വിന്‍ഡ് പവര്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നഷ്ടമായേക്കും

വിന്‍ഡ് പവര്‍ പദ്ധതികള്‍ക്ക്  സര്‍ക്കാര്‍ ആനുകൂല്യം നഷ്ടമായേക്കും

 

കൊല്‍ക്കത്ത: സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി വിന്‍ഡ് പവര്‍ മേഖലയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം നേരിടുന്നതു മൂലം, നിര്‍മാണത്തിലിരിക്കുന്ന പല പദ്ധതികളിലും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയില്ല. ഒരു യൂണിറ്റിന് 50 പൈസയുടെ ഇളവാണ് സര്‍ക്കാര്‍ നല്‍കുന്നത്. പക്ഷേ, പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും-വിന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസേഴ്‌സ് വൈസ് പ്രസിഡന്റ് പരസ് ശര്‍മ്മ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടി മൂലം പല പദ്ധതികള്‍ക്കും കാലതാമസം നേരിടുകയാണ്.

അതിനാല്‍, സര്‍ക്കാര്‍ നല്‍കി വരുന്ന ആനൂകൂല്യം കൈപ്പറ്റാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് കമ്പനികള്‍-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശിലെയും ഗുജറാത്തിലെയും ചില പദ്ധതികള്‍ രണ്ടോ മൂന്നോ മാസങ്ങള്‍ പിന്നിലാണ്. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അനുവദിച്ചു കിട്ടിയാല്‍ പദ്ധതികളിന്മേലുള്ള സര്‍ക്കാര്‍ ആനുകൂല്യം കമ്പനികള്‍ക്ക് നഷ്ടമാകില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശിലെ 1,400 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയെ നോട്ട് അസാധുവാക്കല്‍ ബാധിച്ചിട്ടുണ്ട്. 800 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു പദ്ധതി കാലതാമസം നേരിടുന്നുമുണ്ട്-ഹിറോ ഫ്യൂച്ചേഴസ് എനര്‍ജി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സുനില്‍ ജെയ്ന്‍ പറഞ്ഞു.

തൊഴിലാളികളും ലോറി ഡ്രൈവര്‍മാരും പണ രൂപത്തില്‍ മാത്രമാണ് ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ പല പദ്ധതികളും ഇഴഞ്ഞു നീങ്ങുകയാണ്. ഗ്രാമീണ മേഖലയിലുള്ളവര്‍ സമാനമായ രീതിയില്‍ ഇടപാടുകള്‍ നടത്തുന്നതിനാല്‍ ഭൂമി ഏറ്റെടുക്കലും വളരെ പതുക്കെയാണ് നടക്കുന്നത്-ജെയ്ന്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy