ചൈനീസ് നയം: ട്രംപിന്റെ സമീപനത്തോട് ഒബാമയ്ക്ക് എതിര്‍പ്പ്

ചൈനീസ് നയം: ട്രംപിന്റെ സമീപനത്തോട് ഒബാമയ്ക്ക് എതിര്‍പ്പ്

വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ ചൈനയോടുള്ള നയത്തില്‍ ഒബാമ ഭരണകൂടത്തിന് എതിര്‍പ്പുള്ളതായി സൂചന. ചൈന ആവിഷ്‌കരിച്ച ഏക ചൈന നയത്തിനുള്ള (one-china policy) പിന്തുണ അമേരിക്ക തുടരുമെന്നു വാഷിംഗ്ടണ്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് ഇക്കാര്യം പറഞ്ഞത്. തായ്‌വാന്‍ പ്രസിഡന്റുമായി നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് ഫോണില്‍ സംസാരിച്ചതിന്റെ ലക്ഷ്യം എന്താണെന്നു ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കാന്‍ മാത്രമല്ല തായ്‌വാന്‍ പ്രസിഡന്റ് വിളിച്ചത്. ഇരുവരും നടത്തിയ സംഭാഷണത്തിനു പിറകില്‍ ദീര്‍ഘകാലത്തെ തയാറെടുപ്പ് ഉണ്ടായിരുന്നെന്നു കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തായ്‌വാന്‍ പ്രസിഡന്റുമായി ട്രംപ് ഫോണ്‍ സംഭാഷണം നടത്തിയതിലൂടെ വലിയൊരു തന്ത്രം യുഎസ് മെനയുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തന്ത്രം എന്താണെന്നു തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും തായ്‌വാനുമായി ബന്ധം പുനസ്ഥാപിക്കുന്നതിലൂടെ യുഎസിനു എന്ത് നേട്ടമാണു കൈവരിക്കാന്‍ സാധിക്കുന്നതെന്നും മനസിലാകുന്നില്ലെന്ന് ജോഷ് ഏണസ്റ്റ് പറഞ്ഞു. 1979നു ശേഷം തായ്‌വാന്റെ നേതാക്കളുമായി ഇതുവരെ യുഎസ് പ്രസിഡന്റുമാര്‍ ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തുകയോ, സംഭാഷണത്തിലേര്‍പ്പെടുകയോ ചെയ്തിട്ടില്ല. ഈ കീഴ്‌വഴക്കമാണ് കഴിഞ്ഞ ദിവസം ട്രംപ് തെറ്റിച്ചത്. ഇതു ചൈനയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: World