എം2എം കമ്യൂണിക്കേഷന്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ട്രായ് നീട്ടി

എം2എം കമ്യൂണിക്കേഷന്‍  അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ട്രായ് നീട്ടി

കൊല്‍ക്കത്ത: എം2എം (മെഷീന്‍ ടു മെഷീന്‍) കമ്യൂണിക്കേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ചില 4ജി എയര്‍വെവ്‌സ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ട്രായ് (ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ) വീണ്ടും നീട്ടി. ടെലികോം മേഖലയിലെ വിവിധ കമ്പനികളില്‍ നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് വാദപ്രതിവാദങ്ങള്‍ രേഖപ്പെടുത്തുന്നതിന് ട്രായ് കൂടുതല്‍ സമയം അനുവദിച്ചത്. രണ്ടാം തവണയാണ് ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി അതോറിറ്റി സമയം നീട്ടി നല്‍കുന്നത്.

കണ്‍സള്‍ട്ടേഷന്‍ പേപ്പറുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാന്‍ 2017 ജനുവരി 12 വരെയാണ് സമയമനുവദിച്ചിട്ടുള്ളത്. എതിര്‍ അഭിപ്രായങ്ങള്‍ ജനുവരി 19 വരെയും രേഖപ്പെടുത്താനാകുമെന്നും ട്രായ് വ്യക്തമാക്കി. യഥാക്രമം നവംബര്‍ 15, 29 തീയതികള്‍ വരെയാണ് മുന്‍പ് ഇതിനു വേണ്ടി സമയമനുവദിച്ചിരുന്നത്. പിന്നീട് ഡിസംബര്‍ 6, 14 തീയതികളിലേക്ക് സമയം നീട്ടുകയായിരുന്നു. അതേസമയം വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ അതോറിറ്റിയെ സമീപിച്ചു. ഇതേതുടര്‍ന്ന് എം2എം ഡിവൈസ് വിന്യസിപ്പിക്കുന്നത് സ്വാധീനം ചെലുത്താവുന്ന വിവിധ മേഖലകളിലെ പ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കു, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും ട്രായ് പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തില്‍ വിവിധ തലത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ നിര്‍ദേശം രൂപീകരിക്കുന്നതിന് സഹായിക്കുമെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്.

സെന്‍സറുകള്‍ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്താന്‍ വയേര്‍ഡ്, വയര്‍ലെസ് ഡിവൈസുകളെ സജ്ജമാക്കുന്ന സാങ്കേതികതയാണ് എംടുഎം ടെക്‌നോളജി. സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് ഗ്രിഡ്, സ്മാര്‍ട്ട് ഹെല്‍ത്ത്, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ അടിസ്ഥാനവികസന പദ്ധതികളിലും ഈ സാങ്കേതികവിദ്യ വിന്യസിപ്പിക്കാനാകും. 2012ലെ ദേശിയ ടെലികോം പോളിസിയില്‍ എംടുഎം സാങ്കേതിക വിദ്യയുടെ സാന്നിധ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണ്.

ടെലികോം മേഖലയ്ക്കു പുറമേ സുരക്ഷ, പര്യവേഷണം, എടിഎം മെഷീനുകളുടെ നിയന്ത്രണം, ഹോം ഓട്ടോമേഷന്‍, ട്രാഫിക് ക്രമീകരണം, റീട്ടെയ്ല്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെല്ലാം പ്രയോജനകരമാകുന്ന സാങ്കേതിക വിദ്യയാണ് എംടുഎം ടെകനോളജീസ്. കേന്ദ്ര സര്‍ക്കാരിന്റെ 7,000 കോടി രൂപയുടെ സ്മാര്‍ട്ട് സിറ്റി ദൗത്യത്തിന് പിന്തുണയേകാനും എംടുഎം ടെക്‌നോളജീസിനു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Branding