എസ്സര്‍ ഗ്രൂപ്പിനെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ ബാങ്കുകള്‍

എസ്സര്‍ ഗ്രൂപ്പിനെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ ബാങ്കുകള്‍

 

മുംബൈ: യുഎസിലെ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസവും അധികചെലവും ചൂണ്ടിക്കാട്ടി ഐസിഐസിഐ നേതൃത്വം നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം എസ്സര്‍ ഗ്രൂപ്പിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് നടപടികള്‍ ആരംഭിച്ചു. ഗ്രൂപ്പിനു കീഴിലുള്ള എസ്സാര്‍ സ്റ്റീല്‍ മിനസോട്ട എല്‍എല്‍സി (ഇഎസ്എംഎല്‍)ന്റെ സ്വപ്‌ന പദ്ധതിയാണ് യുഎസില്‍ നടപ്പാക്കുന്നത്.

ഇന്ത്യന്‍ ബാങ്കുകളുടെ കൂട്ടായ്മ 530 മില്യണ്‍ ഡോളറിന്റെ വായ്പയാണ് എസ്സര്‍ ഗ്രൂപ്പിന് പദ്ധതിക്കു വേണ്ടി കൈമാറിയത്. പദ്ധതി പൂര്‍ത്തികരിക്കുന്നതിനായി എടുത്ത വായ്പയ്ക്ക് എസ്സറിന്റെ വിദേശ കമ്പനിയായ എസ്സല്‍ ഗ്ലോബല്‍ ഫണ്ട് ലിമിറ്റഡിനെയാണ് ഐസിഐസിഐ ബാങ്കില്‍ ഈട് നിര്‍ത്തിയത്. എന്നാല്‍ പദ്ധതിയില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ സിംഗപ്പൂര്‍ ബ്രാഞ്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂയോര്‍ക്ക് സൂപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 530 മില്യണ്‍ ഡോളര്‍ പ്രാഥമിക വായ്പ തുകയും 29 മില്യണ്‍ ഡോളര്‍ പലിശയും ഉള്‍പ്പെടെ 560 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. ഇതിനു പുറമെ വക്കീല്‍ ഫീസായി 4.82 ലക്ഷം ഡോളറും ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇജിഎഫ്എല്‍, എസ്സര്‍ സ്റ്റീല്‍ മൗറീഷ്യസ് ലിമിറ്റഡ്, എസ്സര്‍ സ്റ്റീല്‍ ഏഷ്യ ഹോള്‍ഡിംഗ്‌സ്, എസ്സര്‍ മൗറീഷ്യസ് ലിമിറ്റഡ് തുടങ്ങി വായ്പയെടുക്കുന്നതിന് സെക്യുരിറ്റി നിര്‍ത്തിയ എസ്സര്‍ ഗ്രൂപ്പിന്റെ നാല് കമ്പനികള്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

2010 ഡിസംബറിലാണ് ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം എസ്സര്‍ ഗ്രൂപ്പിന് 530 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂയോര്‍ക്ക് ബ്രാഞ്ച്, സിന്‍ഡിക്കേറ്റ് ബാങ്കിന്റെയും കാനറാ ബാങ്കിന്റെയും ലണ്ടന്‍ ബ്രാഞ്ചുകള്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോങ്കോംഗ് ബ്രാഞ്ച് എന്നിവയുമായി ചേര്‍ന്നാണ് ഐസിഐസിഐ ബാങ്കിന്റെ ന്യൂയോര്‍ക്ക് ബ്രാഞ്ച് വിദേശ കറന്‍സിയില്‍ വായ്പ നല്‍കിയത്. വായ്പയുടെ മുഖ്യ സംഘാടകന്‍ എന്ന നിലയില്‍ മറ്റു ബങ്കുകള്‍ക്കു വേണ്ടി ഐസിഐസിഐ ബാങ്കാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

Comments

comments

Categories: Branding