കമ്പനീസ് ആക്ട് പാലിക്കാതെ എയര്‍ഏഷ്യ

കമ്പനീസ് ആക്ട് പാലിക്കാതെ എയര്‍ഏഷ്യ

 

മുംബൈ: കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്റര്‍മാരില്‍ ഒരാളെങ്കിലും വനിതയായിരിക്കണമെന്ന നിബന്ധന നടപ്പിലാക്കാതെ എയര്‍ഏഷ്യ ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനം സംബന്ധിച്ച സാക്ഷ്യപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ടാറ്റ സണ്‍സിനും മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ഏഷ്യ ബെര്‍ഹാദിനും എയര്‍ഏഷ്യ ഇന്ത്യയില്‍ 49 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ട്. ശേഷിക്കുന്ന രണ്ട് ശതമാനം ഓഹരികള്‍ കമ്പനി ചെയര്‍മാന്‍ എസ് രമാദോറയും ഡയറക്റ്റര്‍ ആര്‍ വെങ്കിട്ടരാമനും കൈവശംവയ്ക്കുന്നു. കമ്പനീസ് ആക്ട് 2013 സെക്ഷന്‍ 149 (1) പ്രകാരം കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്റര്‍മാരില്‍ ഒരാളെങ്കിലും വനിതയായിരിക്കണമെന്ന നിബന്ധന എയര്‍ഏഷ്യ ഇന്ത്യ പാലിച്ചതായി കാണുന്നില്ല- സാക്ഷ്യപത്രത്തില്‍ പറയുന്നു. ഒരു സ്വതന്ത്ര കമ്പനി സെക്രട്ടറിയാണ് സാക്ഷ്യപത്രം തയാറാക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ എയര്‍ഏഷ്യ പ്രതികരിച്ചില്ല.
ചെയര്‍മാന്‍ രമാദോറ, ടാറ്റ സണ്‍സ് എക്‌സിക്യുട്ടീവുകളായ വെങ്കിട്ടരാമന്‍, പി കെ ഘോഷ്, എയര്‍ഏഷ്യ ബെര്‍ഹാദ് ആഗോള സിഇഒ ടോണി ഫെര്‍ണാണ്ടസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ താരുമാലിംഗം കനഗലിംഗം എന്നിവരാണ് എയര്‍ഏഷ്യയുടെ ബോര്‍ഡ് അംഗങ്ങള്‍. സെപ്റ്റംബറില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാന്‍ അശോക് സിന്‍ഹ, ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ സുധാകര്‍ റാവു, ഇന്ത്യന്‍ റെവന്യു സര്‍വീസസിലെ മുന്‍ ഉദ്യോഗസ്ഥ മായ സിന്‍ഹ എന്നിവരെ ബോര്‍ഡ് അംഗങ്ങളായി നിയമിക്കുമെന്ന് എയര്‍ഏഷ്യ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍, ഇവരുടെ നിയമനം ഇതുവരെയും നടന്നിട്ടില്ലെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
എയര്‍ഏഷ്യ ഇന്ത്യ പുതിയ സിഇഒ അമര്‍ അബ്രോള്‍, സിഎഫ്ഒ അങ്കുര്‍ ഖന്ന എന്നിവരുടെ നിയമനം സംബന്ധിച്ച് പ്രമേയങ്ങളില്‍ വ്യവസ്ഥകളും ശമ്പള നിബന്ധനകളും പ്രതിപാദിച്ചിട്ടില്ലെന്നും സാക്ഷ്യപത്രം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Branding