ശാസ്ത്ര-സാങ്കേതിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ഇസ്രയേല്‍ തീരുമാനം

ശാസ്ത്ര-സാങ്കേതിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ഇസ്രയേല്‍ തീരുമാനം

ന്യുഡെല്‍ഹി: ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ഇസ്രയേല്‍ ധാരണ. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഒഫിര്‍ അക്കുനിസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ വര്‍ധനുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് 1993 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ശാസ്ത്ര സാങ്കേതിക കരാറിന്റെ(എസ് & ടി) കീഴില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസം ഇസ്രയേല്‍ പ്രസിഡന്റും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ആഗോളതലത്തിലെ മുന്‍നിര ഇന്നൊവേഷന്‍ രാജ്യമായ ഇസ്രയേലുമായുള്ള ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സഹകരണത്തിന് ഇന്ത്യ വളരെ പ്രാധാന്യം നല്‍കുന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള മൂല്യാധിഷ്ഠിതമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും സഹായിക്കുന്ന അവസരങ്ങളും മാര്‍ഗങ്ങളും കണ്ടെത്തണമെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഇന്ത്യയും ഇസ്രയേലും സംയുക്തമായി കൃഷി, മെഡിക്കല്‍ ബയോടെക്‌നോളജി, ഹ്യൂമണ്‍ ജിനോമിക്‌സ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് നാനോടെക്‌നോളജി, ഇമേജിംഗ് സെന്‍സര്‍ ആന്‍ഡ് റോബോട്ടിക്‌സ്, സോളാര്‍ എനര്‍ജി, ഐടി, കമ്യൂണിക്കേഷന്‍ തുടങ്ങിയ രംഗങ്ങളില്‍ നൂതനമായ പല ഗവേഷണ പ്രൊജക്റ്റുകളും നടപ്പിലാക്കിയിട്ടുണ്ട്.

ഈ വര്‍ഷമാദ്യം ജെറുസലേമില്‍ നടന്ന ഇന്ത്യ-ഇസ്രയേല്‍ സംയുക്ത എസ്&ടി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് രണ്ടു വര്‍ഷത്തെ സഹകരണ കരാറടിസ്ഥാനത്തില്‍ സൈബര്‍ സെക്യൂരിറ്റി, ഹെല്‍ത്ത്‌കെയര്‍, ബിഗ് ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്റ്റുകള്‍ക്കായി ഇരു രാജ്യങ്ങളും ഒരു ദശലക്ഷം യുഎസ് ഡോളര്‍ വീതം മുടക്കുമെന്ന് തീരുമാനിച്ചിരുന്നു. ശാസ്ത്ര മേഖലകളില്‍ വനിതകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സംയുക്ത പ്രോഗ്രാമുകളും നടപ്പിലാക്കും. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും വ്യവസായ ലോകത്തെയും തമ്മില്‍ ബന്ധിച്ചിച്ചുകൊണ്ട് വിവരകൈമാറ്റത്തിനും ഇന്നൊവേഷനും അവസരമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: World