ഭീകരവാദ ഉള്ളടക്കങ്ങള്‍: ഫേസ്ബുക്, ട്വിറ്റര്‍, യൂട്യൂബ്, മൈക്രോസോഫ്റ്റ് എന്നിവ ഡാറ്റാബേസ് പങ്കിടും

ഭീകരവാദ ഉള്ളടക്കങ്ങള്‍:  ഫേസ്ബുക്, ട്വിറ്റര്‍, യൂട്യൂബ്, മൈക്രോസോഫ്റ്റ് എന്നിവ ഡാറ്റാബേസ് പങ്കിടും

 

ന്യൂയോര്‍ക് : ഓണ്‍ലൈനിലെ ഭീകരതയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഷെയേര്‍ഡ് ഡാറ്റാബേസ് തയാറാക്കുമെന്ന് ടെക്‌നോളജി അതികായരായ ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവ അറിയിച്ചു. യുവാക്കളെ ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിന് ഇതിലൂടെ കഴിയുമെന്നാണ് ഈ കമ്പനികള്‍ കരുതുന്നത്.

ഷെയേര്‍ഡ് ഡാറ്റാബേസ് വഴി ഭീകരതയ്ക്ക് അനുകൂലമായ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയുന്നതിനും അവരവരുടെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യുന്നതിനും കഴിയുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയതായി ‘ടെക് ക്രഞ്ച്’ റിപ്പോര്‍ട്ട് ചെയ്തു. യുണീക് ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ചാണ് ഭീകരവാദ ഉള്ളടക്കങ്ങള്‍ നശിപ്പിക്കുക. ഭീകര സംഘടനകളുടെ സന്ദേശങ്ങളും റിക്രൂട്ട്‌മെന്റ് വീഡിയോകളും മറ്റും നീക്കം ചെയ്യുന്നതിന് ഷെയേര്‍ഡ് ഇന്‍ഡസ്ട്രി ഡാറ്റാബേസ് (യുണീക് ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റുകള്‍) തയാറാക്കാന്‍ തീരുമാനിച്ചതായി ഈ കമ്പനികളുടെ സംയുക്ത പ്രസ്താവന പറയുന്നു.

കൂട്ടായ്മയിലെ കമ്പനികള്‍ക്ക് ഭീകരവാദ സംബന്ധിയായ ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും ഹാഷുകള്‍ ഡാറ്റാബേസില്‍ ചേര്‍ക്കാന്‍ കഴിയും. മറ്റ് കമ്പനികള്‍ക്ക് ഈ ഹാഷുകള്‍ ഉപയോഗിച്ച് സമാനമായ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കുകയും കണ്ടെത്തിയാല്‍ നീക്കം ചെയ്യുകയുമാവാം. കൂടാതെ ഏത് ചിത്ര-ദൃശ്യത്തിന്റെ ഹാഷ് ആണ് ഷെയേര്‍ഡ് ഡാറ്റാബേസുമായി പങ്കുവെക്കേണ്ടതെന്ന് കൂട്ടായ്മയിലെ കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കുകയും ചെയ്യാം.

ഷെയേര്‍ഡ് ഹാഷുമായി സാമ്യം തോന്നിയാല്‍ കൂട്ടായ്മയിലെ ഓരോ കമ്പനിക്കും ഭീകരതക്കെതിരായ തങ്ങളുടെ നയങ്ങളും നിര്‍വചനങ്ങളും അനുസരിച്ച് ഉള്ളടക്കം നീക്കം ചെയ്യാമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. സൈബര്‍ മേഖലയിലെ സമാനമനസ്‌കരായ കമ്പനികളെ കൂട്ടായ്മയിലേക്ക് ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories