കിംഗ്ഫിഷര്‍ വില്ല 22ന് വീണ്ടും ലേലം ചെയ്യും

കിംഗ്ഫിഷര്‍ വില്ല 22ന് വീണ്ടും ലേലം ചെയ്യും

മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനില്‍ താമസമാക്കിയ കിംഗ്ഫിഷര്‍ ഉടമസ വിജയ്മല്യയുടെ ഗോവയിലുള്ള ആഡംബര വില്ലയുടെ രണ്ടാം ലേലം ഈ മാസം 22ന് നടക്കും. കഴിഞ്ഞ തവണ നടത്തിയ ലേലത്തിനെ അപേക്ഷിച്ച് റിസര്‍വ് വിലയില്‍ അഞ്ച് ശതമാനം കുറവ് വരുത്തിയാണ് ഇത്തവണ ലേലം ചെയ്യുന്നത്. 81 കോടി രൂപ. ഒക്ടോബറില്‍ നടത്തിയ ലേലത്തില്‍ 85.29 കോടി രൂപയായിരുന്നു റിസര്‍വ് വില. ഇത്രയും ഉയര്‍ന്ന റിസര്‍വ് വിലയ്ക്ക് ആളെകിട്ടാതെ ലേലം പരാജയപ്പെടുകയായിരുന്നു.
എസ്ബിഐ നേതൃത്വം നല്‍കുന്ന 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഈ മാസം 22 ലേലം നടക്കുമെന്നും റിസര്‍വ് വില 81 കോടി രൂപയായിരിക്കുമെന്നും അറിയിച്ചു. മല്ല്യയുടെ പ്രതാപകാലത്ത് ആഡംബര സല്‍ക്കാരങ്ങളും പാര്‍ട്ടികളും നടത്തിയിരുന്ന വില്ലയാണിത്. ഗോവയിലെ കണ്‍ഡോലിം ബീച്ചിലെ കണ്ണായ സ്ഥലത്ത് 12,350 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ മനോഹര സൗധം.
മല്യയുടെ വസ്തുവകകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയിട്ടുള്ള ഈ വില്ല ഏറെ നാളത്തെ നിയമ നടപടികള്‍ക്കു ശേഷം 2016 മേയിലാണ് ബാങ്കിന്റെ നിയന്ത്രണത്തിലായത്. മൂന്നു വലിയ ബെഡ് റൂമുകളും, അതിവിശാലമായ ലിവിംഗ് റൂമുമുളള വില്ല തേക്കില്‍ കടഞ്ഞെടുത്ത കരകൗശല സാമിഗ്രികളാല്‍ സമ്പന്നമാണ്. ഗോവയിലെ പ്രശസ്തനായ ആര്‍ക്കിടെക്ട് ഡീന്‍ ഡിസൂസയാണ് ഈ വില്ല രൂപകല്‍പന ചെയ്തത്.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി വായ്പയെടുത്ത വകയില്‍ 17 ബാങ്കുകള്‍ക്കായി 2014 ഏപ്രില്‍ വരെ മല്യ അടയ്ക്കാനുള്ളത് 9,000 കോടി രൂപയാണ്. വസ്തുവകകള്‍ പണയപ്പെടുത്തിയും മറ്റുമാണ് മല്യ വായ്പ നേടിയെടുത്തത്.
മല്യയുടെ വസ്തുവകകള്‍ അറ്റാച്ച് ചെയ്യാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞുവെങ്കിലും വില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് അവസ്ഥ. മുംബൈ എയര്‍പോര്‍ട്ടിലെ കിംഗ് ഫിഷന്‍ ഹൗസ് 150 കോടി രൂപയ്ക്ക് വില്‍ക്കാന്‍ ബാങ്കുകള്‍ ലേലത്തിനു വച്ചുവെങ്കിലും ആരും മുന്നോട്ടു വന്നില്ല. വില പിന്നീട് 135 കോടിയായി കുറച്ചിട്ടും ആവശ്യക്കാരില്ലായിരുന്നു. വില കൂടുതലാണെന്നും, വിമാനത്താവളത്തിന്റെ സമീപത്തായതു കൊണ്ട് കെട്ടിടത്തിന്റെ ഉയരം പ്രശ്‌നമാണെന്നും ബ്രോക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകള്‍ ഈടായി ലഭിച്ച വസ്തുക്കള്‍ വിറ്റ് വായ്പ മുതലാക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍, എന്‍ഫോഴ്‌സമെന്റ് ഡയറ്കടറേറ്റ് മല്യയുടെ 9,000 കോടി രൂപ വിലമതിക്കുന്ന വസ്തുവകകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പാ കുടിശിക വരുത്തിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴും നടപടി എടുക്കാതിരുന്ന ബാങ്കുകള്‍ മുന്‍ റിസവര്‍ ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനം നടത്തിയതോടെയാണ് അനങ്ങി തുടങ്ങിയത്.
ഇതിനിടെ മല്യയെ മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്നതിന് സിബിഐ ശ്രമിക്കുന്നുണ്ട്. ലണ്ടനിലുള്ള പ്രത്യേക കോടതിയില്‍ എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയ അന്വേഷണ ഏജന്‍സി മല്യക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Comments

comments

Categories: Branding