ഫാബ്ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കി നന്ദന്‍ നിലേക്കനി

ഫാബ്ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കി നന്ദന്‍ നിലേക്കനി

 

ന്യുഡെല്‍ഹി: പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ പുറത്തിറക്കുന്ന പ്രമുഖ ബ്രാന്‍ഡായ ഫാബ്ഇന്ത്യയുടെ രണ്ടു ശതമാനം ഓഹരികള്‍ ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേക്കനിയും ഭാര്യ റോഷ്‌നി നിലേക്കനിയും സ്വന്തമാക്കി. നിലേക്കനിയുടെ സംരംഭമായ എന്‍ട്രസ്റ്റ് മുഖേനയാണ് ഇടപാട് നടത്തിയതെന്നാണ് അറിയുന്നത്. ഇടപാടിന്റെ സാമ്പത്തിക കാര്യങ്ങള്‍ അറിവായിട്ടില്ല. ഫാബ് ഇന്ത്യയില്‍ വിപ്രോ ചെയര്‍മാനായ അസിം പ്രേജിക്ക് 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

നിലേക്കനി ദമ്പതികളെ പങ്കാളികളായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ പാരമ്പരാഗത വ്യവസായങ്ങളുടെ സൗന്ദര്യത്തിനും വൈവിധ്യത്തിനും വിപണിയൊരുക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തെ അവര്‍ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും ഫാബ്ഇന്ത്യ വക്താവ് പറഞ്ഞു.

1960 ല്‍ ജോണ്‍ ബിസ്സെലാണ് ഫാബ് ഇന്ത്യ സ്ഥാപിക്കുന്നത്. ന്യുഡെല്‍ഹിയിലെ കൈലാഷ് പ്രദേശത്തായിരുന്നു കമ്പനിയുടെ ആദ്യത്തെ സ്റ്റോര്‍ ആരംഭിച്ചത്. തുണിത്തരങ്ങള്‍ക്കു മാത്രമുള്ള വിപണിയായിരുന്ന ഫാബ് ഇന്ത്യ 2000 ലാണ് നോണ്‍ ടെക്‌സ്‌റ്റെല്‍ ഉല്‍പ്പന്നങ്ങള്‍ കൂടി വിപണനം ചെയ്യാനാരംഭിച്ചത്. പിന്നീട് ഓര്‍ഗാനിക് ഫുഡ്‌സ്, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും ഫാബ് ഇന്ത്യയില്‍ ലഭ്യമായി. ഫാബെല്‍സ് എന്ന ബ്രാന്‍ഡില്‍ വെസ്റ്റേണ്‍ വസ്ത്രങ്ങളും കമ്പനി വിപണനം ചെയ്യുന്നുണ്ട്. 2011 ല്‍ യുകെ ആസ്ഥാനമായ വനിതാ വസ്ത്രവ്യാപാരികളായ ഈസ്റ്റിനെ ഫാബ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷമാദ്യം കോര്‍ കാപിറ്റലിലെ രാഹുല്‍ കക്കറും കമ്പനിയുടെ ഓഹരികള്‍ വാങ്ങിയിരുന്നു.

ഓണ്‍ലൈന്‍ പോര്‍ട്ടലിനു പുറമെ ഇന്ത്യയിലും വിദേശത്തുമായി നിലവില്‍ 229 സ്റ്റോറുകളാണ് ഫാബ്ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വിപണിയില്‍ നിന്നുമാത്രം 911.6 കോടിയുടെ വില്‍പ്പനയാണ് ഫാബ്ഇന്ത്യ നേടിയത്. 72 കോടിയായിരുന്നു ഇക്കാലയളവിലെ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം. റിസര്‍ച്ച് കമ്പനിയായ ടാക്‌സണ്‍, ഐകെയര്‍ കമ്പനിയായ ദൃഷ്ടി ഉള്‍പ്പെടെ പല കമ്പനികളിലും നന്ദന്‍ നിലേക്കനി ഇതിനു മുമ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Branding