പി ജി മനോജ് പരിശീലനം നിര്‍ത്തുകയല്ല വേണ്ടതെന്ന് പി ടി ഉഷ

പി ജി മനോജ് പരിശീലനം നിര്‍ത്തുകയല്ല വേണ്ടതെന്ന് പി ടി ഉഷ

 

തേഞ്ഞിപ്പാലം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്നുപയോഗം നടക്കുന്നുണ്ടെന്നതില്‍ പ്രതിഷേധിച്ച് പരിശീലക സ്ഥാനം ഉപേക്ഷിക്കാനുള്ള പറളി സ്‌കൂളിലെ കായികാധ്യാപകനായ പി ജി മനോജിന്റെ തീരുമാനത്തിനെതിരെ ഒളിംപ്യന്‍ പി ടി ഉഷ രംഗത്ത്.

സ്‌കൂള്‍ കായിക മേളകളില്‍ മരുന്നുപയോഗം നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പരിശീലന ചുമതല ഉപേക്ഷിക്കുന്നതിന് പകരം വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കുകയാണ് വേണ്ടെതെന്നുമാണ് ഉഷ പറഞ്ഞത്.

ഉഷ സ്‌കൂളിലെ കുട്ടികളും ഇത്തരം പ്രതിസന്ധികളെ മറികടന്നാണ് മത്സരിക്കുന്നതെന്നും പാലക്കാട് നിന്നുള്ള കുട്ടികള്‍ തങ്ങളുടേതുപോലെ ഉത്തേജക മരുന്ന് പരിശോധന നടത്തുന്ന എഫ്എഫ്‌ഐ, എഎഫ്എഫ്‌ഐ മീറ്റുകളില്‍ പങ്കെടുക്കുന്നില്ലല്ലോയെന്നും പി ടി ഉഷ ചോദിച്ചു.

എവിടെയും തന്റെ കുട്ടികള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് അറിയിച്ച ഉഷ കോച്ചിംഗ് സ്ഥാനം ഒഴിയാതെ കുട്ടികളെ പരിശീലിപ്പിച്ച് അവരെ മരുന്നുപയോഗ പരിശോധനയുള്ള മീറ്റുകളില്‍ പങ്കെടുപ്പിച്ച് കഴിവ് തെളിയിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

ഉത്തേജക മരുന്ന് പരിശോധനയുള്ള ജൂനിയര്‍ മീറ്റുകളില്‍ പങ്കെടുത്താണ് തന്റെ കുട്ടികള്‍ വരുന്നതെന്നും അതുപോലെ മറ്റുള്ളവര്‍ക്കും ഇത്തരം മീറ്റുകളില്‍ പങ്കെടുക്കുന്നതിന് തടസമൊന്നുമില്ലെന്നും പി ടി ഉഷ പറഞ്ഞു.

ഉത്തേജക മരുന്നുപയോഗ പരിശോധനയില്ലാത്തതിനാല്‍ ഇവിടുത്തെ കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും ആരെങ്കിലും മരുന്ന് ഉപയോഗിച്ചാല്‍ തന്നെ പരിശീലകര്‍ സ്‌പോര്‍ട്‌സ് ഉപേക്ഷിക്കുകയല്ല വേണ്ടതെന്നും പി ടി ഉഷ അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ കായിക മേളകളില്‍ ഉത്തേജക മരുന്ന് പരിശോധന നിര്‍ബന്ധമാക്കണമെന്നും പി ടി ഉഷ വ്യക്തമാക്കി. എന്നാല്‍ ഇത്തരം പരിശോധയ്ക്ക് വേണ്ടി ആരും ഇതുവരെ മത്സര വേദിയില്‍ എത്തിയിരുന്നില്ലെന്നും പി ടി ഉഷ അറിയിച്ചു.

ഉത്തേജക മരുന്ന് പരിശോധന ഉണ്ടായാല്‍ മരുന്നുപയോഗിക്കുന്ന പ്രവണതകള്‍ക്ക് കുറവുണ്ടാകുമെന്നും മുമ്പ് ഇതിനായി പ്രത്യേക സംഘം എത്തുമെന്ന് അറിയിച്ചിരുന്നപ്പോള്‍ താരങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നുവെന്നും പി ടി ഉഷ പറഞ്ഞു.

സ്‌കൂള്‍ കായിക മേളകളില്‍ ഉത്തേജക മരുന്നുപയോഗം കൂടിവരികയാണെന്നും പരിശോധനയില്ലാതെ ഇനി സംസ്ഥാന കായിക മേളകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ താന്‍ പരിശീലന രംഗത്തുനിന്നും പിന്മാറുമെന്നുമായിരുന്നു പി ജി മനോജ് കഴിഞ്ഞ ദിവസം പറഞ്ഞത്.

യാതൊരുവിധ മരുന്നും ഉപയോഗിക്കാത്ത സമര്‍ത്ഥരായ കുട്ടികള്‍ മരുന്നടിക്കാര്‍ക്ക് മുന്നില്‍ പിന്നിലാവുകയാണെന്നും മനോജ് കുറ്റപ്പെടുത്തിയിരുന്നു. സ്‌കൂള്‍ കായികോത്സവത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) പരിശോധനയ്ക്കായി എത്തിയിരുന്നില്ല.

Comments

comments

Categories: Sports