നോട്ട് റദ്ദാക്കല്‍: ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഇടിഞ്ഞു

നോട്ട് റദ്ദാക്കല്‍: ഓണ്‍ലൈന്‍  സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം ഓണ്‍ലൈന്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ ബാധിച്ചു. നവംബര്‍ മാസത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 18 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനം മൂലം വിപണിയില്‍ നിന്ന് പണം വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടതും ഉത്സവ സീസണിനു ശേഷം ആവശ്യം കുറഞ്ഞതുമാണ് മൊബീല്‍ വില്‍പ്പന ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ആകെയുള്ള വില്‍പ്പനയില്‍ ഇടിവ് നേരിട്ടെങ്കിലും കഴിഞ്ഞ മാസം കാഷ്‌ലെസ് ഇടപാടുകള്‍ ഇരട്ടിയായെന്ന് പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍ എന്നിവര്‍ അറിയിച്ചു. പണത്തിന്റെ കുറവ് അനുഭവപ്പെടുന്നതിനാല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി പേമെന്റ് നടത്താന്‍ തുടങ്ങിയത് വിപണി വിഹിതം വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി.

പ്രാഥമിക കണക്കുകള്‍ പ്രകാരം ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ക്കൂടിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഒക്‌റ്റോബര്‍-നവംബര്‍ കാലയളവില്‍ 18 ശതമാനം താഴ്ന്നു. നവംബറില്‍ മാത്രം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന വിഹിതം 34 ശതമാനമാണ് കുറഞ്ഞത്. ഉത്സവ സീസണായ ഒക്‌റ്റോബറില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 37 ശതമാനം ഉയര്‍ന്നിരുന്നു-ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസേര്‍ച്ചിന്റെ വിശകലന വിദഗ്ധന്‍ പാവല്‍ നെയ്യ പറഞ്ഞു.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 31 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍വഴിയായിരുന്നു. ഇഎംഐ ഓഫറുകള്‍, ഓണ്‍ലൈന്‍ പങ്കാളികളില്‍ നിന്ന് ലഭ്യമായ മറ്റ് സ്‌കീമുകള്‍ എന്നിവയിലൂടെയാണ് കഴിഞ്ഞ മാസം കൂടുതല്‍ മൊബീല്‍ ഫോണുകളും വിറ്റ് പോയത്. എന്നാല്‍, ഡിസംബറില്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന മന്ദഗതിയിലായിരിക്കുമെന്നും വളര്‍ച്ച ഒറ്റയക്കത്തില്‍ നില്‍ക്കുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു. നവംബറില്‍ ഇന്ത്യയിലെ മൊബീല്‍ഫോണ്‍ വിപണിയിലെ ഷിപ്‌മെന്റില്‍ 26 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്‌മെന്റില്‍ 23 ശതമാനവും കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു.
ഉല്‍പ്പന്നം ഉപഭോക്താവിന് കൈമാറുന്ന സമയത്ത് പണം സ്വീകരിക്കുന്നതിന് മുന്‍ഗണന നല്‍കിയിരുന്ന കമ്പനികള്‍ നോട്ട് നിരോധനം വന്നയുടനെ ഈ സമ്പ്രദായം നിര്‍ത്തലാക്കുകയും ഓണ്‍ലൈന്‍ വഴിയുള്ള ആവശ്യകത വര്‍ധിപ്പിക്കുന്നതിനായി കാര്‍ഡുകളിലൂടെയും മൊബീല്‍ വാലറ്റുകളിലൂടെയുമുള്ള പേമെന്റ് സംവിധാനം അവതരിപ്പിക്കുകയും ചെയ്തു. സാധനങ്ങള്‍ വാങ്ങിയശേഷം പിന്നീട് പണമടയ്ക്കുന്ന രീതിയുമായി സാംസംഗ്, എല്‍ജി തുടങ്ങിയ കമ്പനികള്‍ രംഗത്ത് വരികയും ചെയ്തു.

Comments

comments

Categories: Business & Economy