സെമി ഫൈനലിനായി ബ്ലാസ്റ്റേഴ്‌സ് ഇനിയും ഒരുങ്ങണം

സെമി ഫൈനലിനായി ബ്ലാസ്റ്റേഴ്‌സ് ഇനിയും ഒരുങ്ങണം

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനല്‍ യോഗ്യത നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. ഇരുപാദങ്ങളിലുമായി നടത്തപ്പെടുന്ന സെമി ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ഡൈനാമോസ് എഫ്‌സിയാണ് എതിരാളികളെന്നതിനാല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ പുറത്തെടുത്ത കളി മതിയാകാതെ വരും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രാഥമിക റൗണ്ടിലെ പതിനാല് മത്സരങ്ങളില്‍ നിന്നും 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചതെങ്കിലും അവസാന നാലിലെത്തിയ മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കളി മികവില്‍ ഏറ്റവും പിന്നിലായിരിക്കും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള മഞ്ഞപ്പട.

ഐഎസ്എല്‍ സെമി ഫൈനലില്‍ പ്രവേശിച്ച നാല് ടീമുകളില്‍, പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കുറവ് ഗോളുകള്‍ നേടിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. പതിനാല് കളികളില്‍ നിന്നും വെറും പതിമൂന്ന് ഗോളുകള്‍ മാത്രമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ഐഎസ്എല്‍ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലെ ഗോളെണ്ണത്തില്‍ ഏറ്റവും പിന്നിലുള്ള ടീമുകള്‍ക്കൊപ്പമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം.

അതേസമയം, ഐഎസ്എല്‍ സെമി ഫൈനലില്‍ പ്രവേശിച്ച മറ്റ് ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഡല്‍ഹി ഡൈനാമോസ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്നിവര്‍ ഗോള്‍വേട്ടയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മുന്നിലാണ്. മുംബൈ സിറ്റിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും 16 തവണ എതിര്‍ വല കുലുക്കിയപ്പോള്‍ 27 ഗോളുകളുമായി ഡല്‍ഹി ഡൈനാമോസാണ് മുന്നില്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനോട് ഏറ്റുമുട്ടുമ്പോള്‍ സീസണില്‍ ഏറ്റവും കൂടുതലും കുറഞ്ഞ ഗോളുകളും നേടിയ ടീമുകള്‍ തമ്മിലുള്ള മത്സരം കൂടിയാകും അത്. പന്ത് എതിര്‍ ഗോള്‍ മുഖത്തേക്ക് എത്തിക്കാന്‍ ഒരുപരിധിവരെ സാധിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗിലെ കൃത്യതയില്ലായ്മയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് കാരണം.

സീസണില്‍, ചെന്നൈയിന്‍ എഫ്‌സിക്കെതിരായ രണ്ടാംപാദ മത്സരത്തില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മൂന്ന് ഗോളുകള്‍ കണ്ടെത്തി മികച്ച വിജയം സ്വന്തമാക്കുവാന്‍ സാധിച്ചത്. അതേസമയം, മുംബൈ സിറ്റി എഫ്‌സിക്കെതിരായ രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാതെ അഞ്ച് ഗോളുകള്‍ വഴങ്ങിയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യ, പ്രതിരോധ നിരയുടെ ദൗര്‍ബല്യം എടുത്തുകാട്ടുന്നുണ്ട്.

ഐഎസ്എല്‍ പ്രാഥമിക റൗണ്ടിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വിലയിരുത്തിയാല്‍ തുടര്‍ച്ചയായ വിജയങ്ങളോ സ്ഥിരതയാര്‍ന്ന മികവോ പുറത്തെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല എന്നത് വ്യക്തമാകും. ടീം പരിശീലകനായ സ്റ്റീവ് കൊപ്പലിന്റെ കോച്ചിംഗ് മികവും തന്ത്രങ്ങളും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ പലപ്പോഴും നിര്‍ണായകമായിരുന്നു.

ഇരുപാദങ്ങളിലുമായി നടത്തപ്പെടുന്ന സെമി ഫൈനലിലെ ഡല്‍ഹിക്കെതിരായ ആദ്യ കളി നടക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ചാണ്. ഡിസംബര്‍ പതിനൊന്നാം തിയതിയാണ് ആദ്യ മത്സരം. 14ന് ഡല്‍ഹി ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ച് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാംപാദ മത്സരവും നടക്കും.

ആദ്യ റൗണ്ടില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി എത്തിയ മുംബൈ സിറ്റി എഫ്‌സിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലാണ് സെമി ഫൈനലിലെ റ്റൊരു മത്സരം. ഇവരുടെ ആദ്യപാദ മത്സരം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ രബീന്ദ്ര സരോബാര്‍ സ്‌റ്റേഡിയത്തിലും രണ്ടാം മത്സരം മുംബൈ സിറ്റി എഫ്‌സിയുടെ മുംബൈയിലെ ഫുട്‌ബോള്‍ അരീനയിലും നടക്കും.

ഡിസംബര്‍ പത്ത്, 13 തിയതികളിലായാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള മത്സരങ്ങള്‍ നടക്കുന്നത്. സെമി ഫൈനലില്‍ പ്രവേശിച്ച ടീമുകള്‍ക്ക് ഓരോന്ന് വീതം ഹോം, എവേ മത്സരങ്ങള്‍ ഉണ്ടെന്നതിനാല്‍ മത്സര വിജയവും, ആവശ്യമെങ്കില്‍ ഗോള്‍ ശരാശരിയും കണക്കാക്കിയതിന് ശേഷമായിരിക്കും ടീമുകള്‍ ഫൈനലിന് യോഗ്യത നേടുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി രണ്ടാമതെത്തിയപ്പോള്‍ ഇരുപത്തി മൂന്ന് പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയത്. യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ഡല്‍ഹി ഡൈനാമോസ് എഫ്‌സിക്കും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കും 21, 20 പോയിന്റ് വീതമാണുള്ളത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ റൗണ്ടിലെ പതിനാല് മത്സരങ്ങളില്‍ നിന്നും ആറ് ജയം, നാല് വീതം സമനില, തോല്‍വി എന്നിവയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. എഫ്‌സി ഗോവ (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, പൂനെ സിറ്റി എഫ്‌സി (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

ഡല്‍ഹി ഡൈനാമോസ് എഫ്‌സി, പൂനെ സിറ്റി എഫ്‌സി, ചെന്നൈയില്‍ എഫ്‌സി (ആദ്യ മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (രണ്ടാം മത്സരം), ടീമുകളോട് സമനിലയും നേടി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), മുംബൈ സിറ്റി (രണ്ടാം മത്സരം) ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

ഐഎസ്എല്‍ ആദ്യ സീസണില്‍ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ മാര്‍ക്വീ താരം വടക്കന്‍ അയര്‍ലാന്‍ഡില്‍ നിന്നുള്ള ആരോണ്‍ ഹ്യൂസാണ്. സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ശ്രദ്ധേയ മലയാളി സാന്നിധ്യം. ഇംഗ്ലീഷ് താരങ്ങളായ അന്റോണിയോ ജര്‍മന്‍, മൈക്കല്‍ ചോപ്ര തുടങ്ങിയവര്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയിലെ പ്രധാനികളാണ്.

സീസണിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും ആറ് ജയം, അഞ്ച് സമനില, മൂന്ന് തോല്‍വി എന്നിവയുമായാണ് മുംബൈ സിറ്റി എഫ്‌സി ഐഎസ്എല്‍ സെമി ഫൈനലിലെത്തിയത്. എഫ്‌സി പൂനെ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, (രണ്ട് മത്സരങ്ങളിലും), കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (രണ്ടാം മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ്‌സി ടീമുകളോടായിരുന്നു മുംബൈയുടെ ജയം.

ഡല്‍ഹി ഡൈനാമോസ് എഫ്‌സി (രണ്ട് മത്സരങ്ങളിലും), ചെന്നൈയിന്‍ എഫ്‌സി (ആദ്യ മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (ആദ്യ മത്സരം), എഫ്‌സി ഗോവ (രണ്ടാം മത്സരം) ടീമുകള്‍ക്കെതിരെ സമനിലയും നേടി. കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്‌സി ഗോവ, എഫ്‌സി പൂനെ സിറ്റി (രണ്ടാം മത്സരം) ടീമുകളോടായിരുന്നു മുംബൈ സിറ്റി എഫ്‌സിയുടെ പരാജയം.

ഉറുഗ്വായ് സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ കുന്തമുന. ഐ ലീഗില്‍ മോഹന്‍ ബഗാന്റെ സെന്‍സേഷണല്‍ താരമായ സോണി നോര്‍ദെയും ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരമായ സുനില്‍ ഛേത്രിയും ഇവര്‍ക്കൊപ്പമുണ്ട്. ശക്തമായ പ്രതിരോധവും പ്രതിഭാധനരായ മധ്യനിരയും മുംബൈ സിറ്റി എഫ്‌സിക്ക് സ്വന്തമാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന്റെ ആദ്യ റൗണ്ടില്‍ അഞ്ച് വിജയം നേടിയ ഡല്‍ഹി ഡൈനാമോസ് എഫ്‌സി ആറ് സമനില, മൂന്ന് തോല്‍വി എന്നിവയും വഴങ്ങിയിരുന്നു. ചെന്നൈയിന്‍ എഫ്‌സി (ഇരുപാദ മത്സരങ്ങളിലും), എഫ്‌സി ഗോവ (രണ്ട് കളികളിലും), കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകള്‍ക്കെതിരെയായിരുന്നു ഡല്‍ഹി ഡൈനാമോസിന്റെ ജയം.

കേരള ബ്ലാസ്‌റ്റേഴ്‌സ് (ആദ്യ മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ആദ്യ മത്സരം), മുംബൈ സിറ്റി എഫ്‌സി (ഇരുപാദ മത്സരങ്ങളിലും), എഫ്‌സി പൂനെ സിറ്റി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (രണ്ടാം മത്സരം) ടീമുകളോട് സമനിലയും കണ്ടെത്തി. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, പൂനെ സിറ്റി (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് ടീമുകള്‍ക്കെതിരെയായിരുന്നു ഡല്‍ഹി ഡൈനാമോസ് പരാജയപ്പെട്ടത്.

സാംബ്രോട്ട പരിശീലകനായ ഡല്‍ഹി ടീമിന്റെ മാര്‍ക്വീ പ്ലേയര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ മുന്‍ താരം ഫ്‌ളോറന്റ് മലൂദയാണ്. ഇന്ത്യയുടെ ഡെന്‍സണ്‍ ദേവദാസും ബ്രസീലിന്റെ ബ്രൂണോ പെലിസാരിയുമാണ് പ്രതിരോധ നിരയിലെ പ്രമുഖര്‍. ഘാന താരം റിച്ചാര്‍ഡ് ഗാഡ്‌സെയാണ് മുന്നേറ്റത്തില്‍ ഡെല്‍ഹിയുടെ കരുത്ത്. അഡ്രിയാന്‍ ഡുഡുവും മാര്‍സെലോ പെരേരയും ടീമിലെ മികച്ച സാന്നിധ്യമാണ്.

ഐഎസ്എല്‍ മൂന്നാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവും എട്ട സമനിലയും രണ്ട് പരാജയവുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സമ്പാദ്യം. കേരള ബ്ലാസ്റ്റേഴ്‌സ്, ഡല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ആദ്യ മത്സരം), എഫ്‌സി ഗോവ ടീമുകളോടായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ജയം.

ചെന്നൈയിന്‍ എഫ്‌സി (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി, എഫ്‌സി ഗോവ (ആദ്യ മത്സരം), ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ് (രണ്ടാം മത്സരം), എഫ്‌സി പൂനെ സിറ്റി ടീമുകള്‍ക്കെതിരെയായിരുന്നു സമനില. മുംബൈ സിറ്റി എഫ്‌സി (രണ്ടാം മത്സരം), പൂനെ സിറ്റി (ആദ്യ മത്സരം) ടീമുകളോടാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തോല്‍വി വഴങ്ങിയത്.

സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്‍ താരം ഫ്രാന്‍സിസ്‌കോ മൊലിനയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പരിശീലകന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം സീസണിലെ കിരീട ജേതാക്കള്‍ കൂടിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. ആരാധക പിന്തുണയില്‍ രണ്ടാം സ്ഥാനത്തുള്ള ഐഎസ്എല്‍ ടീം കൂടിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത.

ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ മുന്നേറ്റ നിരയിലെ ശ്രദ്ധേയ സാന്നിധ്യം. ഹ്യൂമിനൊപ്പം ഹെല്‍ഡര്‍ പോസ്റ്റിഗയും ചേരുന്ന ഇവരുടെ മുന്നേറ്റവും മികച്ചതാണ്. അര്‍ണാബ് മൊന്‍ഡാലും പ്രീതം കോട്ടായയുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ശ്രദ്ധേയരായ ഇന്ത്യന്‍ താരങ്ങള്‍.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈയില്‍ എഫ്‌സി, രണ്ടാം സ്ഥാനക്കാരായ എഫ്‌സ് ഗോവ, എഫ്‌സി പൂനെ സിറ്റി ടീമുകള്‍ നേരത്തെ തന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ നിന്നും പുറത്തായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്‌സി പൂനെ സിറ്റി ടീമുകളാണ് ഇത്തവണത്തെ സെമി ഫൈനല്‍ റൗണ്ട് കാണാതെ പുറത്ത് പോയ മറ്റ് ടീമുകള്‍.

Comments

comments

Categories: Sports