ന്യൂസിലാന്‍ഡിനെ ഞെട്ടിച്ച രാജി

ന്യൂസിലാന്‍ഡിനെ ഞെട്ടിച്ച രാജി

അഞ്ചാം തീയതി അപ്രതീക്ഷിത നീക്കത്തിലൂടെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ജോണ്‍ കീ രാജിവച്ചത് ഏറെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. കീയുടെ അപ്രതീക്ഷിതമായ രാജിയിലൂടെ നേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡ്. ഈ മാസം 12നാണു പുതിയ നേതാവിനെ കണ്ടെത്തുക.

അടുത്ത വര്‍ഷം ന്യൂസിലാന്‍ഡ് പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കവേയാണു ന്യൂസിലാന്‍ഡിന്റെ ജനകീയനായ പ്രധാനമന്ത്രി ജോണ്‍ കീ രാജി പ്രഖ്യാപിച്ചത്. ഇനിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. മന്ത്രിസഭയിലെ തന്റെ രണ്ടാമനും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ബില്‍ ഇംഗ്ലീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേയക്കു പിന്തുണയ്ക്കുമെന്നും കീ അറിയിച്ചിട്ടുണ്ട്.
55-കാരനായ കീ, മെറില്‍ ലിഞ്ച് ബാങ്കിലെ മുന്‍ ജീവനക്കാരനാണ്. 2008ലാണു ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയായി കീ തെരഞ്ഞെടുക്കപ്പെട്ടത്. ജനകീയനായിരുന്ന കീ, 2017ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചു തുടര്‍ച്ചയായി നാലാമതും പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്പിക്കപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ രാജി സംഭവിച്ചത്.
4.7 മില്യന്‍ ജനങ്ങളുള്ള വികസിത രാഷ്ട്രമാണു ന്യൂസിലാന്‍ഡ്. ഉപഗ്രഹത്തിലെ അവസാന ബസ് സ്റ്റോപ്പെന്നാണു ന്യൂസിലാന്‍ഡിനെ കീ വിശേഷിപ്പിച്ചിരുന്നത്. യൂറോപ്പിലെയും ഏഷ്യയിലെയുമൊക്കെ ഭൂരിഭാഗം രാജ്യങ്ങളും മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ അഭൂതപൂര്‍വ വളര്‍ച്ച കൈവരിച്ച, ഇപ്പോഴും പുരോഗതിയിലൂടെ സഞ്ചരിക്കുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണു ന്യൂസിലാന്‍ഡ്. ലോക ബാങ്ക് സമീപകാലത്ത് ന്യൂസിലാന്‍ഡിനെ കുറിച്ച് പരാമര്‍ശിച്ചത് ഇങ്ങനെ; ലോകത്ത് ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യം ന്യൂസിലാന്‍ഡ് എന്നാണ്.
രാജ്യത്തെ പുരോഗതിയിലേക്കു നയിച്ചതില്‍ കീ വഹിച്ച പങ്ക് നിസാരമല്ല. സമീപകാലത്തു നടത്തിയ അഭിപ്രായ സര്‍വേകളില്‍ കീയുടെ സര്‍ക്കാരിനു ജനങ്ങളുടെയിടയില്‍ വന്‍ സ്വീകാര്യതയുണ്ടെന്നാണു സൂചിപ്പിച്ചത്. കീയുടെ പ്രതിച്ഛായയ്ക്കു മുന്‍പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി നിഷ്പ്രഭമാണെന്നും അഭിപ്രായ സര്‍വേ സൂചിപ്പിക്കുകയുണ്ടായി. 2011ല്‍ ന്യൂസിലാന്‍ഡിനെ പിടിച്ചുകുലുക്കിയ ഭൂകമ്പം 185 പേരുടെ ജീവനെടുക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതില്‍നിന്നും രാജ്യം മെല്ലെ പുരോഗതി കൈവരിക്കുകയാണ്.
ന്യൂസിലാന്‍ഡിന്റെ ദേശീയ സമ്പദ്ഘടന പ്രതിവര്‍ഷം 3.5 % വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. തൊഴിലില്ലായ്മ 5 ശതമാനത്തിനും താഴെയാണ്. ഏറ്റവുമധികം തൊഴിലവസരം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ന്യൂസിലാന്‍ഡ് മുന്‍നിരയിലാണ്. വേതന വര്‍ധന ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുന്നുമുണ്ട്. ഇതെല്ലാം സാധ്യമായത് 2008ല്‍ ജോണ്‍ കീ അധികാരത്തില്‍ വന്നതിനു ശേഷമാണെന്നതും ശ്രദ്ധേയമാണ്.
ജോണ്‍ കീ അധികാരത്തില്‍നിന്നും വിട്ടൊഴിയുന്നതോടെ ഉപപ്രധാനമന്ത്രി ബില്‍ ഇംഗ്ലീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു പിന്തുണയ്ക്കുമെന്നു ജോണ്‍ കീ അറിയിച്ചിട്ടുണ്ട്. കീയെ പോലെ ഉല്ലാസഭരിതനല്ല ബില്‍. 2002ല്‍ ബില്ലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടി വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇദ്ദേഹത്തിന്റെ പ്രധാനമന്ത്രി മോഹത്തിനു തടസമായി ഭരണപാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിയില്‍നിന്നും കരുത്തരും ശക്തരുമായ ജൂഡിത്ത് കോളിന്‍സും പൗള ബെന്നറ്റുമുണ്ട്. എന്നാല്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് ജോണ്‍ കീയുടെ രാജിയെ തുടര്‍ന്നു ഉയര്‍ന്നുവന്ന അവസരം മുതലെടുക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.
ഹെലന്‍ ക്ലാര്‍ക്കിനു ശേഷം ന്യൂസിലാന്‍ഡില്‍ അധികാരത്തിലേറാന്‍ ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്കു സാധിച്ചിട്ടില്ല. ശക്തമായൊരു നേതൃത്വമില്ലാത്തതാണു ലേബര്‍ പാര്‍ട്ടിയെ പിന്നോട്ടടിച്ചത്. 2014ല്‍ ആന്‍ഡ്രൂ ലിറ്റില്‍ നേതൃസ്ഥാനത്തേയ്ക്കു വന്നതോടെയാണ് ലേബര്‍ പാര്‍ട്ടി സജീവമായതു തന്നെ. തൊഴിലാളി പ്രസ്ഥാനത്തിലൂടെ നേതൃനിരയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് ലിറ്റില്‍. ഭവനരഹിതരുടെ ക്ഷേമത്തിനു വേണ്ടി വാദിക്കുന്ന നേതാവ് കൂടിയാണ് ആന്‍ഡ്രൂ ലിറ്റില്‍. ഗ്രീന്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ ആന്‍ഡ്രു ലിറ്റില്‍ തയാറായിട്ടുണ്ട്.
ലേബര്‍ പാര്‍ട്ടിക്കു പുറമേ ന്യൂസിലാന്‍ഡിലെ പോപ്പുലിസ്റ്റ് പാര്‍ട്ടിയായ ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയും സജീവമായി രംഗത്തുണ്ട്. ഇമിഗ്രേഷന്‍, സ്വതന്ത്ര വിപണി തുടങ്ങിയ വിഷയങ്ങളില്‍ ഉദാരസമീപനമാണ് ന്യൂസിലാന്‍ഡ് പുലര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്നു വാദിക്കുന്നവരാണ് ന്യൂസിലാന്‍ഡ് ഫസ്റ്റ്.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*