ഹരിത കേരളം: പൊലീസും പങ്കുചേരും

ഹരിത കേരളം: പൊലീസും പങ്കുചേരും

ഈ മാസം എട്ടിന് കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കേരള പൊലീസും പങ്കു ചേരും. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും സംഘടിപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഈ ദിവസം സംസ്ഥാനമൊട്ടാകെ ശുചിത്വം ഉറപ്പാക്കുന്നതിനായി നടത്തുന്ന വിവിധ പരിപാടികളിലും കേരള പൊലീസിന്റെ പൂര്‍ണ സഹകരണം നല്‍കുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പൊലീസ് സ്റ്റേഷനുകളും പൊലീസ് ഓഫീസുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രാദേശികമായ ഖര-ജല-വായുമലിനീകരണം ഒഴിവാക്കുന്നതിനുള്ള പൊലീസ് നടപടികളുടെ ഭാഗമായി മാപ്പിങ്, ബോധവത്കരണം, യുക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കല്‍ എന്നിവ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നും നേരത്തെതന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടികളുടെ പുരോഗതി വിലയിരുത്തി കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്റ്റേഷന്‍ – സര്‍ക്കിള്‍ – ഡിവൈ.എസ്.പി – ജില്ലാതലങ്ങളില്‍ ഡിസംബര്‍ എട്ടിനു നടക്കും. പൊലീസ് സ്റ്റേഷനുകളും പരിസരവും ശുചിയാക്കുക, കേസില്‍ പിടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളും മറ്റും ഒരു ഭാഗത്ത് ഒതുക്കി സൂക്ഷിക്കുക, റെക്കോര്‍ഡുകളും മറ്റും കൂടുതല്‍ ചിട്ടയായി സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഡിസംബര്‍ എട്ടിന് സ്റ്റേഷനുകളിലും മറ്റു പൊലീസ് ഓഫീസുകളിലും നടക്കും. ഇതോടൊപ്പം പ്രാദേശികമായി നടക്കുന്ന ഹരിതകേരളം കാംപെയിന്‍ പദ്ധതികള്‍ക്ക് ആവശ്യമായ സഹായം നല്‍കുക, റസിഡന്റ്സ് അസോസിയേഷനുകളും ജനമൈത്രി സമിതികളുമായി ചേര്‍ന്ന് വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തുക തുടങ്ങിയ ഉചിതമായ മറ്റു പരിപാടികളും നടപ്പാക്കും. സവിശേഷമായ പ്രവര്‍ത്തനം ആവിഷ്‌കരിക്കുന്ന സ്റ്റേഷനും ഓഫീസിനും ജില്ലാതലത്തില്‍ പാരിതോഷികം നല്‍കും. സോണല്‍ എഡിജിപിമാരും റെയ്ഞ്ച് ഐജിമാരും എസ്പിമാരും ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ഇടപെടലും നടത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Branding

Related Articles