ആര്‍മി വാഹനം: ജിപ്‌സി പുറത്ത്, സഫാരി അകത്ത്

ആര്‍മി വാഹനം: ജിപ്‌സി പുറത്ത്, സഫാരി അകത്ത്

ന്യൂഡെല്‍ഹി: മാരുതി സുസുക്കി ജിപ്‌സിയുടെ സേവനം ഇന്ത്യന്‍ ആര്‍മി മതിയാക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ എസ്‌യുവിയായ സഫാരി സ്റ്റോമാണ് ജിപ്‌സിക്ക് പകരക്കാരനായി ആര്‍മി കണ്ടുവെച്ചിട്ടുള്ളത്. 3,200 യൂണിറ്റ് സഫാരി സ്റ്റോമിന് സേന ഇനിഷ്യല്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷങ്ങളില്‍ ഓര്‍ഡറുകള്‍ പത്ത് മടങ്ങ് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ വന്നിട്ടില്ലെന്നാണ് ഇക്ക്‌ണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍മി വാഹനങ്ങള്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റികളാക്കുന്നതിന്റെ ഭാഗമായാണ് സഫാരി തെരഞ്ഞെടുത്തത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോയെ പിന്നിലാക്കിയാണ് ടാറ്റ മോട്ടോഴ്‌സ് ഓര്‍ഡര്‍ കരസ്ഥമാക്കിയത്.
2013 മുതല്‍ ഈ രണ്ട് വാഹനങ്ങളില്‍ സാങ്കേതിക പരീക്ഷണമടക്കം നടത്തിയാണ് ടാറ്റ സഫാരി തെരഞ്ഞെടുത്തത്. സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങള്‍, കടുത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങള്‍, മരുഭൂമികള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവയില്‍ ഈ വാഹനങ്ങള്‍ പരീക്ഷണയോട്ടം നടത്തിയതിന് ശേഷമാണ് ഏത് വേണമെന്ന് ആര്‍മി തെരഞ്ഞെടുത്തത്.
അതേസമയം, ആര്‍മിയുമായി മികച്ച സാമ്പത്തിക കരാറുണ്ടാക്കിയതാണ് ദീര്‍ഘകാലമായി ബറ്റാലിയനുകള്‍ക്കുള്ള ഗതാതമൊരുക്കിയിരുന്ന മാരുതിയുടെ ജിപ്‌സിക്ക് പകരമായി എത്താന്‍ ടാറ്റ മോട്ടോഴ്‌സിന് നേട്ടമായത്. 30,000 യൂണിറ്റ് ജിപ്‌സിയാണ് ഇന്ന് ആര്‍മിയുടെ സേവനത്തിനായുള്ളത്. അടുത്ത വര്‍ഷം മുതല്‍ ഇവമാറ്റി സഫാരി സ്റ്റോം വരുത്തും.
ഇനീഷ്യല്‍ ഓര്‍ഡര്‍ 3,198 യൂണിറ്റുകളാണെങ്കിലും എണ്ണം ഇനിയും ഉയരും. എല്ലാ യൂണിറ്റുകള്‍ക്കും ഫോര്‍മേഷനുകള്‍ക്കുമായി ഒരു മോഡലാണ് ആര്‍മി പരിഗണിക്കുന്നത്. സൈനിക വിന്യാസത്തിന് ഏറ്റവും അനുയോജ്യമായ രീതിക്കായാണ് ഒരു മോഡലിന് ആര്‍മിക പരിഗണന നല്‍കുന്നത്. -ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.
സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ഒരുക്കാനും ഡീസലില്‍ ഓടിക്കാനുമുള്ള സൗകര്യത്തിനാണ് ജിപ്‌സ് ഇന്ത്യന്‍ ആര്‍മി ഒഴിവാക്കുന്നത്.
പുതിയ കരാറില്‍ ഒപ്പുവെച്ചാല്‍ ടാറ്റ മോട്ടോഴ്‌സിന് ആര്‍മിയില്‍ നിന്നും ലഭിക്കുന്ന രണ്ടാമത്തെ വലിയ കരാറാകുമിത്. ഈ വര്‍ഷം ജനുവരിയില്‍ ഹൈ-മൊബിലിറ്റി മിലിറ്ററി ട്രക്കുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി 1,300 കോടി രൂപയുടെ കരാര്‍ ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Trending