സിറിയന്‍ സമാധാനം അകലെ

സിറിയന്‍ സമാധാനം അകലെ

 

സന്തോഷ് മാത്യു

ആലെപ്പോ-അതൊരു ചരിത്ര നഗരമായിരുന്നു. ഇന്നാകട്ടെ അക്ഷരാര്‍ത്ഥത്തില്‍ പ്രേത നഗരവും. സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് ഏറ്റവും ജനസംഖ്യയുള്ള നഗരമായിരുന്നു അത്. ഹലാബ് എന്ന് അറബിയില്‍ അറിയപ്പെടുന്ന ആലെപ്പോ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായാണ് വിവക്ഷിക്കപ്പെടുന്നത്. മനുഷ്യകുലത്തോളം തന്നെ പഴക്കമുള്ള ഈ നഗരമാണ് സിറിയന്‍ സംഘര്‍ഷത്തിന്റെ കേന്ദ്ര ഭൂമി. സിറിയയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ നഗരം ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിന്റെയും വിമതരുടെയും നിരന്തരാക്രമണത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. റഷ്യയുടെയും ഇറാന്റെയും സൈന്യം കൂടി അസദിനൊപ്പം ചേര്‍ന്ന് പോരടിക്കുമ്പോള്‍ നിലംപൊത്തുന്നത് മനുഷ്യകുലത്തോളം പഴക്കമുള്ള ഒരു പൈതൃക ഭൂമി കൂടിയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സാന്നിധ്യവും നാമമാത്ര തോതില്‍ ആലെപ്പോയിലുണ്ട്.
അഞ്ച് വര്‍ഷം പിന്നിട്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശമായാണ് ആലെപ്പോ കണക്കാക്കപ്പെടുന്നത്. അസദ് ഭരണകൂടത്തിനെതിരെ അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍ (2011 ഡിസംബറില്‍) ആലെപ്പോയും സംഘര്‍ഷഭരിതമായി മാറുകയായിരുന്നു. 2012 ഫെബ്രുവരിയായപ്പോഴേക്കും പൂര്‍ണ്ണമായും ഈ നഗരം അസദ് വിരുദ്ധര്‍ പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. 2015 മുതല്‍ ഏറെ രക്തക്കറ ആലെപ്പോയുടെ തെരുവുകളില്‍ വീണിട്ടുണ്ട്. തെരുവോരങ്ങളില്‍ നിന്ന് വെടിയൊച്ചകള്‍ പതിവായി. സംഘര്‍ഷങ്ങള്‍ ജീവിതചര്യയുടെ ഭാഗമായി മാറി. 2015 ഒക്‌റ്റോബര്‍ മുതല്‍ റഷ്യയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങിയത് മുതലാണ് സംഘര്‍ഷം അതിന്റെ പാരമ്യത്തിലെത്തുന്നത്. ഇതോടൊപ്പം 2000ലധികം വരുന്ന ഇറാഖില്‍ നിന്നുള്ള ഷിയാ പിന്തുണയുള്ള ഹിസ്ബുള്ളകളും കുര്‍ദുകളും ഇറാനില്‍ നിന്നുമുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകളുമൊക്കെ ചേര്‍ന്ന് ആലെപ്പോയുടെ നിയന്ത്രണത്തിനായുള്ള സംഘര്‍ഷത്തില്‍ ചോരച്ചാലുകള്‍ തന്നെയാണൊഴുക്കിയത്. അല്‍ നുസ്രയും അല്‍ഖ്വയ്ദയുമൊക്കെ കുളംകലക്കാന്‍ ശ്രമിക്കുന്നുണ്ട്.
2016 ജൂലൈയില്‍ റഷ്യന്‍ വ്യോമാക്രമണത്തിന്റെ ഫലമായി 2.5 ലക്ഷത്തോളം ആലെപ്പോ നിവാസികളാണ് പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടവരായത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളോടെ അസദിന്റെ സൈന്യം ആലെപ്പോ തിരികെപിടിച്ചപ്പോള്‍ ലഭിച്ചതാകട്ടെ ഒരു പ്രേതനഗരത്തിന്റെ നിയന്ത്രണവും. സിറിയന്‍ സംഘര്‍ഷം ഇപ്പോള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ചു കൊണ്ട് ഒരു അമേരിക്കന്‍-റഷ്യന്‍ ശീതസമരമായി പരിണമിച്ചിരിക്കുകയാണ്.
ആലെപ്പോ മാത്രമല്ല സിറിയ ആകെമാനം സംഘര്‍ഷത്തിന്റെ ഫലമായി കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി ജനങ്ങള്‍ പരക്കം പായുകയാണ്.
2.75 ലക്ഷത്തിനും 3.20 ലക്ഷത്തിനുമിടയില്‍ ജനങ്ങള്‍ ആലെപ്പോ എന്ന ദുരന്ത നഗരത്തില്‍ കുടുങ്ങികിടക്കുന്നു. ഇതില്‍ ഒരു ലക്ഷത്തിലധികവും കുട്ടികളാണ്. നൂറുകണക്കിനാളുകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ, അമേരിക്ക എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
അസദ്, വിമത പോരാളികള്‍, ഇസ്ലാമിക് സ്‌റ്റേറ്റ്, ഹിസ്ബുള്ള, കുര്‍ദുകള്‍ എന്നിവരൊക്കെ ചേര്‍ന്ന് സിറിയന്‍ സംഘര്‍ഷത്തെ ഒരു പൊതിയാ തേങ്ങയാക്കി മാറ്റിയിരിക്കുകയാണ്. അമേരിക്കയും റഷ്യയും പശ്ചിമേഷ്യയില്‍ എണ്ണയുടെ രാഷ്ട്രീയം കളിക്കുമ്പോള്‍ മാനവ സംസ്‌കൃതിയുടെ കളിത്തൊട്ടിലുകള്‍ നരകഭൂമിയായി മാറിയിരിക്കുന്നു.
ആലെപ്പോയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച് വീണത് നൂറുകണക്കിന് കുഞ്ഞുങ്ങളാണ്. സുന്നി മുസ്ലിങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഈ നഗരത്തില്‍ കുര്‍ദുകളും തുര്‍ക്കി വംശജരും ധാരാളമായുണ്ട്. ഇതിനൊക്കെ പുറമെ സിറിയയിലെ ഏറ്റവും വലിയ ക്രിസ്തു മതവിശ്വാസികള്‍ ഉള്ളതും ഈ നഗരത്തില്‍ തന്നെയാണ്. അലാവൈറ്റ് ഷിയാകള്‍ എന്ന അസദിന്റെ സ്വന്തം സമുദായാംഗങ്ങളും ഈ നഗരത്തിലുണ്ട്. തുര്‍ക്കി, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുടെ പിന്തുണ ധാരാളമായി വിമതര്‍ക്ക് ലഭിക്കുന്നുമുണ്ട്.
യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം 84 ലക്ഷം കുട്ടികള്‍ സിറിയയില്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍, ഇതില്‍ 24 ലക്ഷം കുഞ്ഞുങ്ങള്‍ അഭയാര്‍ത്ഥികളായി തുര്‍ക്കി, ലെബനന്‍, ജോര്‍ദ്ദാന്‍, ഇറാഖ്, ഈജിപ്ത് എന്നീ അയല്‍രാജ്യങ്ങളിലാണ്. ഐലാന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ ചേതനയറ്റ ശരീരം നമ്മുടെ മനസില്‍ നിന്ന് ഇനിയും മാഞ്ഞ് പോയിട്ടില്ല. ഒമറാന്‍ ഡാഖ്‌നിഷ് എന്ന അഞ്ച് വയസുകാരന്റെ പൊടിപടലങ്ങളാല്‍ വികൃതമായ, ചോരയൊലിക്കുന്ന മുഖവും കരളലിയിപ്പിക്കുന്ന ദൃശ്യമായി നമുക്ക് മുന്നിലുണ്ട്.
പശ്ചിമേഷ്യയിലെ എണ്ണ രാഷ്ട്രീയത്തില്‍ (ഓയില്‍ പൊളിറ്റിക്‌സ്) ആധിപത്യം നേടാന്‍ പുടിന്റെ റഷ്യയും അമേരിക്കയും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ സിറിയന്‍ സമാധാനം ഏറെ അകലെത്തന്നെയായി തുടരുന്നു. അമേരിക്ക വിമതരുമായി ചേര്‍ന്ന് ചെറിയ വിലയ്ക്ക് എണ്ണ ശേഖരിക്കുകയാണ്. ബാരലിന് 20 ഡോളറിനും താഴെയായി ക്രൂഡോയില്‍ സംഭരിക്കുന്നു അവര്‍. ക്രൂഡോയില്‍ ഉല്‍പ്പാദകരായ റഷ്യക്കാകട്ടെ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന എണ്ണവിലയിടിവ് ഇതുകൊണ്ട് പിടിച്ചു നിര്‍ത്തേണ്ടതായുമുണ്ട്.
അസദ് വിമതരും പരസ്പരം ഏറ്റുമുട്ടുകയാണ്. ഫ്രീ സിറിയന്‍ ആംസ് എന്ന സേന അമേരിക്കന്‍ സഹായത്തോടെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ പൊരുതുന്നു. കുര്‍ദുകള്‍ സമാന്തരമായി സിറിയന്‍ സേനയ്‌ക്കെതിരെ പോരടിക്കുന്നു. അസദിന്റെ സ്വന്തം ഷിയാ അലാവൈറ്റുകള്‍ സിറിയയുടെ പശ്ചിമ ഭാഗത്തുമാത്രമായി ഇറാന്റെയും റഷ്യയുടെയും സഹായത്തോടു കൂടി ചുരുങ്ങിയിരിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാകട്ടെ അവരുടെ സിറിയന്‍ നയം അടുത്ത പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും പറഞ്ഞ് സമര്‍ത്ഥമായി ഓടിയൊളിക്കുകയാണ്. എന്തൊക്കെ തന്നെയായാലും സിറിയന്‍ സമാധാനം ഒരു പ്രഹേളികയായി തന്നെ തുടരുന്നു. അഞ്ച് വര്‍ഷത്തെ സിറിയന്‍ അസമാധാനം അഞ്ച് ലക്ഷത്തിലധികം ജീവനുകളാണ് അപഹരിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അവരുടെ വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നിരിക്കുന്നു. ക്ലോറിന്‍ വാതകവും ബാരല്‍ ബോംബുകളും സ്വന്തം ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന അസദിനെ ശക്തമായി എതിരിടാന്‍ കോപ്പു കൂട്ടുകയാണ് അമേരിക്കയിപ്പോള്‍. ഏതാണ്ട് ഒരു ലക്ഷത്തിലധികം വിമത പോരാളികളാണ് അസദിനെതിരെ നിരന്തര സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നത്. സമാധാന പ്രവര്‍ത്തകരുടെ വാഹന വ്യൂഹങ്ങള്‍ പോലും വ്യാപകമായി സിറിയയില്‍ ആക്രമിക്കപ്പെടുന്നു. റഷ്യയും പുടിനും ഇതൊരു അഭിമാന പ്രശ്‌നമായി കണ്ട് സര്‍വ്വസന്നാഹവും സിറിയയില്‍ അസദിനായി ക്രമീകരിക്കുകയാണെന്നാണ് അമേരിക്കയുടെ പരാതി.
ഏതായാലും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപിന് മുന്നിലെ പ്രധാന പ്രശ്‌നം സിറിയന്‍ സംഘര്‍ഷമായിരിക്കുമെന്നതില്‍ സംശയമില്ല. സിറിയയുടെ വടക്ക് പടിഞ്ഞാറ് പ്രവിശ്യകളെ നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ ആലെപ്പോ നഗരത്തിന് സമാധാനം ആറാം വര്‍ഷവും അകലെത്തന്നെയാണ്.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Comments

comments

Categories: FK Special