ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഫോണുകളിലും മൊബീല്‍ ബാങ്കിംഗ് സൗകര്യമൊരുക്കും: ടെലികോം കമ്പനികള്‍

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഫോണുകളിലും  മൊബീല്‍ ബാങ്കിംഗ് സൗകര്യമൊരുക്കും: ടെലികോം കമ്പനികള്‍

 

മുംബൈ: നോട്ട് റദ്ദാക്കലുണ്ടാക്കിയ പ്രതിസന്ധികള്‍ മാറ്റിവെച്ച് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി സജീവമാക്കാനൊരുങ്ങുകയാണ് രാജ്യം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സാധാരണ ഫോണുകളില്‍ മൊബീല്‍ ബാങ്കിംഗ് സൗകര്യമേര്‍പ്പെടുത്തുന്നതിന് ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ പ്രദാനം ചെയ്യാനുള്ള തയാറെടുപ്പിലാണെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് നോട്ട് അസാധുവാക്കല്‍ നടപടി ജീവന്‍വെപ്പിച്ചിരിക്കുകയാണ്.
അണ്‍സ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ (യുഎസ്എസ്ഡി) അവതരിപ്പിക്കുന്നതുവഴി എക്കൗണ്ടിലെ ബാലന്‍സ് അറിയുക, ചെറിയ തുകകള്‍ കൈമാറുക തുടങ്ങി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതിന് സഹായിക്കും.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്കിംഗ്, ടെലികോം, പേമെന്റ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. യുഎസ്എസ്ഡി സംവിധാനമേര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സേവനത്തിന് മുന്‍ഗണന നല്‍കുന്ന കാര്യം ടെലികോം കമ്പനികള്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ബാങ്കില്‍ നേരിട്ടെത്താതെ ടെക്സ്റ്റ് മെസേജിംഗ് സംവിധാനത്തിലൂടെ ഉപഭോക്താവിന് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകുന്ന സംവിധാനമാണ് യുഎസ്എസ്ഡി. 900 മില്ല്യണ്‍ മൊബീല്‍ ഫോണുകളുണ്ട് ഇന്ത്യയില്‍. അതില്‍ 600 മുതല്‍ 650 മില്ല്യണ്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ ഗണത്തില്‍പ്പെടാത്ത സാധാരണ ഫോണുകളാണ്. ഇത്തരം ചെറിയ ഫോണുകളിലൂടെ ഉപഭോക്താവിന് മൊബീല്‍ ബാങ്കിംഗ് സൗകര്യമേര്‍പ്പെടുത്തുന്നതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ പ്രധാന സവിശേഷതയെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍, ഒരു ദിവസം അഞ്ച് ലക്ഷം യുഎസ്എസ്ഡി ഇടപാടുകള്‍ നടക്കുന്നതില്‍, 10,000 മുതല്‍ 15000 വരെയാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. സര്‍വീസിന് വേഗതയും പോര. യുഎസ്എസ്ഡിയുടെ കാര്യത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ടെലികോം കമ്പനികള്‍ തീരെ താല്‍പര്യം കാണിച്ചിട്ടില്ല. ഇതിന്റെ ചാര്‍ജ് ഒന്നര രൂപയില്‍ നിന്ന് അമ്പത് പൈസയായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഈ നടപടി ടെലികോം കമ്പനികളെ പിന്നോട്ടടിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചമുള്ള സേവനങ്ങളെ ചില ടെലികോം കമ്പനികള്‍ സ്വീകരിച്ചതിനാല്‍, യുഎസ്എസ്ഡി സേവനം വളരെ പതുക്കെയാണ് നടക്കുന്നത്.
നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഉപഭോക്തൃ സൗഹൃദമായ യുഎസ്എസ്ഡി സംവിധാനമൊരുക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ലോകത്തെ ഏറ്റവും വലിയ പേമെന്റ് കമ്പനിയായ വിസയും യുഎസ്എസ്ഡി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, ഇതിന് എന്‍പിസിഐ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

Comments

comments

Categories: Banking