്‍ ഗോള്‍ ശരാശരിയും കണക്കാക്കിയതിന് ശേഷമായിരിക്കും ടീമുകള്‍ ഫൈനലിന് യോഗ്യത നേടുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി രണ്ടാമതെത്തിയപ്പോള്‍ ഇരുപത്തി മൂന്ന് പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയത്. യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ഡല്‍ഹി ഡൈനാമോസ് എഫ്‌സിക്കും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കും 21, 20 പോയിന്റ് വീതമാണുള്ളത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ റൗണ്ടിലെ പതിനാല് മത്സരങ്ങളില്‍ നിന്നും ആറ് ജയം, നാല് വീതം സമനില, തോല്‍വി എന്നിവയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. എഫ്‌സി ഗോവ (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, പൂനെ സിറ്റി എഫ്‌സി (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

ഡല്‍ഹി ഡൈനാമോസ് എഫ്‌സി, പൂനെ സിറ്റി എഫ്‌സി, ചെന്നൈയില്‍ എഫ്‌സി (ആദ്യ മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (രണ്ടാം മത്സരം), ടീമുകളോട് സമനിലയും നേടി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), മുംബൈ സിറ്റി (രണ്ടാം മത്സരം) ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

ഐഎസ്എല്‍ ആദ്യ സീസണില്‍ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ മാര്‍ക്വീ താരം വടക്കന്‍ അയര്‍ലാന്‍ഡില്‍ നിന്നുള്ള ആരോണ്‍ ഹ്യൂസാണ്. സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ശ്രദ്ധേയ മലയാളി സാന്നിധ്യം. ഇംഗ്ലീഷ് താരങ്ങളായ അന്റോണിയോ ജര്‍മന്‍, മൈക്കല്‍ ചോപ്ര തുടങ്ങിയവര്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയിലെ പ്രധാനികളാണ്.

സീസണിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും ആറ് ജയം, അഞ്ച് സമനില, മൂന്ന് തോല്‍വി എന്നിവയുമായാണ് മുംബൈ സിറ്റി എഫ്‌സി ഐഎസ്എല്‍ സെമി ഫൈനലിലെത്തിയത്. എഫ്‌സി പൂനെ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, (രണ്ട് മത്സരങ്ങളിലും), കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (രണ്ടാം മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ്‌സി ടീമുകളോടായിരുന്നു മുംബൈയുടെ ജയം.

ഡല്‍ഹി ഡൈനാമോസ് എഫ്‌സി (രണ്ട് മത്സരങ്ങളിലും), ചെന്നൈയിന്‍ എഫ്‌സി (ആദ്യ മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (ആദ്യ മത്സരം), എഫ്‌സി ഗോവ (രണ്ടാം മത്സരം) ടീമുകള്‍ക്കെതിരെ സമനിലയും നേടി. കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്‌സി ഗോവ, എഫ്‌സി പൂനെ സിറ്റി (രണ്ടാം മത്സരം) ടീമുകളോടായിരുന്നു മുംബൈ സിറ്റി എഫ്‌സിയുടെ പരാജയം.

ഉറുഗ്വായ് സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ കുന്തമുന. ഐ ലീഗില്‍ മോഹന്‍ ബഗാന്റെ സെന്‍സേഷണല്‍ താരമായ സോണി നോര്‍ദെയും ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരമായ സുനില്‍ ഛേത്രിയും ഇവര്‍ക്കൊപ്പമുണ്ട്. ശക്തമായ പ്രതിരോധവും പ്രതിഭാധനരായ മധ്യനിരയും മുംബൈ സിറ്റി എഫ്‌സിക്ക് സ്വന്തമാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന്റെ ആദ്യ റൗണ്ടില്‍ അഞ്ച് വിജയം നേടിയ ഡല്‍ഹി ഡൈനാമോസ് എഫ്‌സി ആറ് സമനില, മൂന്ന് തോല്‍വി എന്നിവയും വഴങ്ങിയിരുന്നു. ചെന്നൈയിന്‍ എഫ്‌സി (ഇരുപാദ മത്സരങ്ങളിലും), എഫ്‌സി ഗോവ (രണ്ട് കളികളിലും), കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകള്‍ക്കെതിരെയായിരുന്നു ഡല്‍ഹി ഡൈനാമോസിന്റെ ജയം.

കേരള ബ്ലാസ്‌റ്റേഴ്‌സ് (ആദ്യ മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ആദ്യ മത്സരം), മുംബൈ സിറ്റി എഫ്‌സി (ഇരുപാദ മത്സരങ്ങളിലും), എഫ്‌സി പൂനെ സിറ്റി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (രണ്ടാം മത്സരം) ടീമുകളോട് സമനിലയും കണ്ടെത്തി. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, പൂനെ സിറ്റി (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് ടീമുകള്‍ക്കെതിരെയായിരുന്നു ഡല്‍ഹി ഡൈനാമോസ് പരാജയപ്പെട്ടത്.

ഡല്‍ഹി ഡൈനാമോസിന്റെ മാര്‍ക്വീ പ്ലേയര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ മുന്‍ താരം ഫ്‌ളോറന്റ് മലൂദയാണ്. ഇന്ത്യയുടെ ഡെന്‍സണ്‍ ദേവദാസും ബ്രസീലിന്റെ ബ്രൂണോ പെലിസാരിയുമാണ് പ്രതിരോധ നിരയിലെ പ്രമുഖര്‍. ഘാന താരം റിച്ചാര്‍ഡ് ഗാഡ്‌സെയാണ് മുന്നേറ്റത്തില്‍ ഡെല്‍ഹിയുടെ കരുത്ത്. അഡ്രിയാന്‍ ഡുഡുവും മാര്‍സെലോ പെരേരയും ടീമിലെ മികച്ച സാന്നിധ്യമാണ്.

ഐഎസ്എല്‍ മൂന്നാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവും എട്ട സമനിലയും രണ്ട് പരാജയവുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സമ്പാദ്യം. കേരള ബ്ലാസ്റ്റേഴ്‌സ്, ഡല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ആദ്യ മത്സരം), എഫ്‌സി ഗോവ ടീമുകളോടായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ജയം.

ചെന്നൈയിന്‍ എഫ്‌സി (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി, എഫ്‌സി ഗോവ (ആദ്യ മത്സരം), ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ് (രണ്ടാം മത്സരം), എഫ്‌സി പൂനെ സിറ്റി ടീമുകള്‍ക്കെതിരെയായിരുന്നു സമനില. മുംബൈ സിറ്റി എഫ്‌സി (രണ്ടാം മത്സരം), പൂനെ സിറ്റി (ആദ്യ മത്സരം) ടീമുകളോടാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തോല്‍വി വഴങ്ങിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം സീസണിലെ കിരീട ജേതാക്കളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആരാധക പിന്തുണയില്‍ രണ്ടാം സ്ഥാനത്തുള്ള ഐഎസ്എല്‍ ടീം കൂടിയാണ്. ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ മുന്നേറ്റ നിരയിലെ ശ്രദ്ധേയ സാന്നിധ്യം. ഹ്യൂമിനൊപ്പം ഹെല്‍ഡര്‍ പോസ്റ്റിഗയും ചേരുന്ന ഇവരുടെ മുന്നേറ്റവും മികച്ചതാണ്. അര്‍ണാബ് മൊന്‍ഡാലും പ്രീതം കോട്ടായയുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ശ്രദ്ധേയരായ ഇന്ത്യന്‍ താരങ്ങള്‍.

Comments

comments

Categories: Sports, Trending