സ്‌കൂള്‍ കായികോത്സവം: പാലക്കാട് ജേതാക്കള്‍

സ്‌കൂള്‍ കായികോത്സവം:  പാലക്കാട് ജേതാക്കള്‍

തേഞ്ഞിപ്പാലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം. അവസാന ദിനം വരെ എറണാകുളത്തിന് പിന്നില്‍ നിന്നതിന് ശേഷം അപ്രതീക്ഷിത കുതിപ്പുമായാണ് പാലക്കാട് ജേതാക്കളായത്. 255 പോയിന്റാണ് ഒന്നാം സ്ഥാനക്കാരായ പാലക്കാട് നേടിയത്. രണ്ടാമതെത്തിയ എറണാകുളത്തിന് നേടാനായത് 247 പോയിന്റും.

കായിക മേളയിലെ സ്‌കൂളുകളുടെ പ്രകടനത്തില്‍ കോതമംഗലം മാര്‍ ബേസിലാണ് ഒന്നാമത്. 117 പോയിന്റാണ് ഇവരുടെ സമ്പാദ്യം. 102 പോയിന്റുള്ള പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. പറളി, മുണ്ടൂര്‍ സ്‌കൂളുകളും പാലക്കാടിന്റെ കുതിപ്പില്‍ നിര്‍ണായകമായി. 50 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ അവസാന ദിനത്തില്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ എം ജിസ്‌ന ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തു. 1.70 മീറ്ററാണ് ജിഷ്‌ന ചാടിയത്. കേരളത്തിന്റെ തന്നെ ലിസ്ബത്ത് കരോലിലിന്‍ ജോസഫ് കഴിഞ്ഞ വര്‍ഷം ചാടിയ 1.65 മീറ്ററാണ് ദേശീയ റെക്കോര്‍ഡ്.

1.68 മീറ്റര്‍ ഉയരത്തില്‍ ചാടി വെള്ളി മെഡല്‍ സ്വന്തമാക്കിയ എറണാകുളം സേക്രഡ് ഹാര്‍ട് സ്‌കൂളിലെ ഗായത്രി ശിവകുമാറും ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും മീറ്റ് റെക്കോര്‍ഡ് ഭേദിക്കുകയും ചെയ്തു. ഇതുവരെയുണ്ടായിരുന്ന മീറ്റ് റെക്കോര്‍ഡ് 2013ല്‍ ഭരണങ്ങാനം സ്‌കൂളിലെ ഡെയ്ബി സെബാസ്റ്റിയന്‍ ചാടിയ 1.64 മീറ്ററായിരുന്നു.

സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടി കോതമംഗലം മാര്‍ ബേസിലിന്റെ ബിബിന്‍ ജോര്‍ജ് ട്രിപ്പിള്‍ സ്വന്തമാക്കി. 1:53.75 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. മുമ്പ് 1500, 5000 മീറ്ററുകളിലും ബിബിന്‍ സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിലെ സി വി സുഗന്ധകുമാര്‍ വെള്ളിയും തിരുവനന്തപുരം സായിയിലെ അഭിനന്ദ് സുന്ദരേശന്‍ വെങ്കലവും കരസ്ഥമാക്കി.

അതേസമയം, 3000, 1500 മീറ്ററുകളില്‍ സ്വര്‍ണം നേടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ സി ബബിതയ്ക്ക് നേരിയ വ്യത്യാസത്തില്‍ ട്രിപ്പിള്‍ സ്വര്‍ണം നഷ്ടമായി. സീനിയര്‍ പെണ്‍കുട്ടികളിളുടെ 800 മീറ്ററില്‍ ഉഷ സ്‌കൂളിലെ ആബിത മേരി മാനുവലിന് മുന്നില്‍ ബബിതയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരുവനന്തപുരം സായിയിലെ അശ്വതി ബിനുവിനാണ് വെങ്കലം.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ റേസിലെ സ്വര്‍ണ നേട്ടത്തോടെ കോഴിക്കോട് പൂവമ്പായി സ്‌കൂളിനെ പ്രതിനിധീകരിക്കുന്ന ഉഷ സ്‌കൂളിലെ എല്‍ഗ തോമസ് ട്രിപ്പിള്‍ സ്വന്തമാക്കി. 100, 400 മീറ്ററുകളിലായിരുന്നു എല്‍ഗ തോമസ് ആദ്യം സ്വര്‍ണം നേടിയത്.

Comments

comments

Categories: Sports