വില്‍പ്പത്രം ഇല്ല: ജയലളിതയുടെ സ്വത്തുക്കള്‍ക്ക് ആര് അവകാശിയാകും?

വില്‍പ്പത്രം ഇല്ല:  ജയലളിതയുടെ സ്വത്തുക്കള്‍ക്ക് ആര് അവകാശിയാകും?

 

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭരണത്തിലും പാര്‍ട്ടിയിലും ആര് പിന്‍ഗാമിയാകും എന്നതിനൊപ്പം ജയയുടെ സ്വത്തുക്കള്‍ ഇനി ആരിലെത്തും എന്നതിലും ചര്‍ച്ചകള്‍ സജീവമാകുന്നു. ജയയുടെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍ ശെല്‍വം എംഎല്‍എമാരുടെ യോഗത്തില്‍ ജയയുടെ വില്‍പ്പത്രം വായിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്വത്തുക്കളിലേറെയും തോഴി ശശികലയ്ക്ക് എന്നായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ജയലളിത വില്‍പ്പത്രം എഴുതിയതായ വാര്‍ത്തകളില്‍ വാസ്തവമില്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 118.58 കോടി രൂപയുടെ സ്വത്താണ് ജയലളിതയ്ക്കുള്ളത്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമായി ആരോപിക്കപ്പെട്ട പല സ്വത്തുവകകളും അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ജയയുടെ വസതി എന്ന നിലയില്‍ ഏറെക്കാലം ശ്രദ്ധിക്കപ്പെട്ട പോയസ് ഗാര്‍ഡനിലെ വേദനിലയം 24,000 ചതുരശ്രയടി വരുന്ന കൂറ്റന്‍ ബംഗ്ലാവാണ്. 1967ല്‍ 1.32 ലക്ഷം രൂപയ്ക്ക് ജയയും അമ്മയും ചേര്‍ന്ന് വാങ്ങിയ പോയസ് ഗാര്‍ഡനിലെ ആസ്തികള്‍ക്ക് ഇന്ന് 90 കോടിയോളം രൂപ വിലമതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ശശികലയും കുടുംബവുമുള്‍പ്പടെ ജയയോട് അടുപ്പമുള്ള നിരവധി പേര്‍ വേദനിലയത്തിലുണ്ട്. ജയയുടെ മരണ ശേഷവും ശശികല വേദനിലയത്തില്‍ തന്നെ തുടരുകയാണ്. 80 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ വേറെയും ജയലളിതയ്ക്കുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഹൈദരാബാദില്‍ 14.5 ഏക്കര്‍ കൃഷിനിലം, കാഞ്ചീപുരത്ത് 3.43 ഏക്കര്‍ ഭൂമി, 10.63 കോടിയുടെ ബാങ്ക് നിക്ഷേപം, മൂന്നു കോടിയോളം വിലവരുന്ന 1,250 കിലോഗ്രാം വെള്ളി, ടൊയോട്ട പ്രാഡോ, കോണ്ടസ, ബൊലേറോ, സ്വരാജ് മസ്ദ മാക്‌സി തുടങ്ങി നിരവധി വാഹനങ്ങള്‍ എന്നിവയെല്ലാം അവര്‍ക്കുണ്ട്. കൂടാതെ നിരവധി കമ്പനികളില്‍ പങ്കാളിത്തവും ഏക്കര്‍കണക്കിന് ഭൂമിയുമെല്ലാം ജയയ്ക്കുള്ളതായി ആരോപണമുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ പോയസ് ഗാര്‍ഡനിലെ വീട് ഒഴികെയുള്ള മറ്റു സ്വത്തുവകകള്‍ ചെന്നൈയിലെ പ്രത്യേക കോടതി കണ്ടുകെട്ടിയിട്ടുണ്ട്. സുപ്രീം കോടതി വിധി വരുന്നതു വരെ ഈ സ്വത്തുക്കള്‍ കൈമാറാനാകില്ല.
അവിവാഹിതയായ ജയലളിതയുടെ പിന്‍മുറക്കാര്‍ എന്ന നിലയില്‍ ജയയുടെ മരുമക്കളായ ദീപ ജയകുമാര്‍, ദീപക് എന്നിവര്‍ക്ക് സ്വത്തില്‍ നിയമപരമായി അവകാശം ഉന്നയിക്കാം. അവര്‍ അതിനു മുതിര്‍ന്നില്ലെങ്കില്‍ നിലവിലെ പോലെ വേദനിലയത്തിലെ തന്റെ ആധിപത്യവുമായി ശശികലയ്ക്ക് മുന്നോട്ടുപോകാനാകും. ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയായി എഐഡിഎംകെ തലപ്പത്തേക്ക് ശശികല വരികയാണെങ്കില്‍ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കാന്‍ മരുമക്കള്‍ മുതിരാനിടയില്ല. അങ്ങനെയുണ്ടായാല്‍ സങ്കീര്‍ണമായ നിയമപോരാട്ടത്തിലേക്ക് അത് നീങ്ങിയേക്കാം.

Comments

comments

Categories: Slider, Top Stories