വില്‍പ്പന ലക്ഷ്യം കൈവരിക്കാന്‍ കോള്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ലെന്ന് വിലയിരുത്തല്‍

വില്‍പ്പന ലക്ഷ്യം കൈവരിക്കാന്‍  കോള്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ലെന്ന് വിലയിരുത്തല്‍

കൊല്‍ക്കത്ത: ഊര്‍ജ്ജ ഉല്‍പ്പാദകരില്‍ നിന്നുള്ള ആവശ്യകത ക്രമാനുഗതമായി വര്‍ധിച്ചില്ലെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യം വെച്ചിരിക്കുന്ന വില്‍പ്പന കൈവരിക്കാന്‍ കോള്‍ ഇന്ത്യക്ക് സാധിക്കില്ലെന്ന് വിലയിരുത്തല്‍. ധനകാര്യ വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ 40 മില്ല്യണ്‍ ടണ്ണിന്റെ വില്‍പ്പന ഇടിവിനെ കോള്‍ ഇന്ത്യ അഭിമുഖീകരിച്ചു കഴിഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി തട്ടിക്കുമ്പോള്‍ വിപരീതമായ സാഹചര്യത്തെയാണ് കമ്പനി അഭിമുഖീകരിക്കുന്നത്. ഊര്‍ജ്ജ മേഖലയിലെ കല്‍ക്കരി ആവശ്യകത 90 മില്ല്യണ്‍ ടണ്ണിലെത്തിയത് മുന്‍ വര്‍ഷം കോള്‍ ഇന്ത്യയുടെ കല്‍ക്കരി വില്‍പ്പനയ്ക്ക് കുതിപ്പേകി. എന്നാല്‍, ഈ വര്‍ഷം സമാന തോതിലെ ആവശ്യം ഉണ്ടായിട്ടില്ല.
നവംബര്‍ വരെ 340.3 മില്ല്യണ്‍ ടണ്‍ കല്‍ക്കരി കോള്‍ ഇന്ത്യ വിറ്റിരുന്നു. 381.6 മില്ല്യണ്‍ ടണ്ണെന്ന വില്‍പ്പന ലക്ഷ്യത്തിനെക്കാള്‍ കുറവാണിത്. 360.8 മില്ല്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന കോള്‍ ഇന്ത്യക്ക് 323.6 മില്ല്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിക്കാനേ കഴിഞ്ഞിട്ടുള്ളു. ശേഷിക്കുന്ന നാലു മാസങ്ങളില്‍ 274 മില്ല്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമെ 597.6 മില്ല്യണ്‍ ടണ്‍ എന്ന ലക്ഷ്യത്തില്‍ കോള്‍ ഇന്ത്യ എത്തിച്ചേരുകയുള്ളു.
വൈദ്യുതി ഉല്‍പ്പാദന കമ്പനികള്‍ വലിയ തോതില്‍ കല്‍ക്കരി വാങ്ങിയാല്‍ മാത്രമെ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ. പക്ഷേ, നിലവിലെ സ്ഥിതി അനുസരിച്ച് ഈ ഉദ്യമം പ്രയാസമേറിയതായിരിക്കും. വൈദ്യുതി ഉല്‍പ്പാദന കമ്പനികളില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതും ജലവൈദ്യുത പദ്ധതികളെയും പാരമ്പര്യേത ഊര്‍ജ്ജ സ്രോതസുകളെയും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതുമാണ് വില്‍പ്പന ഇടിയാന്‍ കാരണം-റേറ്റിംഗ് കമ്പനിയായ ഐസിആര്‍എ കല്‍ക്കരി വിഭാഗം വൈസ് പ്രസിഡന്റ് സബ്യസാച്ചി മജുംദാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 539 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യ ആകെ ഉല്‍പ്പാദിപ്പിച്ചത്. അതിന് തൊട്ടു മുന്‍പിലത്തെ വര്‍ഷം ഇത് 494 മില്ല്യണ്‍ ടണ്‍ ആയിരുന്നു. എന്നാല്‍, 2020തോടെ ഒരു ബില്ല്യണ്‍ ടണ്‍ വാര്‍ഷികോല്‍പ്പാദനമെന്ന ലക്ഷ്യത്തില്‍ നിന്ന് കല്‍ക്കരി മന്ത്രാലയം പിന്നോട്ടുപോയിട്ടില്ല.

Comments

comments

Categories: Branding