നോട്ട് അസാധുവാക്കല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും: അനില്‍ അഗര്‍വാള്‍

നോട്ട് അസാധുവാക്കല്‍  ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും: അനില്‍ അഗര്‍വാള്‍

 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണ നീക്കങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന ആശയം ബിസിനസ് അന്തരീക്ഷത്തിലെ തടസങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ മാറുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുമെന്നും അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പണം കൈകാര്യം ചെയ്യേണ്ടതിനാല്‍ നേരിട്ടുള്ള പണമിടപാടുകള്‍ കാര്യങ്ങള്‍ മന്ദഗതിയിലാക്കുമെന്നാണ് അഗര്‍വാളിന്റെ വാദം. അതേസമയം പണരഹിത സംവിധാനങ്ങളുപയോഗിച്ച് ബിസിനസ് മുന്നോട്ടുകൊണ്ടുപോകുകയാണെങ്കില്‍ ബിസിനസില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്നും, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ക്രൂഡ് ഓയില്‍ ഉപയോഗത്തിന്റെ പകുതിയോളം ഉല്‍പ്പാദിപ്പിക്കാനാകുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് അഗര്‍വാള്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ പോലെ വലിയ സാധ്യതകളാണ് താന്‍ ഒഡീഷയിലെ ധാതു സമ്പുഷ്ടമായപ്രദേശങ്ങളുള്ള സംസ്ഥാനങ്ങളില്‍ കാണുന്നത്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ വേദാന്ത ഗ്രൂപ്പ് 10 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഖനന മേഖലയിലാണ് വേദാന്ത ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതെങ്കിലും പൊട്ടാസ്യം, കോള്‍ തുടങ്ങിയവയില്‍ മാത്രം ഇത് ഒതുങ്ങിനില്‍ക്കില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി. .

യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയസമീപനങ്ങളുമാണ് ഖനന മേഖല ലക്ഷ്യമിട്ടുള്ള വേദാന്താ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നത്. ഇന്ധന മേഖലയെ പ്രോത്സാഹിപ്പിക്കും, അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും തുടങ്ങിയവയായിരുന്നു ട്രംപിന്റെ പ്രചാരണ പരിപാടികളില്‍ ഉയര്‍ന്നുകേട്ട മുഖ്യ അജണ്ടകള്‍. ഈ മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയുമായി ഒത്തുപോകുന്നതിന് വേദാന്ത പൂര്‍ണമായും സജ്ജമാണ്. നാല് വര്‍ഷം മുന്‍പു തന്നെ കമ്പനി പണരഹിത ഇടപാടുകള്‍ക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അനില്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. അക്കാലത്തു തന്നെ ജീവനക്കാര്‍ക്കു വേണ്ടി ബാങ്ക് എക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Comments

comments

Categories: Branding