ഇ-കൊമേഴ്‌സ് രംഗവും നോട്ട് അസാധുവാക്കലും

ഇ-കൊമേഴ്‌സ് രംഗവും  നോട്ട് അസാധുവാക്കലും

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തിന്റെ വളര്‍ച്ചാ പ്രതീക്ഷയില്‍ വലിയ ഇടിവാണ് ഇ-മാര്‍ക്കെറ്റര്‍ എന്ന സാമ്പത്തിക ഗവേഷണ സ്ഥാപനം വരുത്തിയിരിക്കുന്നത്. നേരത്തെ 2016 സാമ്പത്തിക വര്‍ഷത്തില്‍ 75 ശതമാനമായിരുന്നു ഇ-കൊമേഴ്‌സ് രംഗത്തിന്റെ വളര്‍ച്ച പ്രവചിച്ചിരുന്നത്. എന്നാല്‍ ഇന്നത് വെട്ടിച്ചുരുക്കി 55.5 ശതമാനത്തില്‍ നിര്‍ത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഇ-മാര്‍ക്കെറ്റര്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. കാരണം ചികയേണ്ട കാര്യമില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നയം തന്നെ.

ഈ സാമ്പത്തിക വര്‍ഷം ഇ-കൊമേഴ്‌സ് രംഗം 16 ബില്ല്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇ-കൊമേഴ്‌സ് വഴി ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യുന്നതില്‍ നവംബര്‍ എട്ടിനു ശേഷം വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യുന്നതിനെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. 100ന്റെ നോട്ടുകളുടെ ക്ഷാമവും 500, 1000 നോട്ടുകള്‍ നിരോധിച്ചതും ജനങ്ങളുടെ കയ്യില്‍ ലിക്വുഡ് കാഷിന്റെ വലിയ കുറവ് വരുത്തി. ഇതോടെ പലരും ഇ-കൊമേഴ്‌സ് ബുക്കിംഗ് നിര്‍ത്തി. പ്രധാന കമ്പനികളായ ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവയുടെയെല്ലാം ഈ വര്‍ഷത്തെ വളര്‍ച്ചാ ലക്ഷ്യങ്ങളെ നോട്ട് അസാധുവാക്കല്‍ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, നോട്ട് രഹിത സമ്പദ് വ്യവസ്ഥയിലേക്ക് ജനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന് ഇമാര്‍ക്കെറ്റര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇതിനു കുറച്ച് സമയമെടുക്കും. കാഷ് ഓണ്‍ ഡെലവറി സംവിധാനമായിരുന്നു ഇ-കൊമേഴ്‌സ് മേഖലയില്‍ പെട്ടെന്നൊരു കുതിപ്പുണ്ടാക്കിയത്. പല കമ്പനികളും ഇപ്പോള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിര്‍ത്തിവെച്ചിരിക്കുകയുമാണ്.

മൊത്തം ഇ-കൊമേഴ്‌സ് ഓര്‍ഡറുകളുടെ 70 ശതമാനത്തോളം കാഷ് പേമെന്റിലൂടെയാണ് നടക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗും പേടിഎം വാലറ്റുകളുമൊന്നും ഉപയോഗപ്പെടുത്താത്തവരാണ് കൂടുതല്‍ ഇന്ത്യക്കാരുമെന്നതിനാല്‍ നിലവിലെ അവസ്ഥയില്‍ നിന്നും പതിയെ മാത്രമേ മുന്നോട്ടുപോക്ക് പ്രതീക്ഷിക്കേണ്ടതുള്ളൂ.
ലാഭത്തിലാകാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് യാതൊരുവിധത്തിലും സാധിക്കാതെയിരിക്കുന്ന സാഹചര്യത്തിലാണ് നോട്ട് അസാധുവാക്കലിന്റെ ബാധ്യത കൂടി എത്തിയതെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ട്രാക്‌സന്‍ ടെക്‌നോളജീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിക്കും നവംബറിനുമിടയില്‍ ഈ രംഗത്തേക്ക് എത്തിയത് 3.7 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം മാത്രമാണ്. 2015നെ അപേക്ഷിച്ച് ഇത് 7.5 ബില്ല്യണ്‍ ഡോളര്‍ കുറവാണ്. ഫ്‌ളിപ്കാര്‍ട്ടിന് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടാനായത് 1,952 കോടി രൂപയുടെ വരുമാനം മാത്രമാണ്. കമ്പനി രേഖപ്പെടുത്തിയ നഷ്ടമാകട്ടെ 2,306 കോടി രൂപയും. അടുത്തൊന്നും തന്നെ ഫ്‌ളിപ്കാര്‍ട്ടിന് ലാഭത്തിന്റെ പാതയില്‍ എത്താനാകുമോയെന്നത് സംശയകരമാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ആമസോണ്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ ആമസോണ്‍ ഇന്ത്യ ആത്മവിശ്വാസത്തോടെ വിപണിയില്‍ നിക്ഷപം നടത്തുന്നുണ്ടെന്നതാണ് ശ്രദ്ധേയം. അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ഇ-കൊമേഴ്‌സ് കമ്പനികള്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്ന സമയത്താണിതെന്നത് ശ്രദ്ധേയമാണ്. പല കമ്പനികളും ലയിക്കുന്നതിന്റെ സാധ്യതകളും ആരായുന്നുണ്ട്. ചൈനീസ് ടെക്‌നോളജി ഭീമനും ഇ-കൊമേഴ്‌സ് രംഗത്തെ അതികായനുമായ ആലിബാബ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഫ്‌ളിപ്കാര്‍ട്ട് പോലുള്ള കമ്പനികളുടെ കാര്യം കുറച്ചുകൂടി കഷ്ടത്തിലാകാനാണ് സാധ്യത. ലാഭത്തിലെത്താന്‍ പുതിയ രീതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപ്ലവം കുമിളയാണെന്ന വിമര്‍ശനങ്ങള്‍ക്കാകും മുന്‍തൂക്കം ലഭിക്കുക.

Comments

comments

Categories: Editorial