നോട്ട് അസാധുവാക്കല്‍: വില്‍പ്പനയില്‍ മൂന്നക്ക വളര്‍ച്ചയെന്ന് ആമസോണ്‍

നോട്ട് അസാധുവാക്കല്‍:  വില്‍പ്പനയില്‍ മൂന്നക്ക വളര്‍ച്ചയെന്ന് ആമസോണ്‍

ന്യുഡെല്‍ഹി: രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് വിവിധ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ വഴി ആമസോണ്‍ ഇന്ത്യയുടെ വില്‍പ്പന വളര്‍ച്ച മുന്നക്കത്തിലെത്തിയതായി ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജരും വൈസ് പ്രസിഡന്റുമായ അമിത് അഗര്‍വാള്‍ അറിയിച്ചു. നോട്ട് പിന്‍വലിച്ച പ്രഖ്യാപനത്തെത്തുടര്‍ന്ന് കമ്പനിയുടെ വിതരണ സംഘത്തിന് പുതിയ രീതിയിലേക്ക് മാറുന്നതിന് സഹായിക്കുന്നതിനായി തങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

ആമസോണിന്റെ ലോജിസ്റ്റിക്‌സ് ടീം ഉല്‍പ്പന്നം ഡെലിവര്‍ ചെയ്യാനെത്തുമ്പോള്‍ കൂടെ കൊണ്ടുവരുന്ന പോയിന്റ് ഓഫ് സെയില്‍സ് ഡിവൈസില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ പേയ്‌മെന്റ് രീതികള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താവുന്ന സൗകര്യം കമ്പനി ആരംഭിച്ചിട്ടുണ്ട്. ധാരാളം ഉപഭോക്താക്കള്‍ ഇതിനകം ഈ രീതി ഉപയോഗപ്പെടുത്തി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

നോട്ട് പിന്‍വലിച്ചതിനുശേഷം ഇലക്ട്രോണിക് പേമെന്റ് രീതികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് ഇ-കൊമേഴ്‌സിനെ സംന്ധിച്ച് വളരെ പ്രയോജനപ്രദമാണ്. കാഷ് ഓണ്‍ ഡെലിവറി നിര്‍ത്തിവെച്ച സമയത്ത് വില്‍പ്പനയില്‍ ഗണ്യമായ കുറവനുഭവപ്പെട്ടെങ്കിലും പിന്നീട് ഇത് പുനരാരംഭിച്ച അവസരത്തില്‍ വില്‍പ്പന വര്‍ധിക്കുകയും വില്‍പ്പനയില്‍ കമ്പനി മുന്നക്ക വാര്‍ഷിക വളര്‍ച്ച കൈവരിക്കുകയും ചെയ്തുവെന്ന് അമിത് അഗര്‍വാള്‍ വ്യക്തമാക്കി. നിലവില്‍ 95 ദശലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ആമോസോണ്‍ വൈബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ 1.8 ദശലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് അടുത്ത ദിവസം തന്നെ ഉപഭോക്താവിന് എത്തിച്ചുകൊടുക്കാന്‍ സൗകര്യമുള്ളതാണ്. കഴിഞ്ഞ മാസം 8നാണ് രാജ്യത്ത് 500,1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്

Comments

comments

Categories: Branding