ഓസ്ട്രിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: തീവ്ര വലതുപക്ഷത്തിനു യൂറോപ്പില്‍ അപ്രതീക്ഷിത തിരിച്ചടി

ഓസ്ട്രിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: തീവ്ര വലതുപക്ഷത്തിനു യൂറോപ്പില്‍ അപ്രതീക്ഷിത തിരിച്ചടി

യൂറോപ്പിലും അമേരിക്കയും സമീപകാലത്ത് populist പാര്‍ട്ടികള്‍ (ജനസംഖ്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതെന്നവകാശപ്പെടുന്ന പാര്‍ട്ടി) നേടിയ വിജയം വന്‍ തരംഗം സൃഷ്ടിക്കുകയുണ്ടായി. ഈ തരംഗത്തിന്റെ ചുവടുപിടിച്ചാണ് ഈ മാസം നാലാം തീയതി ഞായറാഴ്ച മധ്യ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ തീവ്രവലതു പക്ഷ സ്ഥാനാര്‍ഥിയായ നോര്‍ബര്‍ട്ട് ഹോഫര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയിക്കുമെന്ന ആത്മവിശ്വാസം ഹോഫര്‍ക്ക് ആവോളമുണ്ടായിരുന്നു. എന്നാല്‍ ഇടത് സ്വതന്ത്രന്‍ അലക്‌സാണ്ടര്‍ വാന്‍ഡര്‍ ബെല്ലന്‍ എന്ന പ്രോ യൂറോപ്യന്‍ എതിരാളിക്കു മുന്‍പില്‍ ഹോഫര്‍ ദയനീയമായി പരാജയപ്പെട്ടു.

ഓസ്ട്രിയയിലെ ഗ്രീന്‍ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണു വാന്‍ഡര്‍ മത്സരിച്ചത്. ഇദ്ദേഹത്തിനു 53.3 % വോട്ടുകള്‍ ലഭിച്ചു. ഹോഫര്‍ക്കാകട്ടെ 46.7% വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം മെയ് മാസം ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വാന്‍ഡര്‍ 31,000 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ക്രമക്കേട് നടന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നു കോടതി ഫലം അസാധുവാക്കി. ഇതേത്തുടര്‍ന്നാണു വീണ്ടും ഡിസംബര്‍ നാലാം തീയതി തെരഞ്ഞെടുപ്പ് നടത്തിയത്. മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ അധികം വോട്ടുകള്‍ നേടിയാണ് ഇപ്പോള്‍ വാന്‍ഡര്‍ വിജയിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ബ്രെക്‌സിറ്റിലും അമേരിക്കയിലും പ്രകടമായത് ഭരണവിരുദ്ധ തരംഗമായിരുന്നു. 2017ല്‍ ഫ്രാന്‍സില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഈയൊരു തരംഗം ഓസ്ട്രിയയിലും പ്രകടമാകുമെന്നു ഫ്രീഡം പാര്‍ട്ടിയുടെ ഹോഫറും സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ലെന്നു മാത്രമല്ല. ഭരണകൂടത്തെ ജനം പിന്തുണയ്ക്കുന്ന കാഴ്ച ഓസ്ട്രിയയില്‍ കണ്ടു.
ഏകദേശം ഒരു വര്‍ഷക്കാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍, ബിസിനസ് നേതാക്കള്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങിയവരുടെ പിന്തുണ ഗ്രീന്‍ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയുടെ വാന്‍ഡര്‍ക്കു മതിയാവോളം ലഭിക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ നേതൃസ്ഥാനത്തേയ്ക്കു ഒരു തീവ്രവലത്പക്ഷ നേതാവ് അധികാരത്തിലേറുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ ഇവര്‍ക്ക് സാധിക്കുകയും ചെയ്തു എന്നതാണ് ഡിസംബര്‍ നാലിലെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശനായ തീവ്ര വലത്പക്ഷ പാര്‍ട്ടിക്കാരനായ ഹോഫര്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ കാരണം ഓസ്ട്രിയയുടെ സവര്‍ണ രാഷ്ട്രീയ വിഭാഗത്തിനു മേല്‍ കെട്ടിവയ്ക്കുകയുണ്ടായി. തനിക്കെതിരേ ഈ വിഭാഗം ഗൂഢാലോചന നടത്തിയതു കൊണ്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റു വാങ്ങേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു. 2018ല്‍ നടക്കുന്ന അടുത്ത പാര്‍ലമെന്ററി ഇലക്ഷനില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണത്തിലെ മുഖ്യവിഷയം യൂറോപ്യന്‍ യൂണിയനിലെ അംഗത്വം സംബന്ധിച്ചായിരുന്നു. തീവ്രവലത്പക്ഷക്കാരനായ ഹോഫര്‍ വിജയിച്ചാല്‍ ഓസ്ട്രിയയ്ക്കു യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകടക്കേണ്ടി വരുമെന്നു വാന്‍ഡര്‍ പക്ഷം വോട്ടര്‍മാര്‍ക്കു സൂചന നല്‍കിയിരുന്നു. എന്നാല്‍ ഈ വാദത്തെ ഹോഫര്‍ തള്ളിക്കളയുകയുമുണ്ടായി. പക്ഷേ ഹോഫര്‍ ഒരു കാര്യം പ്രത്യേകം എടുത്തുപറയുകയുണ്ടായി. അതായത് താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഓസ്ട്രിയ, യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന കാര്യത്തില്‍ ജനഹിത പരിശോധന നടത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഓസ്ട്രിയ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ ഹോഫറുടെ പരാജയം യൂറോപ്പിലെ തീവ്ര വലത്പക്ഷത്തിന്റെ മുന്നേറ്റത്തിന് അവസാനം കുറിക്കുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിന് ഉത്തരം ഒരു വലിയ നോ ആണ്. കാരണം ഓരോ രാജ്യത്തും നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുന്നത് ആ രാജ്യം നേരിടുന്ന, അഭിമുഖീകരിക്കുന്ന വിഷയങ്ങളായിരിക്കും. അവിടെ ഒരിക്കലും ട്രംപിന്റെയോ ബ്രെകിസിറ്റ് വിജയമോ അല്ല നിര്‍ണായകമാവുന്നത്. പക്ഷേ 2016 വര്‍ഷം ലോകത്തെ ബോദ്ധ്യപ്പെടുത്തിയ ഒരു കാര്യമുണ്ട്; സമത്വം, സഹിഷ്ണുത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്ക് വന്‍ തിരിച്ചടിയേറ്റ വര്‍ഷമാണ് 2016. ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് ഈ വിധമായിരിക്കും.

Comments

comments

Categories: World