ജയലളിതയുടെ മടക്കവും നേതൃശൂന്യതയും

ജയലളിതയുടെ മടക്കവും നേതൃശൂന്യതയും

ആരാണ് ഒരു വിജയിയായ നേതാവ്. ഈ ചോദ്യം അല്‍പ്പം സങ്കീര്‍ണമാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴകത്തെ മൊത്തം കണ്ണീരിലാഴ്ത്തി ജയറാം ജയലളിതയെന്ന അതിശക്തയായ ഭരണാധികാരി യാത്രയായപ്പോള്‍ ഒരു നേതാവിന്റെ നികത്താനാകാത്ത ശൂന്യതയെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍ എല്ലാം തന്നെ വന്നത്. ജയലളിത ഒരു നേതാവായിരുന്നു. അതില്‍ തര്‍ക്കമൊന്നുമില്ല. ജനതയുടെ മനസ്സറിഞ്ഞ, ജനങ്ങളെ ആകര്‍ഷിക്കാന്‍ അസാമാന്യ പാടവമുണ്ടായിരുന്ന, അവരെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ തരത്തില്‍ മായാജാലം കാണിക്കാന്‍ സാധിച്ചിരുന്ന ഒരു നേതാവ്. എന്നാല്‍ തനിക്ക് ശേഷം ശൂന്യത സൃഷ്ടിക്കുന്ന ഒരവസ്ഥ സൃഷ്ടിക്കുമ്പോള്‍ അയാളെ മികച്ച നേതാവെന്ന് പറയാന്‍ സാധിക്കുമോയെന്നത് സംശയകരമാണ്.

ജയലളിതയ്ക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ വികാരപരമായി ജനങ്ങള്‍ തയാറാകുമ്പോഴും തനിക്ക് ശേഷം തന്റെ ജനതയെ നയിക്കാന്‍ തക്ക ശേഷിയുള്ള നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ കഴിയാഞ്ഞത് അവരെ സംബന്ധിച്ച് പോരായ്മയായി ചരിത്രം വിലയിരുത്തിയേക്കാം. എങ്കിലും തമിഴ് ജനതയ്ക്ക് അമ്മയും തമിഴ്‌നാട് രാഷ്ട്രീയത്തിന് ദേവിയും ആയിരുന്നു ജയലളിത. അവരുടെ അത്തരത്തിലുള്ള അസാമാന്യ ജനപ്രീതി എന്തെല്ലാം വിമര്‍ശനങ്ങള്‍ക്കിടയിലും അംഗീകരിച്ചേ മതിയാകൂ. ജനാധിപത്യത്തില്‍ ജനങ്ങളുടെ ഹിതമാണ് അവസാനവാക്ക്. ആ തരത്തില്‍ ജനഹിതം വേണ്ടുവോളം ഉള്ള നേതാവായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്ന് വിജയത്തിന്റെ സ്വര്‍ണപ്പടവുകള്‍ ചവിട്ടിക്കയറിയ തമിഴ് മക്കളുടെ ‘അമ്മ’.
വ്യക്തിപൂജയുടെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയുമെല്ലാം വിമര്‍ശനങ്ങള്‍ എതിരാളികള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും തമിഴ്‌നാടിന്റെ സാമ്പത്തിക വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായിരുന്നു ജയലളിതയുടെ ഭരണകാലഘട്ടം.
വിജയപൂര്‍വമായ സിനിമാ കരിയറിനു ശേഷം രാഷ്ട്രീയ വഴി തെരഞ്ഞെടുത്ത അവര്‍ നാല് തവണ മുഖ്യമന്ത്രിയായി തമിഴ്‌നാട് ഭരിച്ചപ്പോള്‍ കൈക്കൊണ്ട നയങ്ങള്‍ക്കെല്ലാം വ്യക്തതയുടെ തിളക്കമുണ്ടായിരുന്നു. എംജി രാമചന്ദ്രന്റെ രാഷ്ട്രീയ കണ്ടെത്തലായ ജയലളിത നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ ഫുഡ് കാന്റീന്‍ സംവിധാനമൊരുക്കിയും ആയിരക്കണക്കിന് കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കിയുമെല്ലാം എന്നും രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. തമിഴ്‌നാട്ടില്‍ ഏറെ ജനപ്രീതി നേടിയ അമ്മ കാന്റീനുകള്‍ അവരുടെ ജനകീയ പദ്ധതികളുടെ വലിയ ഉദാഹരണമായിരുന്നു. അമ്മ ബോട്ടില്‍ഡ് വാട്ടര്‍, അമ്മ സാള്‍ട്ട്, അമ്മ ഫാര്‍മസീസ്, അമ്മ സിമെന്റ്….അങ്ങനെ ജയലളിതയുടെ പേരില്‍ തമിഴ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ആഴ്ന്നിറങ്ങാന്‍ പാകത്തില്‍ നിരവധി ഉല്‍പ്പന്ന ബ്രാന്‍ഡുകളും പിറന്നു. പല സംസ്ഥാനങ്ങള്‍ക്കും അന്യമായ സാമ്പത്തിക മുന്നേറ്റങ്ങള്‍ തമിഴ്‌നാട്ടിന് സാധ്യമായത് ജയലളിതയെപ്പോലൊരു ഭരണാധികാരിയുടെ മികവിനാല്‍ തന്നെയായിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ഒരു ശരാശരി തമിഴന്‍ രാജ്യത്തെ ഏറ്റവും വലിയ എട്ടാമത്തെ സമ്പന്നനാണ്. ജാതീയതയ്ക്കപ്പുറത്തേക്ക് സാമൂഹ്യ നയങ്ങള്‍ നടപ്പിലാക്കാന്‍ ജയലളിതയ്ക്ക് കഴിഞ്ഞെന്നതും ശ്രദ്ധേയമാണ്.
ജയലളിതയോട് തമിഴ് ജനതയ്ക്കുള്ള സ്‌നേഹവായ്പ് മനസിലാക്കാവുന്നതാണ്. എന്നാല്‍ അത് വികാരപരമായ പ്രകടനത്തിലൂടെ ക്രമസമാധാനപ്രശ്‌നം തീര്‍ക്കുന്ന തരത്തിലേക്ക് വഴിമാറിപ്പോകരുത്. അവരോടുള്ള ആദരവ് എഐഎഡിഎംകെ കാണിക്കേണ്ടത് അവസരത്തിനൊത്തുയര്‍ന്ന് മികവുറ്റ നേതാക്കളെ കൂട്ടത്തില്‍ നിന്ന് തെരഞ്ഞെടുത്താകണം. ജയലളിത ആയിരുന്നു എഐഎഡിഎംകെ, എഐഎഡിഎംകെ ജയലളിതയും. തീരുമാനങ്ങളെല്ലാം അവരുടെ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഇതിനെ അവര്‍ എങ്ങനെ അതിജീവിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ആ പാര്‍ട്ടിയുടെ ഭാവിയിരിക്കുന്നത്.

Comments

comments

Categories: Editorial