ബജറ്റ് അനുമതി ലഭിക്കും വരെ റെന്‍സിയോട് തുടരാന്‍ ആവശ്യപ്പെട്ടു

ബജറ്റ് അനുമതി ലഭിക്കും വരെ  റെന്‍സിയോട് തുടരാന്‍ ആവശ്യപ്പെട്ടു

 

മിലാന്‍: ജനഹിതത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച മാറ്റിയോ റെന്‍സിയോട് പാര്‍ലമെന്റ് 2017 ബജറ്റ് അംഗീകരിക്കുന്നതു വരെ തല്‍സ്ഥാനത്തു തുടരാന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല ആവശ്യപ്പെട്ടു. മിക്കവാറും ഈയാഴ്ച അവസാനത്തോടെ ബജറ്റ് അംഗീകാരം ലഭിക്കുമെന്നാണു സൂചന.
ഈ മാസം നാലാം തീയതി ഞായറാഴ്ചയായിരുന്ന ഇറ്റലിയില്‍ ജനഹിത പരിശോധന നടന്നത്. ജനഹിതത്തില്‍ പരാജയം രുചിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ച റെന്‍സി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. മൂന്ന് വര്‍ഷത്തോളം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു റെന്‍സി. ഇറ്റലിയിലെ ഭരണഘടന പരിഷ്‌കരിക്കാനുള്ള റെന്‍സിയുടെ നീക്കമാണു ജനഹിതത്തിലേക്കും പിന്നീട് രാജിയിലേക്കും നയിച്ചത്. ഇതേത്തുടര്‍ന്നു യൂറോപ്പിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇറ്റലിയില്‍ രാഷ്ട്രീയ സാമ്പത്തിക അസ്ഥിരത സംജാതമായിരിക്കുകയാണ്.
റെന്‍സിയുടെ പുറത്താകലിലൂടെ യൂറോപ്പിലെ ഭരണകൂടങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. യൂറോപ്പിലെങ്ങും ഭരണകൂട വിരുദ്ധ തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ യുകെയില്‍ നടന്ന ബ്രെക്‌സിറ്റ് പ്രചാരണം വിജയിച്ചതോടെയാണ് ഈ പ്രവണത കാണപ്പെട്ടു തുടങ്ങിയത്.
വലത്പക്ഷ, പോപ്പുലിസ്റ്റ് പാര്‍ട്ടികളാണ് ഈ പ്രവണത മുതലെടുക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകടക്കുകയെന്നതാണ് ഈ വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. യുകെയില്‍ നീല്‍ ഫാരെയും, ഫ്രാന്‍സില്‍ മരീന്‍ ലെ പെ്ന്നും ഈ വിഭാഗക്കാരുടെ പ്രതിനിധിയായിട്ടാണു കണക്കാക്കുന്നത്.
ഇറ്റലിയുടെ യുവാവായ പ്രധാനമന്ത്രിയായിരുന്നു 41കാരനായ റെന്‍സി. യൂറോപ്പ് അനുകൂല പരിഷ്‌കര്‍ത്താവെന്നാണ് റെന്‍സി അറിയപ്പെട്ടിരുന്നത്. ധീരമായ പുരോഗമനപരമായ ചുവടുവയ്പ്പ് നടത്തിയിട്ടുള്ള റെന്‍സിയെ യുഎസ് പ്രസിഡന്റ് ഒബാമ വരെ അഭിനന്ദിച്ചിട്ടുള്ളതാണ്.

Comments

comments

Categories: World