ജിഎസ്ടി: വി-വിഎംപി കേന്ദ്ര സര്‍ക്കാരിന് 16,000 കോടിയുടെ ബാധ്യത വരുത്തും

ജിഎസ്ടി:  വി-വിഎംപി കേന്ദ്ര സര്‍ക്കാരിന് 16,000 കോടിയുടെ ബാധ്യത വരുത്തും

 

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുത്തുന്നതോടെ വളണ്ടറി വെഹ്ക്കിള്‍ മോഡേണൈസേഷന്‍ പ്രോഗ്രാം (വി-വിഎംപി) കേന്ദ്ര സര്‍ക്കാരിന് 16,000 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെച്ചേക്കും. മലിനീകരണമുണ്ടാക്കുന്ന പഴയ ട്രക്കുകള്‍ നിരത്തുകളില്‍നിന്ന് പിന്‍വലിക്കുന്നതിന് വളണ്ടറി വെഹ്ക്കിള്‍ മോഡേണൈസേഷന്‍ പ്രോഗ്രാം (വി-വിഎംപി) അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നതാണ് കാരണം.

നേരത്തെ പഴയ വാഹനം മാറ്റി പുതിയവ വാങ്ങുന്നതിനായി ഉടമകള്‍ക്ക് ഇന്‍സെന്റീവുകളില്‍ എക്‌സൈസ് റിബേറ്റാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ എക്‌സൈസ് ഡ്യൂട്ടി ജിഎസ്ടിക്കുകീഴില്‍ വരുന്നതോടെ മലിനീകരണം സൃഷ്ടിക്കുന്ന പഴയ ഹെവി വാഹനം മാറ്റി പുതിയവ വാങ്ങുന്നതിന് ഉടമയ്ക്ക് 50,000-60,000 രൂപ കാഷ് ഇന്‍സെന്റീവ് അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ രാജ്യത്തെ ആകെ വാഹനസംഖ്യയുടെ 2.5 ശതമാനം മാത്രമേ വരുന്നുള്ളൂവെങ്കിലും വാഹനങ്ങള്‍ മൂലമുണ്ടാകുന്ന ആകെ അന്തരീക്ഷ മലിനീകരണത്തിന്റെ 65 ശതമാനവും ഇവയാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല, രാജ്യത്തിന്റെ ഇന്ധന ആവശ്യകതയിലും ഈ ഹെവി കമേഴ്‌സ്യല്‍ വാഹനങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. കാഷ് ഇന്‍സെന്റീവ് എന്ന പുതിയ നിര്‍ദ്ദേശത്തിന് പാത, ഉരുക്ക്, ധന, ഘനവ്യവസായ, പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിമാരടങ്ങുന്ന സമിതിയുടെ അനുമതിയാണ് ഇനി വേണ്ടത്.

15 വര്‍ഷത്തിലധികം പഴക്കമുള്ള 2.7 മില്യണ്‍ ട്രക്കുകളാണ് രാജ്യത്തുള്ളത്. ഇവയില്‍ പല വാഹനങ്ങളും ഇതിനകം തന്നെ തുരുമ്പെടുത്തുകഴിഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍വിലയിരുത്തുന്നു. വി-വിഎംപി പദ്ധതിയനുസരിച്ച് നേരത്തെ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കിക്കൊടുത്തിരുന്നു. 2005 മാര്‍ച്ച് 31ന് മുമ്പ് വാങ്ങിയതോ ബിഎസ് 4 നിലവാരത്തിന് താഴെയുള്ളതോ ആയ വാഹനങ്ങള്‍ക്കാണ് വി-വിഎംപി ആനുകൂല്യത്തിന് അര്‍ഹതയുള്ളത്.

Comments

comments

Categories: Business & Economy