മറീന ബീച്ചില്‍ ജയലളിതയ്ക്ക് അന്ത്യവിശ്രമം

മറീന ബീച്ചില്‍ ജയലളിതയ്ക്ക് അന്ത്യവിശ്രമം

ചെന്നൈ: തെന്നിന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ സ്ത്രീസാന്നിധ്യം ഇനി ഓര്‍മ. തമിഴ്‌നാടിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ചെന്നൈയിലേക്ക് ആര്‍ത്തലച്ചെത്തിയ ലക്ഷക്കണക്കിന് അനുയായികളുടെ അശ്രുപൂജകളേറ്റ് വാങ്ങിക്കൊണ്ടായിരുന്നു തമിഴകത്തിന്റെ അമ്മയുടെ അന്ത്യയാത്ര. ചെന്നൈ മറീന ബീച്ചില്‍ തന്റെ പ്രിയനായകന്റെ ഓര്‍മകുടീരത്തിനു സമീപം തന്നെ ഇനി ഇദയക്കനിക്കും അന്ത്യവിശ്രമം.

മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത(68)യുടെ മരണവാര്‍ത്ത കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. പ്രിയപ്പെട്ട നേതാവിന്റെ മരണം താങ്ങാനാകാത്ത അണികള്‍ അതിനകം തന്നെ അവരെ ഒരു നോക്കു കാണുന്നതിന് ആശുപത്രി പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി തമ്പടിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്ക് മൃതദേഹം വഹിച്ച വാഹനം നീങ്ങിയപ്പോള്‍ ആ രാത്രിയിലും ആയിരക്കണക്കിനു പേരാണ് റോഡിനിരുവശത്തുമായി നിലകൊണ്ടിരുന്നത്.
രാവിലെ പോയസ് ഗാര്‍ഡനില്‍ നിന്ന് പൊതുദര്‍ശനത്തിനായി ജയയുടെ ഭൗതിക ശരീരം ചെന്നൈ രാജാജി ഹാളിലെത്തിച്ചു. ജയലളിത എന്നാല്‍ തമിഴ് ജനതയ്ക്ക് ഇന്ന് ആരാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളായിരുന്നു രാജാജി ഹാളില്‍ കണ്ടത്. പലവട്ടം തള്ളിയിടുകയും അധിക്ഷേപിക്കുകയും ചെയ്ത, പിന്നീടൊരിക്കല്‍ അമ്മയായി ഉയര്‍ത്തിയ ജനത ജയലളിതയ്ക്ക് നല്‍കിയത് എംജിആറിന് നല്‍കിയതിന് സമാനമായ യാത്രയയപ്പാണ്. എംജിആറിന്റെ അന്ത്യയാത്രയില്‍ അപമാനിതയായി മടങ്ങേണ്ടി വന്ന ജയയ്ക്ക് കാലം കാത്തുവെച്ചതു പോലെയായിരുന്നു അത്.
ജയലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനായി നിരവധി പ്രമുഖരാണ് എത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും ജയയ്ക്ക് ആദരര്‍പ്പിക്കാന്‍ എത്തി. കേരളത്തില്‍ നിന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെന്നൈയില്‍ എത്തിയത്. രാഷ്ട്രീയ എതിരാളികളായ ഡിഎംകെ യുടെ നേതാക്കളായ എംകെ സ്റ്റാലിനും കനിമൊഴിയും രാജാജി ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. വൈകിട്ട് ആറുമണിയോടെയാണ് മറീന ബീച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതാരിക്കാനുള്ള മുന്‍കരുതലുകള്‍ നേരത്തേ തന്നെ സ്വീകരിച്ചിരുന്നു. ഒ പനീര്‍ശെല്‍വം ഇന്നലെ പുലര്‍ച്ചെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ് ഭരണ പ്രതിസന്ധി ഒഴിവാക്കിയിരുന്നു.
രാജ്യവ്യാപകമായി ഇന്നലെ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും ജയലളിതയ്ക്ക് ആദരമര്‍പ്പിച്ച് പിരിയുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി.

1948ല്‍ ജനിച്ച ജയലളിത സിനിമയിലൂടെയാണ് തമിഴകത്ത് ആദ്യം ശ്രദ്ധേയയായത്. എംജിആറിന്റെ നായിക എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. സിനിമയിലെ ഇദയക്കനിയില്‍ നിന്ന് തമിഴകത്തിന്റെ പുരട്ച്ചി തലൈവിയിലേക്കുള്ള ദൂരം ജയലളിത താണ്ടിയത് ഒരു തമിഴ് ചിത്രത്തെ വെല്ലുന്ന നാടകീയതയുടെ അകമ്പടിയുമായാണ്. 1982ലാണ് അവര്‍ എംജിആറിന്റെ പാത പിന്തുടര്‍ന്ന് എഐ ഡിഎംകെ യില്‍ എത്തുന്നത്. പിന്നീട് എംജിആറിന്റെ മരണ ശേഷം വ്യക്തിപരമായ ഒട്ടേറെ അവഹേളനങ്ങള്‍ സഹിക്കേണ്ടി വന്നപ്പോഴും ഒരു തിരിച്ചുവരവിനുള്ള ഊര്‍ജ്ജം ജയലളിത കാത്തുവെച്ചു. പിന്നീട് പാര്‍ട്ടിയുടെ നേതൃതലത്തിലേക്കെത്തിയ ജയലളിത തമിഴകത്തിന്റെ മൊത്തം അമ്മ എന്ന നിലയിലേക്ക് വളരുന്നതും എതിരാളികളെ കൂസാത്ത, അനുയായികളെ വാപൊത്തി കുനിച്ചു നിര്‍ത്തുന്ന നേതാവായി മാറുന്നതുമാണ് തമിഴക രാഷ്ട്രീയം കണ്ടത്.
1989ല്‍ പ്രതിപക്ഷ നേതാവായ ജയലളിത 1991ലാണ് ആദ്യമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസുമായുള്ള ആ കൂട്ടുകക്ഷി ഭരണത്തിനെതിരേ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. പിന്നീട് ആ ആരോപണങ്ങള്‍ ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തെ വിടാതെ പിടികൂടി. കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാലും ശിക്ഷ വിധിക്കപ്പെട്ടതിനാലും പിന്നീടുള്ള എഐഡിഎംകെ ഭരണകാലത്തെല്ലാം അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പലകുറി മാറിനില്‍ക്കേണ്ടി വന്നു. 2011 മുതല്‍ 16 വരെ നീണ്ട ഭരണകാലത്തും കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ഒരിടക്കാലത്ത് പനീര്‍ ശെല്‍വത്തെ ഭരണ സാരഥ്യമേല്‍പ്പിക്കേണ്ടി വന്നിരുന്നു.
എന്നാല്‍ ഇതിനൊക്കെയപ്പുറം ജയലളിതയെ വീണ്ടും അധികാരത്തില്‍ എത്തിക്കുകയാണ് 2016ല്‍ തമിഴ് ജനത ചെയ്തത്. 2011ല്‍ അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ ജനപ്രിയ പദ്ധതികളും ആനുകൂല്യങ്ങളുമാണ് തമിഴകത്തെ അനിഷേധ്യ അധികാര സ്ഥാനമാക്കി ജയലളിതയെ മാറ്റിയത്. സാധാരണ ജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ തമിഴ്മക്കളില്‍ വലിയൊരു വിഭാഗത്തില്‍ അവര്‍ക്ക് ദൈവതുല്യമായ സ്ഥാനം നല്‍കി.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*