നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് റഷ്യന്‍ നയതന്ത്ര പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് റഷ്യന്‍ നയതന്ത്ര പ്രതിനിധി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് റഷ്യന്‍ നയതന്ത്ര പ്രതിനിധി അലക്‌സാണ്ടര്‍ കാഡകിന്‍. വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിലാണ് മോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തെയും നിയന്ത്രണങ്ങളെയും അദ്ദേഹം പരിഹസിച്ചത്. നല്ലൊരു അത്താഴം കഴിക്കാന്‍ പോലും കഴിക്കാന്‍ കൈയിലുള്ള പണം തികയാത്ത സാഹചര്യത്തില്‍ ദൈനംദിന നയതന്ത്ര ഇടപാടുകള്‍ക്ക് പോലും പ്രയാസം നേരിടുന്നതായാണ് അദ്ദേഹം പ്രതികരിച്ചത്. നോട്ട് അസാധുവാക്കല്‍ രാജ്യത്ത് പണപ്രതിസന്ധി രൂക്ഷമാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിരോധ രംഗത്ത് ഇന്ത്യയുടെ പ്രധാന വിതരണക്കാരും ആഗോളതലത്തില്‍ ശക്തമായ സാന്നിധ്യവുമായ റഷ്യയുടെ പ്രതിനിധി ഉയര്‍ത്തിയ വിമര്‍ശനം നയതന്ത്ര പ്രാധാന്യമര്‍ഹിക്കുന്നതാണ്.

എസ്ബിഐ നിര്‍ദേശം അനുസരിച്ച് ലഭിക്കുന്ന 50,000 റൂബിള്‍സ് (റഷ്യന്‍ പണം) മോസ്‌കോയിലെ ഒരു നല്ല റെസ്‌റ്റോറന്റില്‍ കയറി അത്താഴം കഴിക്കാന്‍ തികയില്ലെന്നും ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡെല്‍ഹിയിലെ റഷ്യന്‍ എംബസിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് എംബസിക്ക് പ്രതിവാരം 50,000 രൂപാ മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളുവെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ആര്‍ബിഐ മറ്റു നിര്‍ദേശങ്ങള്‍ നല്‍കുന്നതു വരെ ഇതില്‍ മാറ്റമുണ്ടാകില്ലെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നോട്ട് നിരോധനത്തിനെതിരെ ശക്തമായ ഭാഷയില്‍ അലക്‌സാണ്ടര്‍ വിമര്‍ശനം എഴുതി അറിയിച്ചത്. ബാങ്ക് നിര്‍ദേശ പ്രകാരം പിന്‍വലിക്കാവുന്ന തുകയുടെ പരിധി ശമ്പളം നല്‍കുന്നതിനോ മറ്റു പ്രവര്‍ത്തന ചെലവുകള്‍ക്കോ മതിയാകില്ലെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡെല്‍ഹിയിലെ ജീവനക്കാരുടെ എണ്ണം 200ല്‍ എത്തിക്കുകയാണ് റഷ്യന്‍ എംബസിയുടെ ലക്ഷ്യം. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ കാരണം ഒരാള്‍ക്ക് പ്രതിവാരം നല്‍കാന്‍ കഴിയുക 250 രൂപയാണെന്നും റഷ്യന്‍ എംബസി ഭാരവാഹികള്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും സമാന നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുമെന്നും വിയന്ന കണ്‍വെന്‍ഷന്റെ ധാരണയ്ക്ക് എതിരാണ് ഈ നിയന്ത്രണങ്ങളെന്നും എംബസി അറിയിച്ചു.

ഉക്രെയ്ന്‍, കസാക്കിസ്ഥാന്‍, എത്യോപ്യ, സുഡാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഡോളര്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ പാകിസ്ഥാന്‍ ഹൈ കമ്മീഷന്‍ സ്റ്റാഫ് ശമ്പളം കൈപ്പറ്റാതെ പ്രതിഷേധം രേഖപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy