ആര്‍ബിഐ നയ പ്രഖ്യാപനം: നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത

ആര്‍ബിഐ നയ പ്രഖ്യാപനം:  നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത

 

ന്യൂഡെല്‍ഹി: ആര്‍ബിഐ യുടെ ദ്വിദിന പണനയ അവലോകന യോഗം ഇന്നലെ ആരംഭിച്ചു. നയ പ്രഖ്യാപനം ഇന്നുച്ചയ്ക്ക് പുറത്തുവിടും. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ആറംഗ മോണിറ്ററി പോളിസി സമിതി (എംപിസി)യാണ് വെബ്‌സൈറ്റിലൂടെ നയം പുറത്തുവിടുക. 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ നയപ്രഖ്യാപനമാണിത്. ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞു കൂടുന്നത് പരിഗണിച്ച് അടിസ്ഥാന നിരക്കുകളില്‍ 0.25 ശതമാനമെങ്കിലും കുറവു വരുത്താന്‍ നയരൂപീകരണ സമിതി തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ചേരുന്ന മോണിറ്ററി പോളിസി സമിതിയുടെ രണ്ടാമത്തെ യോഗമാണ് ഇത്. ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റ ശേഷം കഴിഞ്ഞ ഒക്‌റ്റോബര്‍ മാസത്തിലാണ് ആദ്യ പണനയ അവലോകന യോഗം നടന്നത്. കഴിഞ്ഞതവണ അടിസ്ഥാനനിരക്കുകളില്‍ കാല്‍ ശതമാനം കുറവുവരുത്തിക്കൊണ്ടാണ് നയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനമായിരുന്നു.

2015 ജനുവരി മുതല്‍ ഇതുവരെയുള്ള കാലയളവില്‍ ആര്‍ബിഐ 1.75 ശതമാനം നിരക്ക് കുറച്ചിട്ടുണ്ട്. നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നേരിട്ട് നയ പ്രഖ്യാപനം നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മോണിറ്ററി പോളിസി സമിതിയാണ് നയം പ്രഖ്യാപനം സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. അതുകൊണ്ടുതന്നെ പ്രഖ്യാപനം സംബനിധിച്ച പ്രവചനങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. പലിശ നിരക്കില്‍ 25-50 അടിസ്ഥാന പോയന്റ് കുറവുണ്ടായേക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും, ആകസ്മികമായി വലിയ കുറവുണ്ടാകുകയില്ലെന്നും എസ്ബിഐ മാനേജിംഗ് ഡയറക്റ്റര്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories