നികുതി വെട്ടിപ്പ്: ലണ്ടനില്‍ സ്വത്തുള്ള കൂടുതല്‍ വിദേശ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ ടാക്‌സ് ഹവെനുകളില്‍

നികുതി വെട്ടിപ്പ്: ലണ്ടനില്‍ സ്വത്തുള്ള കൂടുതല്‍ വിദേശ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ ടാക്‌സ് ഹവെനുകളില്‍

ലണ്ടന്‍: ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടനില്‍ സ്വന്തമായി സ്വത്തുള്ള കൂടുതല്‍ വിദേശ കമ്പനികളുടെയും രജിസട്രേഷനുകള്‍ കുറഞ്ഞ നികുതിയീടാക്കുന്ന സ്ഥലങ്ങളില്‍. ട്രാന്‍സ്പിറന്‍സി ഇന്റര്‍നാഷണല്‍ യുകെ, തോംസണ്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
മൊത്തം 23,653 വിദേശ കമ്പനികളില്‍ ലണ്ടനില്‍ 44,022 ലാന്‍ഡ് ടൈട്ടിലുകള്‍ സ്വന്തമായുണ്ട്. ഇതില്‍ 91 ശതമാനം കമ്പനികളും ടാക്‌സ് ഹെവനുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്, ജേഴ്‌സി, ഐല്‍ ഓഫ് മാന്‍, പനാമ എന്നീ സ്ഥലങ്ങളിലാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റു മേഖലകളെ അപേക്ഷിച്ച് വന്‍ നികുതികുറവാണ് ഈ പ്രദേശങ്ങളില്‍. ബ്രിട്ടീഷ് ലാന്‍ഡ് രജിസ്ട്രി രേഖകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ലണ്ടനിലുള്ള ടോപ്പ് എന്‍ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, ലക്ഷ്വറി പെന്തൗസുകള്‍, അംബര ചുംബികള്‍ എന്നിവ വിദേശ നിക്ഷേപകരേയും വന്‍കിട കോര്‍പ്പറേറ്റുകളെയും ആകര്‍ഷിക്കുകയും ഏഷ്യയുടെയും അമേരിക്കയുടെയും മധ്യത്തിലായതിനാല്‍ ഇവരുടെ ആഗോള ഹബ്ബാക്കി ലണ്ടനെ മാറ്റുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ആദ്യത്തില്‍ പുറത്തായ പനാമ പേപ്പര്‍ രേഖകള്‍ വിദേശ രാജ്യങ്ങളില്‍ സ്വത്തുള്ള കമ്പനികളെയും വ്യക്തികളെയും പേരുകള്‍ പുറത്താക്കിയിരുന്നു. ഇതോടെ നികുതി വെട്ടിപ്പ് തടയുന്നതിന് ആഗോള തലത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.
കെന്‍സിംഗ്ടന്‍, ചെല്‍സി, കാംഡന്‍ എന്നീ മേഖലകളില്‍ പ്രോപ്പര്‍ട്ടി സ്വന്തമായുള്ളവരില്‍ പകുതി ശതമാനത്തിലധികവും അജ്ഞാതരാണ്. ബ്രിട്ടന്റെ പൊളിറ്റിക്കല്‍ ഹബ്ബായ വെസ്റ്റ്മിന്‍സ്റ്ററില്‍ വന്‍വിലയുള്ള വീടുകളും ഇതില്‍പ്പെടും.
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പിറന്‍സി ഇന്റര്‍നാഷണല്‍ ഇതിനെതിരേ രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബ്രിട്ടന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്താക്കണമെന്ന് ഗ്രൂപ്പിന്റെ യുകെ മേധാവി റേച്ചല്‍ ഡേവിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles