ആഴ്‌സണലിനും ബാഴ്‌സലോണയ്ക്കും തകര്‍പ്പന്‍ ജയം

ആഴ്‌സണലിനും ബാഴ്‌സലോണയ്ക്കും തകര്‍പ്പന്‍ ജയം

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരങ്ങളില്‍ വമ്പന്മാരായ ആഴ്‌സണല്‍, ബാഴ്‌സലോണ, ബയണ്‍ മ്യൂണിക്, നാപോളി ടീമുകള്‍ വിജയം സ്വന്തമാക്കി. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി, പാരിസ് സെന്റ് ജെര്‍മെയ്ന്‍ ക്ലബുകള്‍ സമനില വഴങ്ങുകയും അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

വിജയത്തോടെ, ആഴ്‌സണല്‍, നാപോളി, ബാഴ്‌സലോണ ടീമുകള്‍ യഥാക്രമം എ, ബി, സി ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ആധികാരികമാക്കി. അതേസമയം, പരാജയം വഴങ്ങിയെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ഡിയിലെ ജേതാക്കളായാണ് ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്.

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എഫ്‌സി ബേസലിനെയാണ് ആഴ്‌സണല്‍ തകര്‍ത്തത്. 8, 16, 47 മിനുറ്റുകളില്‍ സ്പാനിഷ് താരം ലൂക്കാസ് പെരസ് നേടിയ ഹാട്രിക് ഗോളുകളാണ് ആഴ്‌സണലിന്റെ വിജയത്തില്‍ നിര്‍ണായകമായത്. നൈജീരിയയുടെ അലക്‌സ് ഇവോബിയായിരുന്നു ആഴ്‌സണലിന്റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. 78-ാം മിനുറ്റില്‍ സെയ്‌ദോ ഡൂംബിയയാണ് എഫ്‌സി ബേസലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ബള്‍ഗേറിയന്‍ ടീമായ ലുഡോ ഗോറെറ്റ്‌സിനെതിരെയാണ് ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ സമനില വഴങ്ങിയത്. ഇരു ടീമുകളും നേടിയത് രണ്ട് ഗോളുകള്‍ വീതമായിരുന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ആഴ്‌സണലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

പാരിസ് സെന്റ് ജെര്‍മെയ്ന്‍ അവരുടെ സ്വന്തം തട്ടകത്തില്‍ സമനില വഴങ്ങിയത്, ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ നേരിടണമെന്ന സാഹചര്യത്തില്‍ നിന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സണലിനെ രക്ഷിച്ചു. ആഴ്‌സണല്‍, പിഎസ്ജി ടീമുകള്‍ക്ക് യഥാക്രമം പരിനാല്, പന്ത്രണ്ട് പോയിന്റ് വീതമാണുള്ളത്.

ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തിയാണ് നാപ്പോളി ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നാപ്പോളിയുടെ ജയം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡൈനാമോ കീവ് ബെസിക്താസിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും അഞ്ച് പോയിന്റ് മാത്രമുള്ളതിനാല്‍ പുറത്തായി.

ഗ്രൂപ്പ് സിയില്‍ ജര്‍മന്‍ ക്ലബായ മോണ്‍ഷെന്‍ഗ്ലാഡ്ബാച്ചിനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. ടര്‍ക്കിഷ് താരം അര്‍ദ ടുറാന്റെ ഹാട്രിക് മികവിലായിരുന്നു ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടിയത്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബാ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തി.

മത്സരത്തിന്റെ പതിനാറാം മിനുറ്റില്‍ മെസ്സിയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയുടെ 93-ാം ഗോള്‍ കൂടിയായിരുന്നു ഇത്. ഇതോടെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ അകലം രണ്ടാക്കി കുറയ്ക്കാനും മെസ്സിക്ക് സാധിച്ചു. നെയ്മര്‍, സുവാരസ് എന്നിവര്‍ ഇറങ്ങാതിരുന്ന കളിയുടെ 50, 53, 67 മിനുറ്റുകളിലായിരുന്നു ടുറാന്റെ ഗോളുകള്‍.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സ്‌കോട്ടിഷ് ക്ലബായ സെല്‍റ്റിക്കിനോടാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമാ മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങിയത്. കളിയുടെ നാലാം മിനുറ്റില്‍ റോബര്‍ട്‌സിലൂടെ സെല്‍റ്റിക്കാണ് മുന്നിലെത്തിയത്. എന്നാല്‍ നാല് മിനുറ്റുകള്‍ക്ക് ശേഷം ഇഹിനാചോയിലൂടെ സിറ്റി സമനില നേടി. ഒന്‍പത് പോയിന്റുമായി ബാഴ്‌സയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മന്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കാണ് പരാജയപ്പെടുത്തിയത്. കളിയുടെ 28-ാം മിനുറ്റില്‍ പോളണ്ട് താരം റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയായിരുന്നു വിജയ ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ഡിയിലെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സമ്പൂര്‍ണ ആധിപത്യം തടയാനും ബയണ്‍ മ്യൂണിക്കിന് സാധിച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ജയത്തോടെ12 പോയിന്റായ ബയണ്‍ മ്യൂണിക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയില്‍ നടന്ന പിഎസ്‌വി ഐന്തോവന്‍ -എഫ്‌സി റുസ്‌തോവ് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയും ചെയ്തു.

Comments

comments

Categories: Sports