എണ്ണ ഉല്‍പ്പാദനം വെട്ടിചുരുക്കുന്നത് ഇന്ത്യയെ തുണയ്ക്കും: ഒപെക്

എണ്ണ ഉല്‍പ്പാദനം വെട്ടിചുരുക്കുന്നത് ഇന്ത്യയെ തുണയ്ക്കും: ഒപെക്

ന്യൂഡെല്‍ഹി: എണ്ണ ഉല്‍പ്പാദനം വെട്ടികുറയ്ക്കാനുള്ള തീരുമാനം ഇന്ധന വിപണി സ്ഥിരത കൈവരിക്കുമെന്നും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം സുപ്രധാനമാണെന്നും ഒപെക് രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. ഇത് രാജ്യത്തേക്കുള്ള ഇന്ധന വിതരണം ഉറപ്പുവരുത്തുമെന്നും 13 രാജ്യങ്ങളടങ്ങുന്നു ഒപെക് കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞയാഴ്ച വിയന്നയില്‍ നടന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് പ്രതിദിനം 1.2 മില്യണ്‍ ബാരല്‍ എന്ന നിലയിലേക്ക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നതു സംബന്ധിച്ച് ധാരണയുണ്ടായത്. ജനുവരി ഒന്നു മുതല്‍ ഇത് നടപ്പിലാക്കാനാണ് തയാറെടുക്കുന്നത്. തുടര്‍ന്ന് ആറു മാസത്തിനു ശേഷം തീരുമാനം അവലോകനം ചെയ്യുമെന്നും, എണ്ണ വിതരണത്തില്‍ സന്തുലിതാവസ്ഥ (ഇന്ധന വിതരണം ഇന്ധന ആവശ്യകതയ്ക്ക് തുല്യമാകുന്ന അവസ്ഥ) കൈവരിക്കുന്നതിലൂടെ ഇന്ധന വിപണിയില്‍ സ്ഥിരത കൊണ്ടുവരാനാകുമെന്ന് ഒപെക് സെക്രട്ടറി ജനറല്‍ മൊഹമ്മദ് സനൂസി ബര്‍ക്കിന്‍ഡോ പറഞ്ഞു. ഇന്ധന വിപണിയിലെ സ്ഥിരത ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും, ഭാവിയിലേക്കുള്ള ഇന്ധന വിതരണത്തിന്റെ കാര്യത്തില്‍ ഉറപ്പുലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ മാത്രം പരിഗണിക്കുമ്പോള്‍ 2040 ആവുമ്പോഴേക്കും പ്രതിദിന ഇന്ധന ആവശ്യകത 2015ലെ 4.1 മില്യണ്‍ ബാരണില്‍ നിന്ന് പത്ത് മില്യണിലധികം വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ ഇന്ത്യയടക്കം ഏഷ്യയിലെ മറ്റു വികസിത സമ്പദ്‌വ്യവസ്ഥകളില്‍ ആവശ്യകതയില്‍ ഉണ്ടാകുന്ന വര്‍ധന എല്ലാ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളില്‍ നിന്നുള്ള വിതരണത്തെയും ആശ്രയിച്ചായിരിക്കും. ഈ മുന്നേറ്റത്തില്‍ ഒപെക് രാഷ്ട്രങ്ങള്‍ വളരെ വലിയ പങ്കുവഹിക്കുമെന്നും, ഇത് സാധ്യമാകണമെങ്കില്‍ അംഗ രാഷ്ട്രങ്ങള്‍ തുടര്‍ച്ചയായ നിക്ഷേപം നടത്തണമെന്നും സനൂസ് കൂട്ടിച്ചേര്‍ത്തു.

ഒപെക് കൂട്ടായ്മയില്‍ ഇല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം വെട്ടിചുരുക്കി വില 50 ഡോളറിനു മുകളില്‍ സ്ഥിരപ്പെടുത്തുന്നതിന് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒപെക് ഇതര രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി ഈ മാസം പത്താം തീയതി ഒപെക് കൂട്ടായ്മ യോഗം ചേരും.

Comments

comments

Categories: Business & Economy