ഐകിയ പെന്‍ഷന്‍ ഫണ്ടിലേക്ക് 108 മില്ല്യണ്‍ യൂറോ അനുവദിക്കും

ഐകിയ പെന്‍ഷന്‍ ഫണ്ടിലേക്ക് 108 മില്ല്യണ്‍ യൂറോ  അനുവദിക്കും

ന്യൂഡെല്‍ഹി: സ്വീഡിഷ് ഫര്‍ണിച്ചര്‍ റീട്ടെയ്ല്‍ ഭീമനായ ഐകിയ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലെ സഹ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ഈ വര്‍ഷം 108 മില്ല്യണ്‍ യൂറോ അനുവദിക്കും. 2016ലെ പെന്‍ഷന്‍ ഫണ്ടില്‍ ആഗോളതലത്തിലെ 1.85 ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടുമെന്ന് ഐകിയ വ്യക്തമാക്കി.
ഐകിയ ലോയല്‍റ്റി പ്രോഗ്രാമായ ടാക്കിനു കീഴിലാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതു പ്രകാരം ഐകിയ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരു തൊഴിലാളിക്ക് 1,40,219 രൂപ പെന്‍ഷന്‍ ഫണ്ടായി ലഭിക്കും- ഐകിയ ഇന്ത്യ എച്ച്ആര്‍ മാനേജര്‍ അന്ന കാരിന്‍ മാന്‍സണ്‍ അറിയിച്ചു. കമ്പനിയുടെ ഏറ്റവും വിലമതിക്കുന്ന മൂലധനമായി കണക്കാക്കിയിരിക്കുന്നത് സഹ ജീവനക്കാരെയാണ്. മികച്ച പ്രതിഭകളുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് നല്ല വിജയം കൊയ്യണമെങ്കില്‍ സന്തുഷ്ടരായ തൊഴിലാളികള്‍ ആവശ്യമാണ്. കമ്പനിയുടെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്കും വിജയത്തിനും ജീവനക്കാരോട് കടപ്പെട്ടിരിക്കുന്നു. -മാന്‍സണ്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം ഇന്ത്യയില്‍ ആദ്യത്തെ സ്‌റ്റോര്‍ തുടങ്ങുന്ന ഐകിയയ്ക്ക് നിലവില്‍ 300 തൊഴിലാളികളാണ് ഇവിടുള്ളത്. ഒരു വര്‍ഷം കൊണ്ട് 1,500 ഉം 2025ഓടു കൂടി 14,000 ഉം ആയി തൊഴിലാളികളുടെ എണ്ണം ഉയര്‍ത്താനാണ് കമ്പനിയുടെ നീക്കം. നിലവിലെ പെന്‍ഷന്‍ കൂടാതെ, വര്‍ഷംതോറും അധിക ആനുകൂല്യവും ഐകിയ ഗ്രൂപ്പ് തൊഴിലാളികള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതിനു പുറമെ, അഞ്ച് വര്‍ഷമോ അതിലധികമോ ഐകിയയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ഒരു തൊഴിലാളിക്ക് വേതനത്തിന് അനുസരിച്ചോ പദവിക്ക് അനുസരിച്ചോ ഒരു തുക ലഭിക്കും. അതേസമയം, ജോലി ചെയ്ത സമയത്തിന് അനുസൃതമായിട്ടായിരിക്കും പാര്‍ട് ടൈം് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുക. 2014 സാമ്പത്തിക വര്‍ഷം മുതല്‍ ടാക് പ്രോഗ്രാമിനു വേണ്ടി 413 മില്ല്യണ്‍ യൂറോ ഐകിയ മാറ്റിവെച്ചിട്ടുണ്ട്.

Comments

comments

Categories: Branding