ലക്ഷ്യം ഹൃദ് രോഗമുക്ത ജനത; സി.എസ്.ഐ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

ലക്ഷ്യം ഹൃദ് രോഗമുക്ത ജനത;  സി.എസ്.ഐ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

കൊച്ചി: ഹൃദ്‌രോഗ മുക്തമായ ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ)യുടെ 68ാമത് വാര്‍ഷിക സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കൊച്ചി ലെ മെറിഡിയന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് വൈകിട്ട് 7ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഡിസംബര്‍ 8 മുതല്‍ 11 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിലെ അഞ്ച് പ്രമുഖ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റികളുടെ അധ്യക്ഷന്മാര്‍ ഓരേ വേദിയില്‍ ഒത്തുകൂടും. ഹൃദ്‌രോഗ പ്രതിരോധം, രോഗീ പരിചരണം, രോഗാവസ്ഥയില്‍ സ്വീകരിക്കേണ്ട അടിയന്തിര സേവനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുള്ള സമഗ്ര പരിപാടികളാണ് മൂന്നര ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഒരുക്കുന്നത്. ഇത് മൂന്നാം തവണയാണ് സി.എസ്.ഐ വാര്‍ഷിക സമ്മേളനത്തിന് കൊച്ചി വേദിയാകുന്നത്.

4700 കാര്‍ഡിയോളജിസ്റ്റുകളും 200 അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഡോ. സലിം യൂസഫിനെ (വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ്) പോലുള്ള ഹൃദ്‌രോഗ വിദഗ്ധര്‍ ഹൃദയ സംരക്ഷണത്തെ കുറിച്ച് സംസാരിക്കും. 2025ഓടെ രാജ്യത്തെ ഹൃദ്‌രോഗ മരണം 25 ശതമാനം കുറയ്ക്കുക എന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ (ഡബ്‌ളു.എച്ച്.ഒ) നിര്‍ദേശം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യവും സി.എസ്.ഐ ഏറ്റെടുത്തിട്ടുണ്ട്. ഡോ. ഡേവിഡ് വുഡ്, (പ്രസിഡന്റ്, വേള്‍ഡ് ഹെല്‍ത്ത് ഫെഡറേഷന്‍), പ്രൊഫ. മാര്‍ക്ക് സീഗര്‍ (പ്രസിഡന്റ്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍), ഡോ. മേരി നോറിന്‍ (പ്രസിഡന്റ്, അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി), ഡോ. ജെറോന്‍ ബാക്‌സ് (പ്രസിഡന്റ്, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി), സാന്ദനു ഗുഹ (പ്രസിഡന്റ്, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ) തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തിന്റെ ഭാഗമായി ക്ലാസുകള്‍ നയിക്കും.
രാജ്യത്ത് നടക്കുന്ന ആകെ മരണങ്ങളില്‍ 40 ശതമാനവും ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി സി.എസ്.ഐ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മോഹനന്‍ പി.പി പറഞ്ഞു. യുവാക്കളടക്കം രാജ്യത്തെ നല്ലൊരു ശതമാനം ജനത പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്ക് അടിമകളാണ്. ഒപ്പം പുകവലിയും വ്യായാമത്തിന്റെ കുറവും ഇത്തരക്കാരെ ഹൃദ്‌രോഗത്തിന് അടിമകളാക്കുന്നു. എന്നാല്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം അപകടങ്ങളെ കുറിച്ചും ആവശ്യമായ മുന്‍കരുതലുകളെ കുറിച്ചും ജനത്തെ ബോധവാന്മാരാക്കുക എന്ന വലിയ ദൗത്യവും സി.എസ്.ഐ ഏറ്റെടുത്തിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ക്കല പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ കേരളത്തിലെ ഹൃദ്‌രോഗികളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവുണ്ടായതായി വ്യക്തമായെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ഡോ. ഗീവര്‍ സക്കറിയ പറഞ്ഞു. ആകെ രോഗികളില്‍ 40 ശതമാനത്തിന് മാത്രമേ രോഗാവസ്ഥയെ കുറിച്ച് ബോധമുള്ളു. ഇതില്‍ പകുതിപ്പേര്‍ മാത്രമാണ് ചികിസ്ത തേടുന്നത്. എന്നാല്‍ ചികിത്സ കൃത്യമായി പിന്തുടരുന്നവരുടെ എണ്ണം ഇതിലും താഴെയാണ്. ഈ കാരണത്താല്‍ സാധാരണക്കാരനുപോലും തന്റെ ഹൃദയത്തെ അറിയാന്‍ സഹായിക്കുംവിധം കേരളത്തിലെ 143 കാര്‍ഡിയോളജിസ്റ്റുകള്‍ ചേര്‍ന്നെഴുതിയ ‘ഹൃദയത്തെ അറിയാന്‍ ഹൃദ്‌രോഗത്തെ ചെറുക്കാന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന വേളയില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥ് നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് രോഗിയെ പ്രാപ്തനാക്കുന്ന ഹാര്‍ട്ട്‌സ് ആപ്പ് (മൊബൈല്‍ ആപ്പ്), ഹൃദയ സംരക്ഷണം എന്ന സന്ദേശവുമായി സോള്‍ ഓഫ് കൊച്ചി, ഇന്ത്യന്‍ നേവി, എന്നിവരുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണ്‍, യോഗ പരിശീലനം തുടങ്ങിയവയും വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കും. മാരത്തോണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള, സമ്മേളനത്തിന് പുറത്തുനിന്നുള്ളവര്‍ www.csikochi2016.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.

സമ്മേളനത്തിന്റെ തീം സോങ് സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ് നല്‍കി ഡോ. പി.പി മോഹനന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ.എ ചാക്കോ (ചെയര്‍മാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി), ഡോ. വേണുഗോപാല്‍. കെ (മുന്‍ ദേശിയ അധ്യക്ഷന്‍), ഡോ. ജാബിര്‍ (ജോയിന്റ് സെക്രട്ടറി), ഡോ. അനില്‍ കുമാര്‍ (ചെയര്‍പേഴ്‌സണ്‍, മീഡിയ കമ്മിറ്റി) തുടങ്ങിയവരും പങ്കെടുത്തു.

Comments

comments

Categories: Branding