ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയാകാന്‍ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയാകാന്‍ ഇന്ത്യ

 

ന്യുഡെല്‍ഹി: യുഎസിനെ പിന്നിലാക്കി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയാകുമെന്നാണ് വേള്‍ഡ് പ്ലേയുടെ ഈ വര്‍ഷത്തെ ഗ്ലോബല്‍ പേമെന്റ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണി. 2020 ആകുന്നതോടെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 63.7 ബില്യണ്‍ യുഎസ് ഡോളറാകുമെന്നും 2034 ഓടെ ഇന്ത്യ യുഎസിനെ മറികടക്കുമെന്നുമാണ് അനുമാനിക്കുന്നതെന്ന് വേള്‍ഡ്‌പ്ലേ വൈസ് ചെയര്‍മാന്‍ റോണ്‍ കലിഫ അഭിപ്രായപ്പെട്ടു. ഓണ്‍ലൈനായി വിപണനം നടത്തുന്ന കമ്പനികള്‍ക്ക് ഇന്ത്യയില്‍ അനന്തസാധ്യതകളാണുള്ളത്. ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോണ്‍, ആലിബാബ തുടങ്ങിയയവര്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികളുമായി ഇപ്പോള്‍ തന്നെ രംഗത്തുണ്ട്.

ഇന്ത്യ, ചൈന, ഹോങ്കോംഗ്, മലേഷ്യ, തായ്‌വാന്‍, ദക്ഷിണകൊറിയ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെ 30 ഇ-കൊമേഴ്‌സ് വിപണികള്‍ വിശകലനം ചെയ്താണ് വേള്‍ഡ്‌പ്ലേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത നാലു വര്‍ഷക്കാലയളവില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 28 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നും 2034 ആകുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയാകുമെന്നുമാണ് പ്രവചനം. ഇന്ത്യയിലെ വന്‍ ജനസംഖ്യയും ഇന്റര്‍നെറ്റ്, മൊബീല്‍ ഫോണ്‍ ഉപയോഗവും ഇതിന് സഹായകമാകും. നാഷണല്‍ ഒപ്ടിക് നെറ്റ്‌വര്‍ക്ക് പോലുള്ള നവീന സാങ്കേതിക വിദ്യക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്ത്യ വലിയ തുക ചെലവാക്കുന്നുണ്ട്.

നിലവില്‍ 350 ദശഷലക്ഷം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണെന്നാണ് വേള്‍ഡ്‌പ്ലേയുടെ കണക്കുകള്‍. ഇത് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 600 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. മൊബീല്‍ ഫോണുകളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. രാജ്യത്തെ ഡാറ്റാ പ്ലാനുകള്‍ ചൈന, യുഎസ് എന്നിവിടങ്ങളിലേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ലഭ്യമാകുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്ത് വളരെ വര്‍ധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച ഇ-വാലറ്റ് പേ്‌മെന്റ് രീതി ഇന്ത്യയില്‍ അതിവേഗമാണ് സ്വീകരിക്കപ്പെടുന്നത്.

Comments

comments

Categories: Business & Economy