ടൗണ്‍സ്‌വില്ലെ അദാനിയുടെ ഖനന പദ്ധതിയുടെ ആസ്ഥാനമാകും

ടൗണ്‍സ്‌വില്ലെ  അദാനിയുടെ ഖനന പദ്ധതിയുടെ ആസ്ഥാനമാകും

 

മെല്‍ബണ്‍: ആദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ നടപ്പാക്കുന്ന ഖനന പദ്ധതിയുടെ പ്രാദേശിക ആസ്ഥാനമായി ടൗണ്‍സ്‌വില്ലയെ നിശ്ചയിച്ചു. പദ്ധതിയുടെ ഭാഗമായ റെയ്ല്‍, തുറമുഖ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം മക്കായി- ബൊവെന്‍ മേഖലയായിരിക്കും. റോക്ക്ഹാംപ്റ്റണ്‍- ടൗണ്‍സ്‌വില്ലെ റൂട്ട് വ്യോമ സേവനങ്ങളുടെ ഹബ്ബുമാകും.
കാര്‍മിഷേല്‍ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ഓഫീസുകളും ബ്രിസ്‌ബെയ്‌നില്‍ തുറക്കാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ ക്വീന്‍സ്‌ലാന്‍ഡിനു സമീപം ഓഫീസുകള്‍ സ്ഥാപിക്കുന്നതാണ് നല്ലതെന്ന് തോന്നി. ഖനന പദ്ധതിയോട് പ്രാദേശിക വ്യവസായങ്ങളുടെയും ജനങ്ങളുടെയും തൊഴിലാളികളുടെയും താല്‍പര്യം വര്‍ധിക്കുന്നതിനും അവരുടെ വൈദഗ്ധ്യത്തെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനും അതു സഹായിക്കുമെന്ന് മനസിലായി- അദാനി ഓസ്‌ട്രേലിയ സിഇഒ ജയകുമാര്‍ ജനകരാജ് പ്രസ്താവനയില്‍ പറഞ്ഞു. ബോവെനിലെ അബോട്ട് പോയിന്റിലെ കല്‍ക്കരി ലോഡിംഗ് സംവിധാനത്തിന്റെ ഉടമസ്ഥ, പ്രവര്‍ത്തനാവകാശങ്ങള്‍ കൈയാളുന്നത് അദാനി ഗ്രൂപ്പാണ്. അബോട്ട് പോയിന്റിലേക്ക് കല്‍ക്കരി എത്തിക്കാന്‍ കാര്‍മിഷേലില്‍ നിന്ന് പുതിയ റെയ്ല്‍വെ ലൈന്‍ സ്ഥാപിക്കും. ഖനനത്തിന് ആവശ്യമായ ഉപകരണങ്ങളും അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങളും മക്കായിയില്‍ നിന്ന് കണ്ടെത്തും. ഖനന സഹായ ഉപകരണങ്ങളുടെ കാര്യത്തില്‍ ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ് മക്കായി- ബോവെന്‍ മേഖല- അദ്ദേഹം വ്യക്തമാക്കി.
പുറത്തു നിന്നു കൊണ്ടുവരുന്ന വസ്തുക്കള്‍ക്ക് തുറമുഖ സൗകര്യവും ടൗണ്‍സ്‌വില്ലെ ഒരുക്കും. ഖനന പദ്ധതിയുമായും അനുബന്ധ പ്രവര്‍ത്തനങ്ങളുമായു ബന്ധപ്പെട്ട് ക്യൂന്‍സ്‌ലാന്‍ഡിലെ 10000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. എമറാള്‍ഡ്, മോറണ്‍ബാഗ്, കോളിന്‍സ്‌വില്ലെ, ചാര്‍ട്ടേഴ്‌സ് ടവേഴ്‌സ്, ക്ലെര്‍മോണ്ട് എന്നിവയും ഖനന പദ്ധതിയുടെ മറ്റു സേവന കേന്ദ്രങ്ങളില്‍പ്പെടുന്നതായും ജനകരാജ് അറിയിച്ചു. ക്യൂന്‍സ്‌ലാന്‍ഡിലെ ഗലി ബേസിനിലാണ് അദാനി ഗ്രൂപ്പ് കല്‍ക്കരി ഖനന പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി വാദികളുടെ കടുത്ത എതിര്‍പ്പിനിടയിലും ക്യൂന്‍സ്‌ലാന്‍ഡ് ഭരണകൂടം പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. പദ്ധതിക്കു കീഴിലെ റെയ്ല്‍ ലൈനിനും കണ്‍സ്ട്രക്ഷന്‍ ക്യാംപിനും കഴിഞ്ഞദിവസം അനുമതി ലഭിക്കുകയുണ്ടായി. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളുമായി ഗൗതം അദാനി തിങ്കളാഴ്ച പങ്കുവച്ചിരുന്നു. ഇന്ത്യയിലെ 100 മില്ല്യണ്‍ ജനങ്ങള്‍ക്ക് വൈദ്യുതിയെത്തിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് കമ്പനി ഉറപ്പുതരുന്നു.

Comments

comments

Categories: Branding